കൊച്ചി
സുപ്രീംകോടതി വിധിക്ക് അനുസൃതമായി മാത്രമേ രാജ്യത്തെ അധികാരസ്ഥാപനങ്ങൾക്കും പൊലീസിനും പ്രവർത്തിക്കാൻ സാധിക്കുകയുള്ളുവെന്ന‌് ഹൈക്കോടതി. മതിയായ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്താതെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് തടയണമെന്ന പൊതുതാൽപ്പര്യ ഹർജി തള്ളിയാണ‌് കോടതി ഇക്കാര്യം വ്യക്തമാക്കിയത‌്. സുപ്രീംകോടതി വിധിയുടെ മറവിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാർ തിടുക്കം കാട്ടിയതും പൊലീസ് വൻസന്നാഹത്തോടെ യുവതികളെ സന്നിധാനത്ത് കൊണ്ടുപോയതുമാണ് ശബരിമലയിലുണ്ടായ സംഘർഷത്തിന് കാരണമെന്ന ഹർജിക്കാരന്റെ വാദവും കോടതി നിരാകരിച്ചു.
സുപ്രീംകോടതിക്കുവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതിക്ക് ആകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. യുവതീപ്രവേശം വിലക്കണമെന്ന ആവശ്യത്തിന് ഉപോൽബലകമായി ഹർജിക്കാരൻ ഉന്നയിക്കുന്ന വാദങ്ങൾക്ക് പൊരുത്തക്കേടുണ്ട്. ഭരണഘടനയുടെ 141, 144 അനുഛേദങ്ങൾ സംബന്ധിച്ച് അറിവുണ്ടോയെന്ന് കോടതി ഹർജിക്കാരനോട് ആരാഞ്ഞു. രണ്ട് അനുഛേദങ്ങളും വായിക്കാൻ ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് ഇക്കാര്യത്തിൽ കാര്യമായ അറിവില്ലെന്നും കോടതിയോട് തർക്കിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മറുപടി. കോടതിയോട് തർക്കിക്കരുതെന്നും വാദമുഖങ്ങൾ ഉന്നയിക്കാമെന്നും കോടതി പറഞ്ഞു. ഹർജി പിൻവലിക്കാൻ ഉദ്ദേശ്യമുണ്ടോയെന്നും ഹർജിക്കാരനോട് കോടതി ആരാഞ്ഞു. തയ്യാറല്ലെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. സ്ത്രീഭക്തർക്ക് മതിയായ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്താതെ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പി ഡി ജോസഫ‌് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.
വേണ്ടത്ര സൗകര്യങ്ങൾ സ്ത്രീകൾക്കായി ഒരുക്കിയിട്ടില്ലെന്ന് ഹർജിക്കാരൻ ആവർത്തിച്ചു. അവിടെ സ്ത്രീകൾക്ക് സൗകര്യങ്ങൾ ഇല്ലെന്ന് ആരാണ് പറഞ്ഞതെന്നും മാധ്യമവാർത്തകൾ തെളിവായി സ്വീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഹർജിക്കാരൻ സന്നിധാനത്ത് പോയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സുപ്രീംകോടതിയെ സമീപിക്കുന്നതിന‌് തടസ്സമില്ലെന്നും കോടതി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2JfboUP
via IFTTT
No comments:
Post a Comment