മാവേലിക്കര > ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചെട്ടികുളങ്ങരയിൽ ആർഎസ്എസ് കലാപശ്രമം. കരിപ്പുഴ കടവൂരിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം അഡ്വ. സജികുമാറിന്റെയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി വിജിത്തിന്റെയും വീടുകൾ ഞായറാഴ‌്ച രാത്രിയും തിങ്കളാഴ‌്ച പുലർച്ചെയും ആക്രമിച്ചു. സംഘം ചേർന്നെത്തിയ ആർഎസ്എസ് ക്രിമിനലുകൾ 'ഓം കാളി’ വിളികളോടെ ഭീകരാന്തരീക്ഷം സൃഷ‌്ടിച്ചാണ് ആക്രമണം നടത്തിയത്. വീടുകളുടെ ജനൽചില്ലുകൾ അടിച്ചുതകർത്തു.
ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിക്കുശേഷം നിരന്തരം ഈ പ്രദേശങ്ങളിൽ ആർഎസ്എസ് പ്രവർത്തകർ ബൈക്കുകളിൽ രാത്രി കാലങ്ങളിൽ റോന്തുചുറ്റുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കാട്ടുവള്ളിൽ ശ്രീധർമശാസ‌്താക്ഷേത്ര പരിസരത്തും ചെട്ടികുളങ്ങരയിൽ പലയിടങ്ങളിലും ഞായറാഴ‌്ച പുലർച്ചയോടെ ‘കാട്ടുവള്ളിൽ ക്ഷേത്രത്തിൽ സ‌്ത്രീപ്രവേശനം പാടില്ല’ എന്നെഴുതിയ ആർഎസ്എസ‌് പോസ‌്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ക്ഷേത്രം കേന്ദ്രീകരിച്ച‌് ആർഎസ്എസ‌് വർഷങ്ങളായി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട‌്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രത്തിൽ നാളിതുവരെ സ‌്ത്രീകൾ സ്വതന്ത്രമായി ആരാധനയ‌്ക്കെത്തിയിരുന്നു.
നേരത്തെ പട്ടാപ്പകൽപോലും ആയുധമേന്തിയ ആർഎസ്എസ് ഗുണ്ടകൾ വിലസിയിരുന്ന ഇവിടെ എൽഡിഎഫ് അധികാരത്തിലേറിയശേഷമാണ് ആക്രമണങ്ങൾക്ക് നിയന്ത്രണമുണ്ടായത്. 2015 നവംബർ 25ന് 12 സിപിഐ എം ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് ആർഎസ്എസ് ആക്രമണങ്ങളിൽ പരിക്കേറ്റത്. ഇതിനും മൂന്ന് വർഷങ്ങൾക്ക് മുമ്പ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രനെ ഉൾപ്പെടെ ഇവർ ആക്രമിച്ചിരുന്നു.
ആർഎസ്എസിന്റെ പട്ടികജാതി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിലും വർഗീയ– സ‌്ത്രീവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് ഈ പ്രദേശത്തുനിന്ന‌് 25 കുടുംബങ്ങൾ ബിജെപിആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിലേക്ക് വന്നിരുന്നു. ഇവർക്ക് ആഗസ്റ്റ് 7ന് ചെട്ടികുളങ്ങര ക്ഷേത്രത്തിനു മുന്നിൽ സ്വീകരണം നൽകി. നിരവധി ആർഎസ്എസ് പ്രവർത്തകർ ഇപ്പോഴും പ്രവർത്തനം ഉപേക്ഷിച്ച് സിപിഐ എമ്മിലേക്ക് വരുന്ന സാഹചര്യമുണ്ട്. നിലവിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഇവിടെ ഇപ്പോൾ ശബരിമലവിധിയുടെ മറവിൽ സംഘർഷം സൃഷ‌്ടിക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ‌്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് ഗുണ്ടായിസത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ എം ഏരിയ കമ്മിറ്റി പ്രസ‌്താവനയിൽ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2RE6uVx
via IFTTT
No comments:
Post a Comment