കൊച്ചി
വെള്ളിയാഴ‌്ച പകൽ 11. കൊച്ചി ഗ്രാൻഡ‌് ഹയാത്ത‌് ഹോട്ടലിന്റെ പാർക്കിങ‌് ഏരിയയിൽ ഡിജിപി ലോക‌്നാഥ‌് ബഹ‌്റ ഇരുന്ന ടാറ്റാ നാനോ കാർ ഡ്രൈവർ ഇല്ലാതെ നീങ്ങി. അരക്കിലോ മീറ്ററോളം ഓടി. തിരിച്ചുവന്നു. വരുംകാലത്ത‌് കാർ ഹാക്ക‌്ചെയ‌്ത‌് ഒരാളെ തട്ടിക്കൊണ്ടുപോകാമെന്ന മുന്നറിയിപ്പാണ‌് കൊച്ചിയിൽ വെള്ളിയാഴ‌്ച ആരംഭിച്ച ‘കൊക്കൂൺ 2018’ വേദിയിൽ വ്യക്തമാക്കിയത‌്.
ടിസിഎസ് ഗ്ലോബൽ ഹെഡ് ഡോ. റോഷി ജോണിന്റെ നേതൃത്വത്തിലാണ‌് സാങ്കേതികവിദ്യയുടെ വികാസവും അതിനൊപ്പം ദുരുപയോഗസാധ്യതയും വ്യക്തമാക്കുന്ന പരീക്ഷണം അരങ്ങേറിയത‌്. ഡ്രൈവറില്ലാതെ നിരത്തുകളിൽ ഓടുന്ന വാഹനം ഗതാഗതമേഖലയിൽ ഉണ്ടാക്കുന്ന വിപ്ലവവും ഒപ്പം പുത്തൻസാങ്കേതികവിദ്യയുടെ ദുരുപയോഗസാധ്യതയുമാണ‌് അവതരിപ്പിച്ചത‌്.
അടുത്ത അഞ്ചുവർഷത്തിനിടെ നമ്മുടെ റോഡുകളിലും ഡ്രൈവർമാരില്ലാത്ത വാഹനം എത്തുമെന്ന‌് റോഷി ജോൺ പറയുന്നു. വർധിച്ചുവരുന്ന കാറപകടങ്ങൾക്ക‌് ഇതൊരു പരിഹാരമാകുമെന്നാണ‌് കണക്കുകൂട്ടൽ. ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ട‌് സംഭവിച്ച, വയലിനിസ‌്റ്റ‌് ബാലഭാസ്‌കറിന്റേയും മകളുടെയും മരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമ്പതുവർഷംമുമ്പാണ‌് ടിസിഎസ് ഗ്ലോബൽ ഹെഡ് റോഷി ജോണിന്റെ മനസ്സിൽ ഡ്രൈവറില്ലാത്ത കാറുകളെക്കുറിച്ചുള്ള ആശയം ഉദിച്ചത്. ടാറ്റാ നാനോ കാറാണ‌് അദ്ദേഹം തെരഞ്ഞെടുത്തത‌്.
ദുരുപയോഗസാധ്യതയെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ‌് കാർ ഹാക്ക‌്ചെയ്യുന്ന സാങ്കേതികവിദ്യ പരീക്ഷിച്ചത‌്. ഒന്നരക്കോടിയോളം രൂപ ഇതിനു ചെലവായെങ്കിലും ഭാവിയിൽ വളരെ കുറഞ്ഞ ചെലവിൽ ഇക്കാര്യം സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ന്യൂനത പരിഹരിച്ച് സുരക്ഷിതമായി വാഹനം നിരത്തിലിറക്കാനാണ് കമ്പനിയുടെ ശ്രമമെന്നും ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചതായും റോഷി ജോൺ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2NtWDxY
via IFTTT
No comments:
Post a Comment