കൊച്ചി
പൊലീസ് ആസ്ഥാനത്ത‌് ഡിജിപിയെ കാണാനെത്തുന്നവരെ സ്വീകരിക്കാൻ റോബോട്ടെത്തുന്നു. റിസപ്ഷനിസ്റ്റിന്റെ ചുമതല റോബോട്ടിന് നൽകാനാണ് തീരുമാനം. ഡിജിപിയെ കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. മോഹൻലാലിന്റെ ശബ്ദത്തിലായിരിക്കും റോബോട്ടുകൾ സംസാരിക്കുക. രണ്ടു മാസത്തിനകം റോബോട്ടുകൾ നിലവിൽ വരും.
മുൻകൂട്ടി ഇൻസ്റ്റാൾചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് ക്രിമിനൽപശ്ചാത്തലമുണ്ടോയെന്ന് മനസ്സിലാക്കാനും ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനും ഈ റോബോട്ടിനു ശേഷിയുണ്ടാകും. മനുഷ്യനേക്കാൾ കൃത്യതയാർന്ന സേവനം നൽകാൻ റോബോട്ടിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ നിർമാണച്ചുമതല ടാറ്റ കൺസൾട്ടൻസി സർവീസസ് റോബോട്ടിക്സ് ആൻഡ് കോഗ്നെറ്റീവ് സിസ്റ്റംസ് ഗ്ലോബൽ ഹെഡ് റോഷി ജോണിനെ ഏൽപ്പിച്ചതായി ഡിജിപി ലോക‌്‌നാഥ‌് ബെഹ്റ പറഞ്ഞു.
മയക്കുമരുന്നുകടത്തുകാരെ പിടികൂടാനായി ഡ്രഗ് ഡിറ്റക്ഷൻ റോബോയെ ഉപയോഗപ്പെടുത്താനും നീക്കം ശക്തമാണ്. വിമാനത്താവളങ്ങളിലടക്കം റോബോർട്ടിന്റെ സേവനം ലഭ്യമാക്കും. നൂറിലധികം മയക്കമരുന്നുകളാണ് നിലവിലുള്ളത്. ഇത് ഏതൊക്കെയാണെന്ന് ഏറെ സമയമെടുത്താണ് തിരിച്ചറിയുന്നത്. റോബോട്ട് വരുന്നതോടെയിത് അനായാസമായി തിരിച്ചറിയാൻ കഴിയും. മയക്കുമരുന്നുകടത്തുന്നവരുടെ മനോനില സാധാരണ ആളുകളിൽനിന്നും വ്യത്യസ്തമായിരിക്കും. ഇത് തിരിച്ചറിയാനുള്ള ശേഷിയും റോബോട്ടിനുണ്ടാകും.
ആരോഗ്യമേഖലയിൽവരെ എത്തിയിട്ടുള്ള റോബോട്ടുകളുടെ സേവനം ഫലപ്രദമായി പൊലീസിലും ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ട്രാഫിക് നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ റോബോട്ടുകൾക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നും ഡിജിപി പറഞ്ഞു. ബോംബ് തുടങ്ങിയ സ്ഫോടകവസ്തുക്കൾ തിരിച്ചറിയാൻശേഷിയുള്ള 10 സ്നിഫർ ഡോഗുകളെക്കൂടി വാങ്ങാൻ തീരുമാനമായതായും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2zVD3XT
via IFTTT
No comments:
Post a Comment