കണ്ണൂർ
കൊക്കുരുമ്മുന്ന സ‌്നേഹപ്പക്ഷികളും ചില്ലുകൂട്ടിൽ നീന്തുന്ന സ്വർണമത്സ്യങ്ങളും കുട്ടികൾക്കൊപ്പം ഓടിക്കളിക്കുന്ന പോമറേനിയൻ നായ‌്ക്കളും മിക്ക വീടുകളിലെയും കാഴ‌്ചകളാണ‌്. ഇനി ഇവയെ വിൽക്കാനും വാങ്ങാനും കടമ്പകളേറും. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ പെറ്റ‌്ഷോപ്പ‌് ചട്ടങ്ങൾ പരിഷ‌്കരിച്ച‌് കേന്ദ്രസർക്കാരിന്റെ വിജ്ഞാപനമിറങ്ങി. ചട്ടത്തിലെ നിബന്ധനകൾ മേഖലയിലെ ചെറുകിട സംരംഭകർക്ക‌് താങ്ങാൻ കഴിയില്ലെന്നാണ‌് ആക്ഷേപം.
പരിശീലനം ലഭിച്ച വിദഗ‌്ധരാവണം പെറ്റ‌്ഷോപ്പിലെ ജീവനക്കാർ, ചികിത്സയ‌്ക്ക‌് വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം, മൃഗങ്ങളെയും പക്ഷികളെയും വാങ്ങുന്നവർക്ക‌് പരിപാലനത്തെക്കുറിച്ചുള്ള ലഘുലേഖ നൽകണം, എല്ലാ മൃഗങ്ങളുടെയും പ്രതിരോധ കുത്തിവയ‌്പ്പ‌് ഉൾപ്പടെയുള്ള വിവരം രേഖപ്പെടുത്തിയ ഹെൽത്ത‌് റെക്കോർഡ‌് സൂക്ഷിക്കണം എന്നീ നിബന്ധനകളുണ്ട‌്. മൃഗങ്ങളെ നൽകിയ ബ്രീഡറുടെ വിവരങ്ങൾ, വാങ്ങിയവരുടെ വിവരങ്ങൾ, ചത്തുപോയവയുടെ വിവരങ്ങൾ എന്നീ മൂന്നുരേഖകൾ നിർബന്ധമായും സൂക്ഷിക്കണം. രജിസ‌്റ്റർ ചെയ‌്ത ബ്രീഡർമാരിൽനിന്നു മാത്രമേ ഇവയെ വാങ്ങി വിൽപന ചെയ്യാൻ പാടുള്ളൂ. ഇറക്കുമതി ചെയ‌്തവയാണെങ്കിൽ രേഖകൾ നിർബന്ധം. പെറ്റ‌്ഷോപ്പുകളിൽ നാല‌് മാസത്തിൽ കൂടുതൽ പ്രായമുള്ള നായ‌്ക്കൾക്കും മറ്റും വ്യായാമത്തിന‌് സൗകര്യമൊരുക്കണം. വെറ്ററിനറി ഡോക്ടർമാർ മൃഗങ്ങളെ പരിശോധിച്ചശേഷം നൽകുന്ന സർട്ടിഫിക്കറ്റോടെ മാത്രമേ ഇവയെ വിൽക്കാൻ പാടുള്ളു. എല്ലാ വിവരങ്ങളും പെറ്റ‌്ഷോപ്പിൽ പ്രദർശിപ്പിക്കുകയും വേണം.
വൈദ്യുതി, കുടിവെള്ളം എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്ന കെട്ടിടങ്ങളിൽ മാത്രമാണ‌് പെറ്റ‌്ഷോപ്പ‌് തുടങ്ങാനാകുക. മൃഗങ്ങൾക്ക‌് അടിസ്ഥാനസ്വഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള സൗകര്യം ഒരുക്കണം. തീറ്റ, താപനില എന്നിവയെല്ലാം ഓരോ ഇനത്തിന്റെയും പ്രത്യേകതയ‌്ക്ക‌് അനുസരിച്ചാകണം. കശാപ്പുശാലകളുടെയും ഫാക്ടറുകളുടെയും പരിസരത്ത‌് പെറ്റ‌്ഷോപ്പ‌് തുടങ്ങരുത‌്. പെറ്റ‌്ഷോപ്പിന‌് പുറത്ത‌് ഇവയെ പ്രദർശിപ്പിക്കാൻ പാടില്ല. പരിപാലനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും ഇവിടെ വിൽക്കാൻ പാടില്ല.
ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന‌് സംസ്ഥാന മൃഗസംരക്ഷണബോർഡ‌്, സൊസൈറ്റി ഫോർ പ്രിവൻഷ്യൻ ഓഫ‌് ക്രൂവൽറ്റി എഗൈൻസ‌്റ്റ‌് അനിമൽസ‌് (എസ‌്പിസിഎ) ചുമതലപ്പെടുത്തുന്ന പ്രതിനിധി എന്നിവർക്ക‌് പരിശോധന നടത്താൻ അധികാരമുണ്ടായിരിക്കും.
കേന്ദ്രവനം മന്ത്രാലയമാണ‌് സെപ‌്തംബർ ആറിന‌് ചട്ടങ്ങളും വ്യവസ്ഥകളും പുതുക്കി വിജ്ഞാപനം ഇറക്കിയത‌്. 2016 ഡിസംബറിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച‌് ഭേദഗതി ചെയ‌്താണ‌് അന്തിമവിജ്ഞാപനം. വ്യവസ്ഥകൾ മൃഗക്ഷേമത്തിൽ ഊന്നിയുള്ളതാണെങ്കിലും ഇത‌് ഈ മേഖലയിലെ ചെറുകിടക്കാരെ രംഗം വിടാൻ പ്രേരിപ്പിക്കുമെന്നാണ‌് ആശങ്ക. വലിയ വിൽപനശൃംഖലയുള്ള കോർപറേറ്റുകൾക്ക‌് മാത്രമാണ‌് നിബന്ധനകൾ പൂർണമായും നടപ്പാക്കാൻ സാധിക്കൂ.
കേരളത്തിൽ വീട്ടമ്മമാരും സ‌്കൂൾ വിദ്യാർഥികളും ഉൾപ്പടെ നിരവധി പേരുടെ വരുമാനമാർഗമാണ‌് അരുമപ്പക്ഷികളുടെയും ഓമനമൃഗങ്ങളുടെയും വിൽപന. ചെറുകിടക്കാർക്ക‌് ഇളവ‌് നൽകിയില്ലെങ്കിൽ ഒരുവിഭാഗം സാധാരണക്കാരുടെ വരുമാനമാർഗത്തിന്റെ ചിറകരിയുന്നതാകും പുതിയ വ്യവസ്ഥകൾ.
from Kerala || Deshabhimani Online News https://ift.tt/2PLjDuo
via IFTTT
No comments:
Post a Comment