തിരുവനന്തപുരം > ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിച്ച് രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 80 രൂപ 43 പൈസയാണ് നിലവിലെ വില. 32 പൈസയാണ് ഇന്ന് ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്. ഇതോടെ കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ വില എണ്‍പത് കടന്നു. പെട്രോളിന് 25 പൈസയും വര്‍ധിച്ച് 87.19 രൂപയായി.
ഇതുവരെ ഇല്ലാത്ത വിധത്തിലാണ് സംസ്ഥാനത്ത് ഇന്ധന വില വര്‍ധിക്കുന്നത്. വില നൂറിലേക്കെത്തിയാല്‍ പെട്രോള്‍ പമ്പുകളിലെ മീറ്റര്‍ പോലും മാറ്റേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുക. നിലവിലെ മീറ്ററുകളില്‍ 99.99 രൂപവരെ മാത്രമേ റീഡിങ് സാധ്യമാകൂ. ലിറ്ററിന് നൂറുരൂപയെന്നത് 0.00 എന്നാകും മീറ്ററില്‍ രേഖപ്പെടുത്തുക.
കൊച്ചിയില്‍ ഡീസലിന് 78.50 രൂപയും പെട്രോളിന് 85.67 രൂപയുമായി വില വര്‍ധിച്ചു. കോഴിക്കോട് 79.37, 86.03 എന്നിങ്ങനെയാണ് ഡീസല്‍ പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
രണ്ടുമാസത്തിനിടെ രാജ്യത്ത് പെട്രോളിന് ഏഴുരൂപയില്‍ അധികം വിലകൂട്ടി. മാസം ശരാശരി മൂന്നര രൂപയെന്ന തോതിലാണ് വിലവര്‍ധന. അതേസമയം, ക്രൂഡോയില്‍ വിലവര്‍ധനയും രൂപയുടെ മൂല്യമിടിവും തുടര്‍ന്നാല്‍ ഡിസംബര്‍ അവസാനത്തോടെ രാജ്യത്ത് പെട്രോള്‍ വില നൂറുരൂപ കടക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പ്രീമിയം പെട്രോള്‍ 'ഒക്‌റ്റേന്‍ 99'ന്റെ വില ലിറ്ററിന് നൂറുരൂപ കടന്നു.
ഇന്ധനത്തിന് ഏറ്റവുമധികം വാറ്റ് ചുമത്തുന്ന മഹാരാഷ്ട്രയിലാകും പെട്രോള്‍ വില ആദ്യമായി ലിറ്ററിന് നൂറുരൂപ കടക്കുക.പെട്രോള്‍ വില 100 രൂപയിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് മുംബൈയില്‍ പലയിടത്തും മീറ്ററുകളില്‍ മാറ്റം വരുത്തിത്തുടങ്ങി.
രൂപയുടെ തകര്‍ച്ച കേന്ദ്രത്തിന്പിടിച്ചുനിര്‍ത്താനാകാത്തതാണ് ഇന്ധനവില വര്‍ധനയുടെ പ്രധാനകാരണം. ഇറാനുമേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധം ക്രൂഡോയില്‍ വിലവര്‍ധനക്കും കാരണമാകുന്നു. എണ്ണ ഇറക്കുമതിക്കായി ഇറാനെ വലിയ തോതില്‍ ആശ്രയിച്ചിരുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, രണ്ടുമാസമായി ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ വലിയ കുറവ് വന്നു. അമേരിക്കയുടെ ഉപരോധം അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കാന്‍ മോഡി സര്‍ക്കാര്‍ ധൈര്യപ്പെടുന്നുമില്ല.
from Kerala || Deshabhimani Online News https://ift.tt/2ReKHn8
via IFTTT
No comments:
Post a Comment