തിരുവനന്തപുരം > പുതിയ ഈണങ്ങൾക്ക‌് കാതോർത്ത മനസുകളെയും ചടുലചലനങ്ങൾക്ക‌് കാത്തുനിന്ന വേദികളെയും അനാഥമാക്കി വയലിൻ മാന്ത്രികൻ യാത്രയായി. വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ‌് ചികിത്സയിലായിരുന്ന സംഗീതജ്ഞൻ ബാലഭാസ‌്കർ (40) ചൊവ്വാഴ‌്ച പുലർച്ചെ 12.50നാണ‌് മരിച്ചത‌്. സംസ‌്കാരം സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ‌്ച രാവിലെ പത്തിന‌് തൈക്കാട‌് ശാന്തികവാടത്തിൽ.
ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം യൂണിവേഴ‌്സിറ്റി കോളേജിൽ പൊതുദർശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ‌്സിറ്റി കോളേജിൽ അന്ത്യോപചാരമർപ്പിച്ചു. ബാലഭാസ‌്കറിന്റെ ജൈത്രയാത്രയ‌്ക്ക‌് ഉൗർജം പകർന്ന കോളേജിൽ യാത്രാമൊഴിയേകാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകളെത്തി. കലാഭവൻ തിയറ്ററിലും നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന‌് പൂജപ്പുരയിലെ വസതിയായ ‘ഹിരൺമയ’യിലേക്ക‌് കൊണ്ടുപോയി.
1978 ജൂലൈ പത്തിന‌് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായാണ‌് ജനനം. യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ബിരുദ, ബിരുദാനന്തര പഠനം.മാർ ഇവാനിയോസിൽ പ്രീഡിഗ്രി രണ്ടാംവർഷം പഠിക്കുമ്പോഴാണ‌് ‘മംഗല്യപല്ലക്ക‌്’ സിനിമയ‌്ക്ക‌് സംഗീതം നിർവഹിച്ചത‌്. ഇതിലൂടെ മലയാളത്തിലെ പ്രായംകുറഞ്ഞ സംഗീത സംവിധായകരിലൊരാളായി. യൂണിവേഴ‌്സിറ്റി കോളേജിലെ പഠനകാലത്ത‌് കൺഫ്യൂഷൻ എന്ന പേരിൽ സംഗീത ബാൻഡ് രൂപീകരിച്ചു. ഇലക്ട്രിക് വയലിൻ കേരളത്തിന‌് പരിചിതമാക്കിയതും ബാലഭാസ‌്കറാണ‌്. കർണാടക സംഗീതത്തിൽ ശക്തമായ അടിത്തറയുള്ള ബാലഭാസ‌്കർ പാശ്ചാത്യസംഗീതത്തിലും മികവ‌് തെളിയിച്ചു. കർണാടക സംഗീതവും പാശ്ചാത്യസംഗീതവും വിദഗ‌്ധമായി സമന്വയിപ്പിച്ച ഫ്യൂഷനുകൾ ആസ്വാദകർ ഹൃദയത്തിലേറ്റി. കണ്ണാടിക്കടവത്ത‌്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നീ സിനിമകൾക്കും സംഗീതം നിർവഹിച്ചു. ഹിന്ദി, തമിഴ‌്, തെലുങ്ക‌് സിനിമകൾക്കും സംഗീതം ഒരുക്കി. നിനക്കായ‌്, ആദ്യമായ‌് ഉൾപ്പെടെ നിരവധി ആൽബങ്ങളും പുറത്തിറക്കി. 2008ലെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ‌്താദ‌് ബിസ‌്മില്ലാഖാൻ യുവസംഗീതജ്ഞ പുരസ‌്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി.
സെപ‌്തംബർ 25ന‌് തിരുവനന്തപുരം പള്ളിമുക്കിൽ ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ‌് അപകടമുണ്ടായത‌്. അപകടത്തിൽ ഏകമകൾ ഒന്നരവയസ്സുകാരി തേജസ്വിനി ബാല മരിച്ചു. ഗുരുതര പരിക്കേറ്റ ഭാര്യ ലക്ഷ‌്മി വെന്റിലേറ്ററിലാണ‌്. ഡ്രൈവർ അർജുനൻ ഐസിയുവിലും. മീരയാണ‌് ഏക സഹോദരി.
from Kerala || Deshabhimani Online News https://ift.tt/2Owj8XN
via IFTTT
No comments:
Post a Comment