കോഴിക്കോട‌്
വിഖ്യാത നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന‌് എം ടി വാസുദേവൻ നായർ പിന്മാറുന്നു. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ‌് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്നറിയുന്നു. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട‌് എം ടി കോഴിക്കോട‌് മുൻസിഫ‌് കോടതിയെ സമീപിച്ചു. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു.
വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ‌് തിരക്കഥ ഒരുക്കിയത‌്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ലെന്ന തോന്നൽ പിന്മാറ്റത്തിന‌് പ്രധാന കാരണമായി. നാലുവർഷം മുമ്പാണ‌് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത‌്. തുടർന്ന‌് മലയാളം, ഇംഗ്ലീഷ‌് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത‌്’ എന്ന പേരിൽ രണ്ട‌് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ‌് കരുതിയിരുന്നത‌്. പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമാതാവ‌്.
from Kerala || Deshabhimani Online News https://ift.tt/2A3OnBD
via IFTTT
No comments:
Post a Comment