ന്യൂഡൽഹി
സാർവത്രിക രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി സ്വകാര്യ മരുന്നുനിർമാണക്കമ്പനിയായ ബയോമെഡ‌് നൽകിയ പോളിയോ വാക‌്സിനുകളിൽ ടൈപ‌് 2 പോളിയോ വൈറസ‌് സാന്നിധ്യം കണ്ടെത്തി. ഒന്നര ലക്ഷം തുള്ളിമരുന്ന‌് കുപ്പികൾ ഉൾപ്പെടുന്ന മൂന്ന‌് ബാച്ച‌് വാക‌്സിനുകളിലാണ‌് ഇവ കണ്ടെത്തിയത‌്. വേണ്ടത്ര പരിശോധന നടത്താതെ ആരോഗ്യമന്ത്രാലയം വാക‌്സിനുകൾ വിതരണം ചെയ‌്തതിനാൽ രാജ്യത്ത‌് പോളിയോയുടെ തിരിച്ചുവരവുണ്ടാകുമോയെന്ന ആശങ്കയിലാണ‌് ആരോഗ്യപ്രവർത്തകർ. ഏറെ നാളത്തെ ആസൂത്രണത്തിലൂടെ കൈവരിച്ച പോളിയോ വിമുക്തരാജ്യമെന്ന നേട്ടവും കേന്ദ്ര അനാസ്ഥ കാരണം നഷ്ടപ്പെട്ടേക്കും.
ഉത്തർപ്രദേശ‌്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലാണ‌് പോളിയോ വൈറസ‌് കലർന്ന വാക‌്സിനുകൾ വിതരണം ചെയ‌്തത‌്. 2016 ഏപ്രിലിനുശേഷം ജനിച്ച കുട്ടികൾക്ക‌് ടൈപ‌് 2 വൈറസുകളോട‌് പ്രതിരോധമുണ്ടാകില്ലെന്ന‌് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഗാസിയാബാദ‌് കേന്ദ്രീകരിച്ച‌് പ്രവർത്തിക്കുന്ന മരുന്നുനിർമാണക്കമ്പനിയാണ‌് ബയോമെഡ‌്. കമ്പനിയുടെ എംഡിയെ വ്യാഴാഴ‌്ച അറസ്റ്റുചെയ‌്തു. നാല‌് ഡയറക്ടർമാർ ഒളിവിലാണ‌്. കമ്പനിക്കെതിരെ ഡ്രഗ‌് കൺട്രോളർ ജനറൽ ഓഫ‌് ഇന്ത്യ കേസെടുത്തു. ഇനിയൊരു ഉത്തരവ‌് ഉണ്ടാകുന്നതുവരെ മരുന്നുനിർമാണം നിർത്തിവയ‌്ക്കാനും നിർദേശം നൽകി.
ടൈപ‌് 2 വൈറസിനാൽ മലിനമാക്കപ്പെട്ട വാക‌്സിനുകൾ എങ്ങനെ വിതരണം ചെയ‌്തെന്ന‌് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. മലിനമാക്കപ്പെട്ട വാക‌്സിൻ സ്വീകരിച്ച കുട്ടികളുടെ മലത്തിലൂടെ വൈറസ‌് പുറത്തെത്തും. വെള്ളത്തിലൂടെയോ മറ്റോ വൈറസുകൾ പടർന്നാൽ പോളിയോ വീണ്ടും പടർന്നുപിടിക്കും. വൈറസിന്റെ രൂപമാറ്റമുണ്ടാകുമോയെന്ന ആശങ്കയുമുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2Nf0wqt
via IFTTT
No comments:
Post a Comment