തിരുവനന്തപുരം
രമേശ‌് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ അഞ്ച‌് ഏക്കർ ഭൂമി സ്വകാര്യ ട്രസ്റ്റിന‌് പതിച്ചുനൽകാൻ തീരുമാനിച്ചതിനെ കുറിച്ച‌് വിജിലൻസ‌് അന്വേഷണം. അൺ എയ‌്ഡഡ‌് സ‌്കൂളിനുവേണ്ടി ചിന്താലയ ആശ്രമ ട്രസ്റ്റ‌് എന്ന സ്ഥാപനത്തിന‌് ഭൂമി പതിച്ചുനൽകിയത‌് ചട്ടം ലംഘിച്ചാണെന്നുകാണിച്ച‌് മുഖ്യമന്ത്രി പിണറായി വിജയന‌് ലഭിച്ച പരാതിയാണ‌് വിജിലൻസ‌് ഡയറക്ടർക്ക‌് കൈമാറിയത‌്.
ജയിൽ ഡിജിപിയുടെയും റവന്യൂ, ധനവകുപ്പുകളുടെയും എതിർപ്പ‌് അവഗണിച്ചാണ‌് 2015 ജൂലൈ 21 ന്റെ മന്ത്രിസഭായോഗം ഭൂമി 30 വർഷത്തേക്ക‌് പാട്ടത്തിന‌് നൽകാൻ തീരുമാനിച്ചത‌്. നിയമവകുപ്പിന്റെ അനുമതിയുണ്ടെന്ന‌് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ‌് ചെന്നിത്തല മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
ജയിൽ ഡിജിപിയുടെ കത്ത‌് പൂഴ‌്ത്തി
ജയിൽഭൂമി വിട്ടുകൊടുത്ത മന്ത്രിസഭാതീരുമാനം പുനഃപരിശോധിക്കണമെന്ന‌് ആവശ്യപ്പെട്ട‌് 2015 ഡിസംബർ 28ന‌് ജയിൽ ഡിജിപി, ആഭ്യന്തര സെക്രട്ടറി മുഖേന നൽകിയ കത്ത‌് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല മൂന്നുമാസം പൂഴ‌്ത്തി. ജയിൽഭൂമി അന്യാധീനപ്പെടാൻ മന്ത്രിതന്നെ ഒത്താശ ചെയ‌്തതായി ഇതിൽനിന്ന‌് വ്യക്തമാണ‌്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി പാട്ടത്തിന‌് നൽകി 2015 ആഗസ‌്ത‌് 22ന‌് റവന്യൂ വകുപ്പ‌് ഉത്തരവിറക്കി.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വിശ്വാസ‌് മേത്ത പുറപ്പെടുവിച്ച ഉത്തരവ‌് പ്രകാരം കലക്ടർ തുടർനടപടി ആരംഭിച്ചപ്പോഴാണ‌് തീരുമാനം പുനഃപരിശോധിക്കണമെന്ന‌് ജയിൽ ഡിജിപി കത്ത‌് നൽകിയത‌്. മന്ത്രിസഭാതീരുമാനം പുനഃപരിശോധിക്കണമെന്ന അപേക്ഷ തീർപ്പാകും വരെ തുടർനടപടി സ്വീകരിക്കരുതെന്ന‌് ആവശ്യപ്പെട്ട‌് 2016 മാർച്ച‌് മൂന്നിന‌് തുറന്ന ജയിൽ സൂപ്രണ്ട‌് നെയ്യാറ്റിൻകര തഹസിൽദാർക്ക‌് കത്ത‌് നൽകി. എന്നാൽ, ഇതെല്ലാം അവഗണിച്ച‌് പാട്ടത്തുക ഈടാക്കാൻ ആഭ്യന്തരവകുപ്പിൽനിന്ന‌് രഹസ്യനിർദേശം നൽകി.
അന്വേഷണസാധ്യത ചെന്നിത്തല തള്ളി
സ്വകാര്യ ട്രസ്റ്റിന‌് ഭൂമി കൈമാറുന്നത‌് വിജിലൻസ‌് കേസ‌് പോലും ഉണ്ടാക്കാൻ ഇടവരുത്തുമെന്ന നിയമവകുപ്പിന്റെ അഭിപ്രായം മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും വിജിലൻസ‌് വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി രമേശ‌് ചെന്നിത്തല തന്നെ അത‌് തള്ളി. 2015 ജൂലൈ 14ന‌് അന്നത്തെ ചീഫ‌് സെക്രട്ടറി ജിജി തോംസൺ അംഗീകരിച്ച മന്ത്രിസഭയ‌്ക്കുള്ള കുറിപ്പിലാണ‌് വിജിലൻസ‌് അന്വേഷണസാധ്യതയെ കുറിച്ച‌് പറഞ്ഞിട്ടുള്ളത‌്.
ആഭ്യന്തരവകുപ്പ‌് 2009 ഒക്ടോബർ 30ന‌് നൽകിയ കത്തിൽ ജയിൽവകുപ്പിന്റെ ഭൂമി മറ്റ‌് ആവശ്യത്തിന‌് നൽകാൻ പാടില്ലെന്ന‌് പറഞ്ഞിട്ടുണ്ടെന്ന നിയമവകുപ്പിന്റെ അഭിപ്രായവും മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പിലുണ്ടായിരുന്നു.
ലാൻഡ‌് റവന്യൂ കമീഷണറുടെയും ജയിൽ ഡിജിപിയുടെയും വിയോജിപ്പും ഇക്കാര്യത്തിൽ മുമ്പ‌് ഉണ്ടായിട്ടുള്ള മന്ത്രിസഭാ തീരുമാനങ്ങളും കണക്കിലെടുത്ത‌് മാത്രമേ തീരുമാനം എടുക്കാൻ കഴിയൂവെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. റവന്യൂമന്ത്രി മുഖേന ഫയൽ വീണ്ടും ആഭ്യന്തരമന്ത്രിക്ക‌് സമർപ്പിച്ചു. 1964ലെ ഭൂമി പതിവ‌് ചട്ടത്തിന്റെ നിബന്ധനകളിൽ ഇളവ‌് വരുത്താമെന്ന‌് നിയമവകുപ്പ‌് ഉപദേശം നൽകിയിട്ടുണ്ടെന്ന‌് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി അടിയന്തര നടപടിക്ക‌് നിർദേശം നൽകിയതായാണ‌് മന്ത്രിസഭ മുമ്പാകെ സമർപ്പിച്ച രേഖയിൽ പറയുന്നത‌്.
നിയമവകുപ്പ‌് ശുപാർശ ചെയ‌്തില്ല
1964ലെ ഭൂമി പതിവ‌് നിയമത്തിലെ ചട്ടം 24 പ്രകാരം പൊതു താൽപ്പര്യത്തിനുവേണ്ടി നിബന്ധനകളിൽ ഇളവ‌് നൽകി ഭൂമി പതിച്ചുനൽകാൻ സർക്കാരിന‌് അധികാരമുണ്ടെന്നാണ‌് നിയമവകുപ്പ‌് രേഖപ്പെടുത്തിയ അഭിപ്രായം.
ഇത‌് ദുർവ്യാഖ്യാനം ചെയ‌്താണ‌് അടിയന്തര നടപടിയെടുക്കാൻ ചെന്നിത്തല ഉത്തരവിട്ടത‌്. പൊതു ആവശ്യത്തിന‌് സർക്കാർ ഭൂമി വിട്ടുകൊടുക്കാമെന്ന വ്യവസ്ഥ സ്വകാര്യ ട്രസ്റ്റിന‌് എങ്ങനെ ബാധകമാകുമെന്നതാണ‌് ചോദ്യം. ഭൂമി പതിവ‌് ചട്ടങ്ങളിലെ ചട്ടം 24 വിനിയോഗിക്കത്തക്ക പൊതുതാൽപ്പര്യം ഇവിടെയുണ്ടോയെന്ന വിഷയവും ഭരണവകുപ്പ‌് പരിശോധിക്കണമെന്ന‌് മന്ത്രിസഭ മുമ്പാകെ വന്ന കുറിപ്പിലുണ്ടായിരുന്നു.
ലാൻഡ‌് റവന്യൂ കമീഷണറും കലക്ടറും നെട്ടുകാൽത്തേരി തുറന്ന ജയിൽവളപ്പിൽനിന്ന‌് രണ്ട‌് ഹെക്ടർ ചിന്താലയ ആശ്രമ ട്രസ്റ്റിന‌് അനുവദിക്കണമെന്ന‌് ശുപാർശ ചെയ‌്തിട്ടില്ലെന്നും ചീഫ‌് സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2IHFjVt
via IFTTT
No comments:
Post a Comment