ന്യൂഡൽഹി
ശബരിമല സ‌്ത്രീപ്രവേശനവിധിക്കെതിരായ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണിക്കാനാകില്ലെന്ന‌് സുപ്രീംകോടതി. നടപടിക്രമം പാലിച്ച‌് സാധാരണരീതിയിലേ ഹര്‍ജി പരിഗണിക്കൂവെന്ന‌് ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അറിയിച്ചു.
പൂജ അവധിക്ക‌് വെള്ളിയാഴ‌്ച കോടതി അടയ‌്ക്കുന്നതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. തുലാമാസപൂജകൾക്കായി നട 16ന‌് തുറക്കുന്നതിനാല്‍ ഹര്‍ജി അടിയന്തരമായി ലിസ്റ്റ‌് ചെയ്യണമെന്നാവശ്യപ്പെട്ട‌് രജിസ‌്ട്രാർക്ക‌് കത്ത‌് നൽകിയെന്നും അഭിഭാഷകന്‍ അറിയിച്ചു.
എന്നാൽ, സാധാരണ നടപടിക്രമം അനുസരിച്ചേ പുനഃപരിശോധനാഹർജിയും പരിഗണിക്കുകയുള്ളൂവെന്ന‌് ജസ്റ്റിസുമാരായ എസ‌് കെ കൗളും കെ എം ജോസഫും അംഗങ്ങളായ ബെഞ്ച‌് വ്യക്തമാക്കി. കേസിൽ നേരത്തെ കക്ഷി ചേരാത്തവർക്ക‌് പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ അനുമതി നൽകരുതെന്ന‌് ശബരിമല ആചാരസംരക്ഷണ ഫോറം ആവശ്യപ്പെട്ടു.
വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട‌് നായർ സർവീസ‌് സൊസൈറ്റി, നാഷണൽ അയ്യപ്പ ഡിവോട്ടീസ‌് അസോസിയേഷൻ (വിമൺ), പീപ്പിൾ ഫോർ ധർമ, ചേതന, പന്തളം രാജകുടുംബം തുടങ്ങിയവരാണ‌് ഹർജി സമർപ്പിച്ചിട്ടുള്ളത‌്.
പുനഃപരിശോധനാ ഹർജികളിൽ തുറന്ന കോടതികളിൽ വാദംകേൾക്കാറില്ല. എന്നാല്‍, കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത‌് തുറന്നകോടതിയിൽ വാദംകേൾക്കണമെന്ന‌് എൻഎസ‌്എസ‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. സുപ്രീംകോടതി ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്, നേരത്തെ കേസ‌് പരിഗണിച്ച ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ആർ എഫ‌് നരിമാൻ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാകും പുനഃപരിശോധനാ ഹർജി പരിഗണിക്കുക.
from Kerala || Deshabhimani Online News https://ift.tt/2E7T3Kr
via IFTTT
No comments:
Post a Comment