കൊച്ചി
നവ ഉദാരവൽക്കരണവും ഭൂരിപക്ഷ വർഗീയതയും ഇന്ത്യൻ ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്കാണ‌് നയിക്കുന്നതെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌് പറഞ്ഞു. എന്ത‌് ചെയ്യണം, എന്ത‌് ധരിക്കണം, എന്ത‌് ഭക്ഷിക്കണം, എന്ത‌് ചിന്തിക്കണം, എന്ത‌് വിശ്വസിക്കണം എന്ന‌് ഒരു കേന്ദ്രം തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ‌് കാര്യങ്ങൾ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ 70 വർഷം; നേട്ടങ്ങളും വെല്ലുവിളികളും’ എന്നി വിഷയത്തിൽ മഹാരാജാസ‌് കോളേജ‌് രാഷ‌്ട്ര തന്ത്രവിഭാഗം സംഘടിപ്പിച്ച സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന വാഗ‌്ദാനം നൽകുന്ന തുല്യത, ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങൾക്ക‌് നിഷേധിക്കുകയാണ‌്. ഭരിക്കുന്ന പാർടിയാണ‌് ഭൂരിപക്ഷ വർഗീയത പ്രചരിപ്പിക്കുന്നതെന്നതാണ‌് അതിലേറെ ഭീഷണി. വിവിധ തലങ്ങളിലാണ‌് ഇവർ ജനാധിപത്യം നിഷേധിക്കുന്നത‌്. പൊതുധാരയിൽനിന്ന‌് വേറിട്ടു നിൽക്കുന്നവരെയെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, ഭാഷയുടെയും ജീവിതരീതിയുടെയും അടിസ്ഥാനങ്ങളിലുമുള്ള ന്യൂനപക്ഷങ്ങൾക്കും ഇതാണ‌് സ്ഥിതി.
ഗോൾവൾക്കർ പറഞ്ഞത‌് ഹിന്ദുക്കളെ മാത്രമാണ‌് ഇന്ത്യക്കാരായി പരിഗണിക്കാൻ പാടുളളൂ എന്നാണ‌്. മറ്റുള്ളവർ അവരുടെ ദയയിലാണ‌് കഴിയേണ്ടതെന്നും പറഞ്ഞുവച്ചു. ഈ ആശയങ്ങൾ ഭരണകൂടം അടക്കമുള്ള ഭരണഘടനാ സ്ഥാപങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പശുവിന്റെ പേരിൽ പ്പോലും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ‌്. ഇത‌് ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തെയാണ‌് നിഷേധിക്കുന്നത‌്. ഭൂരിപക്ഷ വർഗീയതയ‌്ക്ക‌് ദേശീയവാദത്തിന്റെ വേഷപകർച്ച നേടാനും ന്യൂനപക്ഷളെ വിഭജനവാദികളായി ചിത്രീകരിക്കാനും എളുപ്പമാണെന്ന‌് ജവഹർലാൽ നെഹ്രു തന്നെ പറഞ്ഞിട്ടുണ്ട‌്. രാജ്യത്തിന്റെ നയരൂപീകരണത്തിൽ കുത്തകകളും വ്യവസായികളും ചെലുത്തുന്ന വർധിച്ചുവരുന്ന സ്വാധീനവും ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു. സാമ്പത്തികാധികാരമുള്ളവർ വർധിച്ച തോതിൽ രാഷ‌്ട്രീയാധികാരം പിടിച്ചെടുക്കുകയാണ‌്. പാർലമെന്റ‌് അംഗങ്ങളിൽ 25 ശതമാനം വ്യവസായികളാണെന്ന‌് പഠനത്തിൽ പറയുന്നു. ഇതിൽ കൂടുതലാകാനേ വഴിയുള്ളൂ. ഈ നയത്തിന്റെ ഫലമായി ശതകോടീശ്വരന്മാരുടെ വളർച്ചാനിരക്കിൽ ഇന്ത്യ ഇന്ന‌് ഒന്നാം സ്ഥാനത്താണ‌്. ഇന്ത്യയിലെ അതിസമ്പന്നരുടെ കൈയിലാണ‌് രാജ്യത്തെ 58 ശതമാനം സ്വത്തും. 2017ൽ പുതുതായി ഉണ്ടായ സമ്പത്തിന്റെ 73 ശതമാനവും ഈ ഒരു ശതമാനത്തിന്റെ കൈയിലാണ‌് എത്തിയത‌്. സാമ്പത്തിക സാമൂഹിക സമത്വമില്ലാതെ രാഷ‌്ട്രീയ സമത്വംകൊണ്ട‌് മാത്രം ജനാധിപത്യം ഫലം നേടില്ലെന്ന‌് ഭരണഘടനാ ശിൽപ്പിയായ അംബേദ‌്കർ പറഞ്ഞുവച്ചിട്ടുണ്ട‌്. 70 വർഷം കഴിയുമ്പോൾ ആ അന്തരം കൂടുകയാണുണ്ടായതെന്നും കരാട്ട‌് പറഞ്ഞു. ഇതുകൂടാതെ ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക അന്തരവും ജനാധിപത്യത്തെ കൊഞ്ഞണം കുത്തുകയാണ‌്.
വോട്ടുചെയ്യാനുള്ള അവകാശംകൊണ്ട‌് മാത്രം ജനാധിപത്യം പുലരില്ല. തന്നെയുമല്ല തെരഞ്ഞെടുപ്പ‌് ജനാധിപത്യം അനുദിനം ശോഷിച്ചുവരികയുമാണ‌്. ഈ അസമത്വങ്ങൾ കുറയ‌്ക്കണമെങ്കിൽ നയത്തിൽ മാറ്റമുണ്ടാകണം. തെരഞ്ഞെടുപ്പ‌് രീതി പരിഷ‌്കരിക്കണം. തെരഞ്ഞെടുപ്പ‌് ജനാധിപത്യത്തൊടൊപ്പം ആനുപാതിക ജനപ്രാതിനധ്യവും കൊണ്ടുവരണമെന്നും പ്രകാശ‌് കാരാട്ട‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2xRvhgs
via IFTTT
No comments:
Post a Comment