തിരുവനന്തപുരം > ശബരിമലയുടെ പേരിൽ സർക്കാർവിരുദ്ധ വികാരമിളക്കാൻ മനോരമയുടെ ‘നുണ സ‌്ക്വാഡ‌്’ വാർത്തയും. സംഘപരിവാർ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന നുണകൾ അതേപടി മനോരമ പ്രസിദ്ധീകരിച്ചു തുടങ്ങി. മറ്റ‌് പ്രചാരണങ്ങളെല്ലാം പൊളിഞ്ഞതോടെയാണ‌് സംഘപരിവാറിന്റെ നാവായി മനോരമ മാറിയത‌്. സുപ്രീംകോടതി വിധിയുടെ മറവിൽ അക്രമം അഴിച്ചുവിട്ട സംഘപരിവാറിന്റെ ഗൂഢാലോചനകൾ ഒന്നൊന്നായി പുറത്തു വരുന്നതിനിടെയാണ‌് മനോരമയുടെ നുണകളും മലകയറുന്നത‌്. പാർട്ടിക്കാരെ ദിവസവേതനത്തിന‌് വച്ച‌് സന്നിധാനത്ത‌് സിപിഐ എം നിയന്ത്രണം ഉറപ്പാക്കാൻ സർക്കാർ നീക്കം എന്ന ‘വാർത്ത’യാണ‌് ഏറ്റവുമൊടുവിൽ തട്ടിവിട്ടത‌്. പിന്നാലെ ചില ദൃശ്യമാധ്യമങ്ങൾ 1650 പാർടി പ്രവർത്തകരെ നിയമിച്ചു എന്നുവരെ ‘ബ്രേക്കിങ‌് ന്യൂസും’ നൽകി.
വാർത്തയെപ്പറ്റി പ്രതികരിപ്പിക്കാൻ ഇക്കൂട്ടർ ബിജെപി, കോൺഗ്രസ‌് നേതാക്കളുടെ പിന്നാലെ പാഞ്ഞു. നുണ വാർത്തയ‌്ക്ക‌് എരിവും പുളിയും നൽകുംവിധം പ്രതികരിക്കാൻ ബിജെപി നേതാക്കളും കോൺഗ്രസ‌് നേതാക്കളും മത്സരിച്ചു. പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയും യുഡിഎഫ‌് കൺവീനർ ബന്നി ബെഹനാനുമെല്ലാം വ്യജവാർത്തയ‌്ക്ക‌് താങ്ങായി രംഗത്തെത്തി. വ്യാജമാണെന്നു മനസ്സിലാക്കി വാർത്ത പിൻവലിച്ച മാധ്യമങ്ങളുമുണ്ട‌്.
മണ്ഡല –മകരവിളക്ക‌് കാലത്ത‌് ശബരിമലയിലും പമ്പയിലും ദിവസവേതനത്തിന‌് താൽക്കാലികക്കാരെ നിയമിക്കുന്നത‌് പതിവാണ‌്. വർഷങ്ങളായി ഇത‌് തുടരുന്നു. അന്നദാനമണ്ഡപം, വിവിധ ഗസ്റ്റ് ഹൗസുകളിലും മെസ്സിലുമുള്ള സേവനം, കുടിവെള്ള വിതരണം, അരവണതയ്യാറാക്കൽ, നാളികേരം നീക്കംചെയ്യൽ, പൂജാസാധനങ്ങൾ ശേഖരിക്കൽ തുടങ്ങിയ ജോലിക്കായാണ‌് ദിവസവേതനക്കാരെ നിയമിക്കുന്നത‌്. മാനദണ്ഡങ്ങൾ അനുസരിച്ചാണ‌് നിയമനം. പത്ര–ദൃശ്യമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് അപേക്ഷ ക്ഷണിക്കുന്നത‌്. മെഡിക്കൽ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള രേഖകൾ അപേക്ഷയോടൊപ്പം നൽകാത്തവരെ ഒഴിവാക്കാറുണ്ട‌്.
അഭിമുഖത്തിലൂടെയാണ‌് യോഗ്യരായവർക്കുള്ള നിയമനം നൽകുക. സാധാരണ അപേക്ഷ സമർപ്പിക്കുന്ന ഭൂരിപക്ഷം പേർക്കും ജോലി ലഭിക്കാറുണ്ടെന്നതാണ‌് വസ‌്തുത. വർഷങ്ങളായി നിസാരതുകയ‌്ക്ക‌് താൽക്കാലിക ജോലിക്കെത്തുന്ന സാധാരണക്കാരായ ആളുകളാണ‌് ഇവരിലേറെയും.
from Kerala || Deshabhimani Online News https://ift.tt/2qeSZyI
via IFTTT
No comments:
Post a Comment