മാനന്തവാടി
പ്രളയത്തിൽ സംസ്ഥാനത്ത് വീട് നഷ്ടമായ 729 ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ മൂന്നു മാസത്തിനകം വീട് നിർമിച്ചുനൽകും. തദേശസ്ഥാപനങ്ങളുടെ പദ്ധതിക്ക് കാത്തുനിൽക്കാതെ പട്ടികവർഗ വകുപ്പ് നേരിട്ട് വീട് അനുവദിക്കും. ഇതു സംബന്ധിച്ച നിർദേശം പട്ടികവർഗ വകുപ്പ് ഡയറക്ടറേറ്റ് ജില്ലാ ഓഫീസർമാർക്ക് നൽകി. മന്ത്രി എ കെ ബാലന്റെ നിർദേശപ്രകാരമാണ് പദ്ധതി.
പുതുക്കിയ മാനദണ്ഡപ്രകാരമുള്ള ആറ് ലക്ഷം രൂപയാണ് വീടൊന്നിന് അനുവദിക്കുക. ജില്ലാതലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത ആഴ്ചയോടെ വീട് നിർമാണത്തിനുള്ള എഗ്രിമെന്റുകൾ വയ‌്ക്കും. വീട് പൂർണമായി നഷ്ടമായവർക്ക് പുതിയത് നിർമിച്ചു നൽകും. ഭാഗികമായി തകർന്നവ അറ്റകുറ്റപ്പണി ചെയ‌്ത‌് വാസയോഗ്യമാക്കും. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കൂടുതൽ വീടുകൾ തകർന്നത്. വയനാട്ടിൽ 150 വീടുകൾ പൂർണമായും തകർന്നു. പട്ടികവർഗ വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിലാണ് 729 വീടുകൾ വാസയോഗ്യമല്ലാതായത് കണ്ടെത്തിയത്. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ആദിവാസികൾക്കുണ്ടായ നഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് വകുപ്പ് നേരിട്ട് നടത്തുന്നുണ്ട്. ഇതിൽ വീട് വാസയോഗ്യമല്ലാതായവരെ കൂടുതലായി കണ്ടെത്തിയാൽ അവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. സ്ഥലവും വീടും നഷ്ടമായവർക്കായി പ്രത്യേകം പദ്ധതി നടപ്പാക്കും. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ തുടർവാസം സാധ്യമാണോയെന്ന് വിദഗ്ധസംഘം പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാത്തിലേ ഇത്തരം മേഖലകളിൽ വീട് നിർമാണം തുടങ്ങൂ. സ്ഥലം ഭീഷണിയിലാകാത്തവർക്കാണ് ആദ്യഘട്ടത്തിൽ വീട് നിർമിക്കുക. പട്ടികവർഗ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും എൻജിനിയർമാർ ബലക്ഷയം സംഭവിച്ച ആദിവാസി വീടുകളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനയിൽ വാസയോഗ്യമല്ലാതായി കാണുന്ന വീടുകളും പുനർനിർമിച്ചു നൽകും.
from Kerala || Deshabhimani Online News https://ift.tt/2Nd6l7W
via IFTTT
No comments:
Post a Comment