വയലാർ
ശബരിമലയുടെ പേരും പറഞ്ഞ് പാവപ്പെട്ട സ‌്ത്രീകളെ ദുരാചാരത്തിന്റെ കവചമാക്കാൻ അനുവദിച്ചു കൊടുക്കരുതെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ ശ്രീനാരായണ ഗുരുദേവ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ധൈര്യം കാട്ടണമെന്നും വി എസ് ഓർമപ്പെടുത്തി. പുന്നപ്ര വയലാർ സമര വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി ദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ‌്ത്രീപ്രവേശനത്തിൽ എസ്എൻഡിപി യോഗം സ്വീകരിച്ച നിലപാട് പൊതുവിൽ നാടിനാകെ സ്വീകാര്യമുള്ളതാണ‌്. ഗുരുദേവൻ എന്നും ദുരാചാരങ്ങളോട് പടവെട്ടിയ വിപ്ലവകാരിയും സാമൂഹ്യ പരിഷ‌്കർത്താവുമായിരുന്നു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെയും കണ്ണാടി പ്രതിഷ്ഠയിലൂടെയും അവരവരിലേക്ക് തിരിച്ചറിവിന് ആഹ്വാനം ചെയ്യുകയായിരുന്നു ഗുരുദേവൻ. ഈ പാരമ്പര്യം ഉയർത്തിപ്പിടിക്കണം.
സ‌്ത്രീ പ്രവേശനത്തിന്റെ പേരിൽ ആർഎസ്എസും ബിജെപിയും നാട്ടിൽ കലാപം സൃഷ്ടിക്കുന്നു. വിമോചന സമരമാക്കാൻ കഴിയുമോ എന്നു കരുതി കോൺഗ്രസും മണത്ത് നടക്കുകയാണ്. നാട്ടിൽ രാജഭരണം അവസാനിച്ച് ജനാധിപത്യം വന്നിട്ടും പന്തളം കൊട്ടാരം അറിയുന്നില്ല. രാജ്യത്തെ വസ‌്തുവകകൾ എല്ലാം ജനങ്ങളുടേതായി. ജനങ്ങൾ നിശ്ചയിച്ച സർക്കാരുകൾ അധികാരത്തിൽ വന്നതായും മനസിലാക്കണം.
റഫേൽ യുദ്ധവിമാന ഇടപാട് നരേന്ദ്ര മോഡിക്ക് വലിയ ശർക്കര കുടമാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണത്. കോൺഗ്രസ് സർക്കാരിന്റെ കാലത്തെ ബോഫോഴ്സ് ഇടപാടിൽ കമീഷൻ അടിച്ചത് ഇടനിലക്കാരായ ഇറ്റലിക്കാരായിരുന്നു. എന്നാൽ റഫേൽ ഇടപാടിൽ മോഡി നേരിട്ടാണ് ഇടപാട്. അരലക്ഷം കോടി രൂപയുടെ കുംഭകോണമാണിത്. ഈ ഇടപാടിലൂടെ കടത്തിൽ നിൽക്കുന്ന അനിൽ അംബാനിക്ക് 30,000 കോടി രൂപ തരപ്പെടുത്തി കൊടുത്തു. ഈ കേസ് അന്വേഷിക്കുന്ന സി ബി ഐ ഡയറക്ടർ അലോക് വർമയെ പാതിരാത്രി തെറിപ്പിച്ചു. ആ സ്ഥാനത്തേക്ക് അഴിമതി ആരോപണം നേരിടുന്ന നാഗേശ്വരറാവുവിനെ പ്രതിഷ്ഠിച്ചു. രാജ്യത്തിന്റെ സമ്പത്താകെ കൊള്ളയടിക്കുന്ന ബിജെപി യെ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും വിഎസ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2z8R6aZ
via IFTTT
No comments:
Post a Comment