കൊച്ചി> ആധാര്‍ ഒരു സാമൂഹിക സുരക്ഷ പദ്ധതിക്കും നിര്‍ബന്ധമാക്കരുത് എന്നാണ് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ (Democratic Alliance for Knowledge Freedom - DAKF) എക്കാലത്തെയും നിലപാട്. എന്നാല്‍ ആധാര്‍ ഇല്ലെന്ന കാരണത്താല്‍ ലക്ഷക്കണക്കിനു പാവങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നിരാകരിക്കുന്നത് പതിവായിരിക്കുന്നുവെന്ന് ഡിഎകെഎഫ് പറഞ്ഞു. പാവങ്ങളുടെ ജീവനോപാധി തന്നെ മേല്‍ സൂചിപ്പിച്ച സാമൂഹിക സുരക്ഷാ പദ്ധതികളായിരിക്കെ, അവയുടെ നിരാകരിക്കല്‍ അവരുടെ ജീവനം തന്നെ വഴിമുട്ടിക്കുന്ന അവസ്ഥ സംജാതമാക്കിയിരിക്കുന്നു.
നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം സുപ്രീം കോടതി വിധികളും ആധാര്‍ നിര്‍ബന്ധിതമാക്കണമെന്ന നിലപാടാണ് കൈക്കൊള്ളുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്ന വിവര സുരക്ഷ മുന്‍കരുതലുകളൊന്നും ശാശ്വതമല്ലെന്ന് ഏതാണ്ട് തെളിഞ്ഞിരിക്കുന്നു. NSA, YAHOO, SONY, Microsoft, Facebook തുടങ്ങിയ ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്നവകാശപ്പെട്ടിരുന്ന വിവരശേഖരങ്ങള്‍ പോലും ഹാക്കിങ്ങിനും ചോര്‍ത്തലിനും വിധേയമായിക്കഴിഞ്ഞ സ്ഥിതിക്ക് നമ്മുടെ ആധാര്‍ മാത്രം സുരക്ഷിതമാണ് എന്നത് എത്രത്തോളം വിശ്വാസ്യമായ വാദമാണെന്ന് ആലോചിക്കേണ്ടതാണ്.
പട്ടിണി പാവങ്ങളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ജീവിതം വഴിമുട്ടാത്ത വിധം മുന്നോട്ട് പോകണമെങ്കില്‍ ആധാര്‍ നിര്‍ബന്ധിതമല്ല എന്ന സുവ്യക്തമായ തീരുമാനം ഉണ്ടാകണം. ഡിഎകെഎഫി ന്റെ ഇനിയുള്ള പരിശ്രമം ആ നിലക്കുള്ള ഒരു പൂര്‍ത്തീകരണം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതിന് വേണ്ടിയായിരിക്കും.
വിവരസുരക്ഷക്കായി സുതാര്യവും ശക്തവുമായ ഒരു നിയമം വേണമെന്ന് ഡിഎകെഎഫ് വളരെ നേരത്തേതന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. കഴിഞ്ഞ സംസ്ഥാന കണ്‍വെന്‍ഷന്‍ ഈ ആവശ്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതുമാണ്. അത് സുപ്രീം കോടതിയും ഇപ്പോഴത്തെ വിധിയിലൂടെ അംഗീകരിച്ചിരിക്കുകയാണ്. പക്ഷേ വിവരസുരക്ഷാ നിയമം സര്‍ക്കാര്‍ എങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് ഗൗരവമായി നിരീക്ഷിക്കപ്പെടേണ്ടതാണ്. അതിനുള്ള ജാഗ്രത തുടരേണ്ടതുമുണ്ട്.
സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ആധാര്‍ വിവരങ്ങള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി പറയുമ്പോഴും സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ സ്വകാര്യ മേഖലയിലേക്കാണ് പോകുന്നതെന്ന യാഥാര്‍ത്ഥ്യം മറക്കാനാകില്ല. ആ പഴുതിലൂടെ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കൈകളില്‍ എത്താനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് ഭരണഘടന മുന്നോട്ട് വെയ്ക്കുന്നതും സുപ്രീം കോടതി സംരക്ഷിച്ചതുമായ സ്വകാര്യതയുടെ അവകാശത്തിനുതന്നെ വിഘാതമാകും.
മേല്‍ പറഞ്ഞ സാഹചര്യങ്ങള്‍ വെച്ച് ഒരുവിധ സര്‍ക്കാര്‍ സര്‍ക്കരിതര പദ്ധതികള്‍ക്കും, സാമൂഹിക സുരക്ഷ പദ്ധതികള്‍ക്കും, സഹായങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത് എന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ആവശ്യപ്പെടുന്നു.
ഐ ടി ആക്ടിലെ 66 A എന്ന കാടന്‍ വകുപ്പ് ഒഴിവാക്കിയതും നെറ്റ്‌ന്യൂട്രാലിറ്റിക്കെതിരായ സര്‍ക്കാര്‍ നിലപാട് തള്ളിക്കളഞ്ഞതും വിവരസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശവും സ്വകാര്യത അംഗീകരിക്കുന്ന വിധികളും ഒക്കെ ഈ മേഖലയില്‍ ഡിഎകെഎഫ് അടക്കമുള്ള സംഘടനകള്‍ നടത്തിയ ഇടപെടലുകളുടെ കൂടി ഫലമാണെന്നത് ആഹ്‌ളാദകരമാണ്. ആ ഇടപെടലുകളും സമരങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ ഡിഎകെഎഫ് എപ്പോഴും മുന്നിലുണ്ടാവുമെന്ന് പ്രസിഡന്റ് ഡോ എ സാബു, ജനറല്‍ സെക്രട്ടറി ടി ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു
from Kerala || Deshabhimani Online News https://ift.tt/2NQOd94
via IFTTT
No comments:
Post a Comment