ന്യൂഡൽഹി > രാജ്യത്തെ സർവകലാശാല അധ്യാപകർ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമർശിക്കുന്നത് വിലക്കികൊണ്ട‌് പെരുമാറ്റച്ചട്ടം. കേന്ദ്രത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലോ പൊതുസദസ്സുകളിലോ അധ്യാപകര്‍ അഭിപ്രായം പറയുന്നതും വിമർശിക്കുന്നതും കടുത്ത അച്ചടക്കലംഘനമായി കണക്കാക്കും. കേന്ദ്ര ജീവനക്കാര്‍ക്ക് ബാധകമായ കേന്ദ്രസിവിൽസർവീസ് പെരുമാറ്റച്ചട്ടം അധ്യാപകര്‍ക്ക് കൂടി ബാധമാക്കിയാണ് യുജിസി മാനദണ്ഡം പുറപ്പെടുവിച്ചത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ–സാമ്പത്തിക–വിദേശനയങ്ങളിലുള്ള സംവാദങ്ങൾ കുറ്റകരമാക്കുന്നതാണ് നടപടിയെന്ന് അക്കാദമിക് വിദഗ്ധർ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ പൊതുയിടങ്ങളിൽ നേരിട്ടോ മറ്റുള്ളവർ വഴിയോ സർക്കാർനയങ്ങളെ വിമർശിക്കാൻ പാടില്ല. നിയമം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം, മാധ്യമപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിലെ ഉന്നതപഠനത്തെയും സംവാദങ്ങളേയും പെരുമാറ്റച്ചട്ടം പ്രതികൂലമായി ബാധിക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
പുതിയ കേന്ദ്രസർവകലാശാലകളില്‍ നടപ്പാക്കിയ മാനദണ്ഡം ജെഎൻയു അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലും നടപ്പാക്കുകയാണ‌് ബിജെപി സർക്കാർ. കൂടിയാലോചനകളൊന്നും നടത്താതെ യുജിസി മാനദണ്ഡം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബാധകമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി അധ്യാപകർ രംഗത്തെത്തി. ഈ മാസമാദ്യം ചേർന്ന അക്കാദമിക് കൗൺസിലിലാണ് ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ്‌കുമാര്‍ യുജിസി മാനദണ്ഡം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.
കാസർകോട‌് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിയുടെ അറസ്റ്റിലേക്ക് നയിച്ച സർവകലാശാല അധികൃതരുടെ നടപടിയെ വിമർശിച്ച‌് ഫെയ‌്സ‌്ബുക്ക‌് പോസ്റ്റിട്ടതിന‌് ഇംഗ്ലീഷ‌് വിഭാഗം മേധാവിയെ സസ‌്പെൻഡ‌് ചെയ‌്തിരുന്നു. കേന്ദ്ര സിവിൽസർവീസ‌് പെരുമാറ്റച്ചട്ടത്തിന്റെ പേര‌് പറഞ്ഞായിരുന്നു നടപടി.
രാജ്യത്ത് ശക്തമായ അസഹിഷ്ണുതയെയും ആൾക്കൂട്ട കൊലപാതകങ്ങളെയും എതിർത്ത് സർവകലാശാലാ അധ്യാപകർ ശക്തമായി രംഗത്തുവന്നത‌് കേന്ദ്രസർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ലക്ഷക്കണക്കിന‌് ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട‌് നിരോധനം, തിടുക്കപ്പെട്ടുള്ള ജിഎസ്ടി നടപ്പാക്കൽ തുടങ്ങിയവും വിമർശനവിധേയമായി. കേന്ദ്രസർവകലാശാലകളിലടക്കം അധികൃതർ കൈക്കൊള്ളുന്ന തെറ്റായ നീക്കങ്ങളെയും അധ്യാപകർ പരസ്യമായി ചോദ്യം ചെയ്യുന്നുണ്ട്. ഇതിന‌് കൂച്ചുവിലങ്ങിടാനാണ‌് പുതിയ പെരുമാറ്റച്ചട്ടം നിർബന്ധപൂർവം നടപ്പാക്കുന്നത‌്. എതിർശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമാണ് ഇതിലൂടെ പുറത്തുവരുന്നത്. പൊതുപരിപാടികൾ സംഘടിപ്പിക്കുകയെന്ന ജനാധിപത്യാവകാശം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ‌് പുതിയ നീക്കമെന്ന‌് കേന്ദ്ര സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
from Kerala || Deshabhimani Online News https://ift.tt/2Epjv2u
via IFTTT
No comments:
Post a Comment