തിരുവനന്തപുരം
സ‌്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിവിധി അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന ഹൈക്കോടതി നിരീക്ഷണവും സർക്കാരിന്റെ ഉറച്ച നിലപാടും അക്രമികൾക്് കനത്ത തിരിച്ചടിയായി.
മുഖ്യമന്ത്രിയുടെ വാക്കുകളും അക്രമികൾക്കെതിരെ പൊലീസിന്റെ ശക്തമായ നടപടിയും ശബരിമലപ്രശ‌്നം ആളിക്കത്തിച്ചുനിർത്താനുള്ള സംഘപരിവാർ നീക്കങ്ങൾക്ക‌് തിരിച്ചടിയായി. തുടക്കത്തിൽ വൈകാരിക നിലപാടെടുത്ത നിഷ‌്പക്ഷരായ വിശ്വാസികൾക്കും സംഘപരിവാറിന്റെ കള്ളക്കളി ബോധ്യമായി. നാട്ടിലാകെ അക്രമം അഴിച്ചുവിട്ട‌് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ‌് പൊലീസിന്റെ നടപടിയോടെ വെളിച്ചത്തുവരുന്നത‌്.
സുപ്രീംകോടതിവിധി പാലിക്കാൻ രാജ്യത്തെ എല്ലാ അധികാരികളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന ഹൈക്കോടതിയുടെ തീർപ്പ‌് ശബരിമലവിഷയത്തിൽ സർക്കാരിന്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരമാണ‌്.
സുപ്രീംകോടതിവിധി വന്നപ്പോൾമുതൽ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സിപിഐ എമ്മും ഇക്കാര്യം വ്യക്തമാക്കിയതുമാണ‌്. എൽഡിഎഫിന്റെ രാഷ്ട്രീയവിശദീകരണ യോഗങ്ങളിലും മുഖ്യമന്ത്രി ഇൗ വസ‌്തുത ആവർത്തിക്കുകയും ചെയ്യുന്നുണ്ട‌്.
എന്നിട്ടും വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയ മുതലെടുപ്പ‌് നടത്താനാണ‌് ബിജെപിയും സംഘപരിവാറും ശ്രമിച്ചത‌്. ആദ്യം വിധിയെ ചരിത്രപരമെന്ന‌് വിശേഷിപ്പിച്ച കോൺഗ്രസ‌് ആകട്ടെ സംഘപരിവാറിനെ അനുഗമിക്കാനും മുതിർന്നു.
സുപ്രീംകോടതിവിധി അംഗീകരിക്കാതെ നിർവാഹമില്ലെന്ന തിരിച്ചറിവിലേക്ക‌് യഥാർഥ വിശ്വാസികളെ ആനയിക്കുന്നതാണ‌് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി നിരീക്ഷണം. സമരപാതയിൽ അണിനിരന്നിരുന്ന വലിയൊരു വിഭാഗം ഇതോടെ പിൻവാങ്ങിത്തുടങ്ങി.
ഹൈക്കോടതി വിധിയുടെ വെളിച്ചത്തിൽ വിശ്വാസികളും അല്ലാത്തവരും അടങ്ങുന്ന മതനിരപേക്ഷസമൂഹവും സർക്കാർ നടപടിയെ അംഗീകരിച്ചിരിക്കുകയാണ‌്.
സുപ്രീംകോടതിവിധി രാജ്യത്തെ നിയമമാണെന്ന നിരീക്ഷണമാണ‌് ഹൈക്കോടതിയിൽനിന്നുണ്ടായത‌്. എല്ലാ സിവിൽ ജുഡീഷ്യൽ സ്ഥാപനങ്ങളും വിധി അനുസരിക്കാൻ ബാധ്യസ്ഥരാണെന്നത‌് ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവും ആകുംവരെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധി നടപ്പാക്കരുതെന്ന‌് ആവശ്യപ്പെട്ട‌് നൽകിയ ഹർജി തള്ളിയാണ‌് ഹൈക്കോടതി ഈ ഓർമപ്പെടുത്തൽ നടത്തിയത‌്. വിധി നടപ്പാക്കുന്നതിന‌് സർക്കാർ ധൃതികാണിച്ചെന്ന വിമർശകർക്കുള്ള മറുപടിയാണിത‌്. സാധാരണ ബെഞ്ചല്ല, ഭരണഘടനാ ബെഞ്ചാണ‌് ശബരിമല കേസിൽ വിധി പറഞ്ഞത‌്. വിധി പുറപ്പെടുവിക്കുന്ന നിമിഷം മുതൽ അത‌് പ്രാബല്യത്തിൽ വരികയും ചെയ്യും. അത‌് നടപ്പാക്കുന്നതിന‌് കാലപരിധി നിശ്ചയിക്കാനുള്ള അധികാരം ഒരു സർക്കാരിനുമില്ല.
വിധി നടപ്പാക്കുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികൾക്കുള്ള സാധൂകരണമാണ‌് ഹൈക്കോടതി നിലപാട്. എന്നാൽ, കലാപത്തിന‌് ശ്രമിച്ച സംഘപരിവാറിന്റെയും കൂട്ടാളികളുടെയും കണ്ണ‌് തുറപ്പിക്കാൻ ഇതിലൂടെ കഴിയുമെന്ന‌് കരുതാനാകില്ല. അതേസമയം സർക്കാരിനെ വിമർശിച്ച‌് രംഗത്തുവന്ന സമുദായനേതാക്കളും വിശ്വാസികളും ആത്മവിമർശനപരമായി പ്രശ‌്നത്തെ സമീപിക്കാനുള്ള അവസരമായി ഇത‌് കണക്കിലെടുക്കാതിരിക്കില്ല. അക്രമികൾക്കെതിരെ പൊലീസ‌് ആരംഭിച്ചിരിക്കുന്ന ശക്തമായ നടപടി ശബരിമലയെ സംഘർഷഭൂമിയാക്കാനുള്ള ശ്രമം ബോധ്യപ്പെടുത്തുന്നതാണ‌്.
ശബരിമലയിൽ അക്രമസമരം നടത്തിയ രണ്ടായിരത്തിൽപ്പരം പേർക്കെതിരെ ഇതിനകം നടപടി എടുത്തുകഴിഞ്ഞു. പൊലീസ‌് നടപടിയും സ്ത്രീപ്രവേശനം തടഞ്ഞാൽ ശക്തമായ മറുപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും വിശ്വാസികളിലെ ആത്മവിശ്വാസം പലമടങ്ങ‌് വർധിപ്പിച്ചിരിക്കുകയാണ‌്. മതനിരപേക്ഷരായ വിശ്വാസ സമൂഹത്തിലും ഇത‌് പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട‌്.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സിപിഐ എമ്മിന്റെയും നിലപാട‌് കേരളത്തെ നവോത്ഥാന വഴിത്താരയിലേക്ക‌് കൂട്ടിക്കൊണ്ടുപോയി എന്നതാണ‌് മറ്റൊരു വസ‌്തുത. മതവിശ്വാസത്തെ തെല്ലും പോറലേൽപ്പിക്കാതെയും വിശ്വാസികളുടെ വികാരത്തെ മാനിച്ചും ദുരാചാരത്തെ ചോദ്യംചെയ്യുകയാണ‌് മുഖ്യമന്ത്രി ചെയ‌്തത‌്.
from Kerala || Deshabhimani Online News https://ift.tt/2CKuYqL
via IFTTT
No comments:
Post a Comment