തിരുവനന്തപുരം
ഭവനനിർമാണത്തിനുള്ള പൊതുശീലങ്ങളിൽ മാറ്റംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയിൽ വീടുകൾ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും ഊർജക്ഷമവും ദുരന്തപ്രതിരോധശേഷിയുള്ളതുമാകാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. സാമൂഹ്യവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ നിലനിർത്താനാകുന്ന ഭവനനിർമാണ സംസ്‌കാരം രൂപപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭവനനിർമാണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പാർപ്പിട ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യുക്തിരഹിതമായ നിർമാണങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. പ്രകൃതിവിഭവം ചൂഷണംചെയ്തുള്ള അനിയന്ത്രിതമായ നിർമാണങ്ങൾക്ക് ഇനി അനുമതി നൽകില്ല. വിഭവങ്ങളുടെ നീതിപൂർവമായ വിതരണത്തിന് മുൻഗണന നൽകാനാണ് ശ്രമിക്കുക.
നവകേരള നിർമാണത്തിൽ പരിസ്ഥിതിസൗഹൃദ നിർമാണപ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം. കാഴ്ചപ്പാടുകൾക്ക് മാറ്റംവരുത്തി പരിസ്ഥിതിക്ക് അനുകൂലമായതും ഭാവിതലമുറയ്ക്ക് ഗുണകരമാകുന്നതുമായ നിർമാണങ്ങളാണ് പ്രോത്സാഹിപ്പിക്കേണ്ടത്. വീടുകൾ നിർമിക്കുന്നത് ആവശ്യത്തിനും സൗകര്യത്തിനുമായിരിക്കണം. അല്ലാതെ ആർഭാടവും പൊങ്ങച്ചവും കാട്ടാനാകരുത്.
അടച്ചുറപ്പുള്ള പാർപ്പിടം ഓരോ മനുഷ്യന്റെയും അവകാശമാണ്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് 18.78 ദശലക്ഷം വീടുകൾ രാജ്യത്ത് കുറവുണ്ട്. അപ്പോഴും ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കൂടുകയാണ്. കേരളത്തിൽ പൊതു ഇടപെടലിലൂടെ പാർപ്പിടപ്രശ്‌നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാനായിട്ടുണ്ട്. ഇ എം എസ് സർക്കാരിന്റെ കാലത്തെ ഭൂപരിഷ്‌കരണനയം ഭവനമേഖലയിൽ വൻ മാറ്റമുണ്ടാക്കി. തുടർന്നുവന്ന സർക്കാരുകൾ മികച്ച പാർപ്പിടസൗകര്യത്തിനായി നടപടികളെടുത്തു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം വെല്ലുവിളിയാണ്. കൂട്ടായ്മയിലൂടെ പുതുകേരളം കെട്ടിപ്പടുക്കുകയും അതിജീവനത്തിന്റെ പുതുമാതൃക ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. ഹൗസിങ‌് ബോർഡ് ചെയർമാൻ പി പ്രസാദ് പാർപ്പിടദിന സന്ദേശം നൽകി. ആസൂത്രണബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, അഡീ. ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, ഹൗസിങ‌് കമീഷണർ ബി അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2NeOy04
via IFTTT
No comments:
Post a Comment