സ്വന്തം ലേഖകൻ
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ ആഹ്വാനംചെയ‌്ത സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ പൂർണരൂപം ലഭിച്ചശേഷം തുടർനടപടികൾ ആലോചിക്കും. ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നുകാട്ടി സർക്കാർ ഇറക്കിയ ഉത്തരവിലെ ഒരുവ്യവസ്ഥയാണ‌് റദ്ദാക്കിയത‌്.
കേരള അഡ‌്മിനിസ‌്ട്രേറ്റിവ‌് ട്രിബ്യൂണൽ സർക്കാർ ഉത്തരവിൽ ഇടപെടണമെന്ന പരാതിയിൽ ഒരുമാസത്തിനകം തീർപ്പ‌് കൽപ്പിക്കണമെന്നും നിർദേശത്തിലുണ്ട‌്. നവംബർ ഒന്നിന‌് ശമ്പളവും വിതരണം ചെയ്യണം. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പിന്റെയും അഡ്വക്കറ്റ‌് ജനറലിന്റെയും അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും തീരുമാനം. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥ നിശ്ചയിച്ച കേരള ഫിനാൻസ‌് കോഡിന്റെയും ഇതര നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലുള്ള പരിശോധനയും ഉണ്ടാകും.
സാലറി ചലഞ്ചിൽ പങ്കെടുക്കുന്നവരുടെ കുടുംബ ബജറ്റ‌് തകിടം മറിയാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ എടുത്തിരുന്നു.
ചരിത്രത്തിലാദ്യമായാണ് ശമ്പള, പെൻഷൻ പരിഷ‌്കരണത്തിന്റെ കുടിശ്ശികയുടെ ഗഡു രൊക്കമായി നൽകിയത‌്.
നിലവിലെ നിരക്കിലെ പിഎഫ‌് പലിശയുൾപ്പെടെയാണിത‌്. പെൻഷൻ, ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ എന്നിവയുടെ കുടിശ്ശികയുടെ നാലാം ഗഡുവും പലിശസഹിതമാണ് ലഭിക്കുക. കമ്യൂട്ടേഷൻ കുടിശ്ശികയുടെ രണ്ടാം ഗഡുവും പണമായിത്തന്നെ നൽകി. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്കും ഇതൊക്കെ ലഭിക്കുന്നു. ഏതെങ്കിലും തരത്തിൽ വല്ലാതെ ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ, അവർക്ക‌് സഹായമെന്ന നിലയിലാണ‌് വിസമ്മതം അറിയിക്കാൻ അവസരം നൽകിയത‌്. സാലറി ചലഞ്ചുമൂലം ഒരാൾപോലും കഷ്ടപ്പെടാൻ പാടില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
80 ശതമാനത്തിലധികം ജീവനക്കാരും പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഒരുമാസത്തെ ശമ്പളം നൽകാൻ തയ്യാറായപ്പോൾ, ചില സർവീസ‌് സംഘടനകൾ മാത്രം രാഷ്ട്രീയലക്ഷ്യംവച്ച‌് ഇതിനെ എതിർക്കുകയായിരുന്നു. പ്രളയദുരന്തത്തിൽ തൊഴിലും വരുമാനവും നഷ്ടമായവർക്കുവേണ്ടിയാണ് ശമ്പളത്തിൽനിന്നൊരു വിഹിതം സംഭാവന ചോദിച്ചത‌്. താരതമ്യേന തൊഴിൽസുരക്ഷയുള്ള ജീവനക്കാരോട് സംഭാവന അഭ്യർഥിച്ചത് അപരാധമായി ചിത്രീകരിക്കാനാണ‌് ഒരുവിഭാഗം ശ്രമിച്ചത‌്.
ഇതിന്റെ ഭാഗമായാണ‌് അഡ‌്മിനിസ‌്ട്രേറ്റിവ‌് ട്രിബ്യൂണലിലും പിന്നീട‌് ഹൈക്കോടതിയിലും ബിജെപി അനുകൂല സർവീസ‌് സംഘടന പരാതിയുമായി എത്തിയത‌്.
ഇവരെ സഹായിക്കാൻ പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയും രംഗത്തെത്തി. സർക്കാരിന്റെ അഭ്യർത്ഥന സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു മഹാഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും.
from Kerala || Deshabhimani Online News https://ift.tt/2RHbecS
via IFTTT
No comments:
Post a Comment