ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന അധ്യായവും തൊഴിലാളിവർഗ മുന്നേറ്റത്തിലെ വീരേതിഹാസവുമായ പുന്നപ്ര–വയലാർ വിപ്ലവ പോരാട്ടത്തിന്റെ എഴുപത്തിരണ്ടാം വാർഷിക വാരാചരണത്തിന‌് ശനിയാഴ‌്ച തുടക്കം. ദിനാചരണത്തിന‌് തുടക്കംക്കുറിച്ച‌് സി എച്ച് കണാരൻ ദിനമായ ശനിയാഴ‌്ച വലിയ ചുടുകാട്ടിലും പുന്നപ്ര രക്തസാക്ഷി നഗറിലും ചെങ്കൊടി ഉയരും. സമരകേന്ദ്രങ്ങളായിരുന്ന അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ വിവിധയിടങ്ങളിലും പതാക ഉയരും. സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിലാണ‌് വാരാചരണം.
പതാക– കൊടിമരജാഥകൾ, രക്തപതാക ഉയർത്തൽ, സെമിനാർ, പ്രഭാഷണങ്ങൾ, സാംസ‌്കാരിക സമ്മേളനം, കലാ–സാഹിത്യമത്സരങ്ങൾ, കലാപരിപാടികൾ, പുഷ‌്പാർച്ചന റാലി, ദീപശിഖാപ്രയാണം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
പുന്നപ്ര–വയലാർ രക്തസാക്ഷി കാക്കിരിയിൽ കരുണാകരന്റെ വസതിയിൽ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയായും രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വസതിയിൽ നിന്നു ഇരുചക്രവാഹനറാലിയായും വലിയ ചുടുകാട് രക്തസാക്ഷി സ‌്മാരകത്തിൽ ശനിയാഴ‌്ച വൈകിട്ട് അഞ്ചോടെ ചെങ്കൊടി എത്തിക്കും. പുന്നപ്ര വയലാർ സമരസേനാനി പി കെ മേദിനി രണ്ടു പതാകകളും ഉയർത്തും.
പുന്നപ്ര രക്തസാക്ഷി നഗറിൽ വാരാചരണകമ്മിറ്റി പ്രസിഡന്റ‌് ഇ കെ ജയൻ പതാക ഉയർത്തും. വലിയ ചുടുകാട്ടിൽ വൈകിട്ട് ആറിന‌് സി എച്ച് കണാരൻ അനുസ‌്മരണ സമ്മേളനം ചേരും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഞായറാഴ്ച രാവിലെ പതാക ഉയരും.
പുന്നപ്ര രക്തസാക്ഷി ദിനമായ 23ന‌് പകൽ 11ന‌് പുന്നപ്ര സമരഭൂമിയിൽ പുഷ‌്പാർച്ച നടക്കും. വൈകിട്ട‌് അഞ്ചിന‌് പറവൂർ രക്തസാക്ഷിനഗറിൽ പൊതുസമ്മേളനം വി എസ‌് അച്യുതാനന്ദൻ ഉദ‌്ഘാടനം ചെയ്യും.
ഇരുപത്തിയഞ്ചിനു മേനാശേരി ദിനവും 26ന‌് മാരാരിക്കുളം രക്തസാക്ഷി ദിനവും ആചരിക്കും. വാരാചരണത്തിന‌് സമാപനം കുറിച്ച‌് വയലാർ രക്ഷസാക്ഷിദിനമായ 27ന‌് പൊതുസമ്മേളനവും പ്രകടനവും പുഷ‌്പാർച്ചനയും നടക്കും. വിപ്ലവകവി വയലാർ രാമവർമ അനുസ‌്മരണവും 27നു നടക്കും.
from Kerala || Deshabhimani Online News https://ift.tt/2PaclTU
via IFTTT
No comments:
Post a Comment