വയലാർ
സാമ്രാജ്യത്വം കെട്ടിയുയർത്തിയ കോട്ടകളും ജന്മിത്വത്തിന്റെ ചങ്ങലക്കെട്ടുകളും വർഗബോധം പകർന്നുനൽകിയ കരുത്തിൽ തകർത്തെറിഞ്ഞ് വാരിക്കുന്തം കൈയിലുയർത്തിയ വയലാറിന്റെ മടിത്തട്ട് രക്തസാക്ഷിത്വത്തിന്റെ അമരസ‌്മരണകളിൽ ഒരിക്കൽക്കൂടി ചുവന്നുതുടുത്തു. രക്തസാക്ഷി ഗ്രാമമായ വയലാറിൽ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് വർഗസമരത്തിന്റെ പതാകവാഹകരായെത്തിയ പതിനായിരങ്ങൾ രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യമർപ്പിച്ചു. വയലാർ രക്തസാക്ഷിദിനാചരണത്തോടെ 72–ാമത‌് പുന്നപ്ര–വയലാർ വാർഷികവാരാചരണത്തിന‌് ശനിയാഴ‌്ച കൊടിയിറങ്ങി.
ഏതൊരു മനുഷ്യന്റെയും സിരകളിൽ വിപ്ലവാവേശത്തിന്റെ അഗ്നി പടർത്തുന്ന വികാരനിർഭരമായ രംഗങ്ങൾക്കാണ‌് നാടിനുവേണ്ടി പൊരുതിമരിച്ചവരുടെ അമരസ‌്മരണ പുതുക്കിയ വയലാർ ശനിയാഴ‌്ച സാക്ഷ്യംവഹിച്ചത്. രാവിലെമുതൽ ഒഴുകിയെത്തിയ നാനാതുറകളിലുള്ളവരുടെ കണ്‌ഠങ്ങളിൽനിന്ന‌് രക്തസാക്ഷിത്വത്തിന്റെ അമരത്വം വിളിച്ചോതുന്ന മുദ്രാവാക്യങ്ങൾ ഉയർന്നുപൊങ്ങവേ വയലാർ വീണ്ടും രണസ‌്മരണയിൽ ജ്വലിച്ചുയർന്നു. പുതിയ കേരളത്തിലെ സമത്വത്തിന്റെയും നീതിയുടെയും പതാകവാഹകരായ വിദ്യാർഥികളും യുവാക്കളുംമുതൽ കർഷകത്തൊഴിലാളികളും കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും വരെയുള്ളവർ രണധീരർക്ക‌് അഭിവാദ്യമേകാനെത്തി. രാവിലെമുതൽതന്നെ ചെറുജാഥകളായി ആയിരങ്ങൾ എത്തിക്കൊണ്ടിരുന്നു.
രാവിലെ വലിയ ചുടുകാട‌് രക്തസാക്ഷിമണ്ഡപത്തിൽ പുന്നപ്ര വയലാർ സമരസേനാനി വി എസ‌് അച്യുതാനന്ദനും മേനാശേരി മണ്ഡപത്തിൽ സമരസേനാനി കെ കെ ഗംഗാധരനും പകർന്നുനൽകിയ ദീപശിഖാ റാലിയായി പതിനൊന്നരയോടെ വയലാർ രക്തസാക്ഷിനഗറിലെത്തി. വാദ്യമേളങ്ങളുടെയും ദൃശ്യ കലാപരിപാടികളുടെയും അകമ്പടിയോടെ അത‌്‌ലീറ്റുകൾ റിലേയായി എത്തിച്ച ദീപശിഖകൾ എൻ എസ് ശിവപ്രസാദ‌് ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു. പുഷ‌്പാർച്ചനയിൽ പതിനായിരങ്ങൾ ഭാഗഭാക്കായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ബി ചന്ദ്രബാബു, അഡ്വ. സി എസ‌് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, കെ പ്രസാദ‌്, പി പി ചിത്തരഞ‌്ജൻ, എം എ അലിയാർ, കെ എച്ച‌് ബാബുജാൻ, ജി വേണുഗോപാൽ, എം സത്യപാലൻ, മനു സി പുളിക്കൽ, എ എം ആരിഫ‌് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ടി പുരുഷോത്തമൻ, പി പ്രസാദ് തുടങ്ങിയവർ പുഷ‌്പാർച്ചനയിൽ പങ്കെടുത്തു.
പകൽ മൂന്നിന‌് രക്തസാക്ഷിനഗറിൽ ചേർന്ന വിപ്ലവകവി വയലാർ രാമവർമ അനുസ‌്മരണസമ്മേളനം ഏഴാച്ചേരി രാമചന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു, ആലങ്കോട‌് ലീലാകൃഷ‌്ണൻ, ഡോ. സി ഉണ്ണികൃഷ‌്ണൻ, അഡ്വ. എ ഷാജഹാൻ, എന്നിവർ സംസാരിച്ചു. വിദ്വാൻ കെ രാമകൃഷ‌്ണൻ അധ്യക്ഷനായി.
വൈകിട്ട‌് പുന്നപ്ര–വയലാർ വാരാചരണത്തിനു സമാപനംകുറിച്ച‌് ചേർന്ന മഹാസമ്മേളനത്തിൽ വി എസ് അച്യുതാനന്ദൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ‌്മയിൽ, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക‌്, ജി സുധാകരൻ, ഇ ചന്ദ്രശേഖരൻ, പി തിലോത്തമൻ, സജി ചെറിയാൻ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. പി കെ സാബു സ്വാഗതം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2SvaAj8
via IFTTT
No comments:
Post a Comment