കൊച്ചി
നേവി വാരാചരണത്തിന്റെ ഭാഗമായി ദക്ഷിണ നാവിക കമാൻഡ് മൂന്നുമാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് കൊച്ചി നാവികസേന സ്റ്റേഷൻ കമാൻഡർ കൊമ്മഡോർ ജി പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈവർഷം ഇന്ത്യൻ നേവി കേരളത്തിൽ എത്തിയതിന്റെ പ്ലാറ്റിനം ജൂബിലി വർഷംകൂടിയായതിനാൽ വിപുലമായ ആഘോഷപരിപാടികളാണ് കേരളത്തിലും ലക്ഷദ്വീപിലും ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പതിനഞ്ചുമുതൽ 26 വരെ തോപ്പുംപടിയിലെ സ്നേഹഭവൻ, പൊന്നുരുന്നിയിലെ വാത്സല്യഭവൻ, തേവരയിലെ ഭിന്നശേഷിക്കാരായ വനിതകൾക്കുള്ള സംരക്ഷണകേന്ദ്രം, പള്ളുരുത്തിയിലെ പ്രത്യാശ ഓർഫനേജ്, തൃപ്പൂണിത്തുറയിലെ ശ്രീപൂർണത്രയീശ ബാലാശ്രമം എന്നിവിടങ്ങൾ നാവികസേനാംഗങ്ങൾ സന്ദർശിക്കും. ഒപ്പം സഹായവും കൈമാറും. ഇതേദിവസങ്ങളിൽ ഫോർട്ടുകൊച്ചിയിലെ ഗുഡ് ഹോപ് വൃദ്ധസദനം നാവികസേനയുടെ നേതൃത്വത്തിൽ പുനരുദ്ധരിക്കും.
ലക്ഷദ്വീപ് നിവാസികൾക്കായി 29 മുതൽ നവംബർ രണ്ടുവരെ വൈദ്യപരിശോധന ക്യാമ്പുകളും വിവിധ പരിശീലനപരിപാടികളും നടത്തും. നവംബർ 27ന് മുതിർന്ന പൗരന്മാർക്കും സ്‌കൂൾ വിദ്യാർഥികൾക്കുമായി നേവൽ പ്രദർശനവും നാവികസേനയുടെ കപ്പലുകളും സന്ദർശിക്കാൻ സൗകര്യമൊരുക്കും. താൽപ്പര്യമുള്ളവർ ീലറസീരവശ@ഴാമശഹ.രീാ എന്ന ഇ–മെയിൽ വിലാസത്തിലോ 0484–2872151, 9313785547 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.
വാരാചരണത്തിന്റെ ഭാഗമായി നടത്തുന്ന മിലിട്ടറി ഫോട്ടോപ്രദർശനം നവംബർ 26 മുതൽ 28 വരെ എറണാകുളം പ്രസ്‌ക്ലബ്ബിൽ നടത്തും. മരണമടഞ്ഞ നാവികസേന ഉദ്യോഗസ്ഥരുടെ വിധവകളെ പങ്കെടുപ്പിച്ച് നവംബർ 18ന് ദിനാചരണവും നവംബർ 25ന് നേവി മാരത്തണും സംഘടിപ്പിക്കും. ഡിസംബർ രണ്ടിന‌് വൈകിട്ട‌് 4.30 മുതൽ 6.30 വരെ നാവികസേനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രദർശനം രാജേന്ദ്രമൈതാനിക്കുസമീപം നടക്കും. ഈ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ചെറുതുറമുഖങ്ങളിൽ നേവിയുടെ കപ്പലുകൾ സന്ദർശനം നടത്തും.
from Kerala || Deshabhimani Online News https://ift.tt/2C6IyV9
via IFTTT
No comments:
Post a Comment