മലപ്പുറം > കേരളത്തിലും കർണാടകയിലുമായി 443 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി –മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ (ഗെയിൽ പദ്ധതി) അന്തിമഘട്ടത്തിലേക്ക്. മാർച്ചിൽ തീർക്കാവുന്നവിധം പദ്ധതിയുടെ പ്രവർത്തനം പുരോഗമിക്കുകയാണ‌്.
പ്രളയകാലത്ത് നാശമുണ്ടായതിനാൽ പൈപ്പ് സ്ഥാപിക്കൽ മന്ദഗതിയിലായിരുന്നു. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും അടിത്തറയാകുന്ന പദ്ധതി പുതിയ യന്ത്രസാമഗ്രികളും കൂടുതൽ ജോലിക്കാരെയും എത്തിച്ച് 2019 മാർച്ചിൽ കമീഷൻചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഗെയിൽ കേരള റീജണൽ ജനറൽ മനേജർ ടോണി മാത്യു അറിയിച്ചു.
പദ്ധതി പൂർത്തിയാകുമ്പോൾ വയനാട് ഉൾപ്പെടെ എട്ട് വടക്കൻ ജില്ലകളിലെ വീടുകളിൽ ചെലവുകുറഞ്ഞ പാചകവാതകം ലഭ്യമാക്കാനാകും. കൂടാതെ വാഹനങ്ങൾക്ക് പെട്രോളിന്റെയും ഡീസലിന്റെയും നിലവിലെ വിലയുടെ ഏകദേശം 40 ശതമാനം കുറവിൽ മലിനീകരണം കുറഞ്ഞ സിഎൻജി ലഭ്യമാക്കാമെന്നതും നേട്ടമാകും.
408 കിലോമീറ്റർ കേരളത്തിലും 35 കിലോമീറ്റര്‍ കർണാടകയിലുമാണ് പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. 380 കിലോമീറ്റര്‍ വെൽഡിങ് ജോലി പൂർത്തിയായി. 317 കിലോമീറ്റര്‍ ദൂരം മണ്ണിനടിയിൽ പൈപ്പ് സ്ഥാപിച്ചു. കേരളത്തിൽമാത്രം 360 കിലോമീറ്റർ നീളത്തിൽ വെൽഡിങ‌് പൂർത്തിയായി. സുരക്ഷക്കായി ഓരോ 16 കിലോമീറ്ററിലും സ്ഥാപിക്കുന്ന വാൽവ് സ്റ്റേഷനുകളുടെ നിർമാണവും പുരോഗമിക്കുന്നു. ആകെയുള്ള 28 വാൽവ് സ്റ്റേഷനുകളിൽ 25 എണ്ണവും കേരളത്തിലാണ്. ഭൂമിയും വിളയും നഷ്ടമായവർക്ക് 394 കോടി രൂപയാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇതിൽ 200 കോടിരൂപ വിതരണംചെയ‌്തു. വിളകൾ നഷ്ടമായവരുടെ നഷ്ടപരിഹാര വിതരണം ഏറക്കുറെ പൂർത്തിയായി.
പൈപ്പ്‌ലൈൻ പോകുന്ന ജില്ലകളിലെ വീടുകളിലേക്കും വാഹനങ്ങളിലും വാതകം വിതരണംചെയ്യുന്ന സിജിഡി (സിറ്റിഗ്യാസ് ഡിസ്ട്രിബ്യൂഷൻ)യിൽ പ്രധാന പൈപ്പിൽനിന്ന് ടാപ് ചെയ്യാൻ സംവിധാനവും വാൽവ് സ്റ്റേഷനുകളിൽ ഉണ്ടാകും. എറണാകുളത്ത് വീടുകളിലേക്കും (പിഎൻജി പൈപ്ഡ് നാച്വറൽ ഗ്യാസ്) വാഹനങ്ങളിലേക്കും (സിഎൻജി കോപ്രസ്ഡ് നാച്വറൽ ഗ്യാസ്) വിതരണം തുടരുന്നുണ്ട്. ബാക്കി ജില്ലകളിൽ വീടുകളിലേക്കും വാഹനങ്ങളിലേക്കും വാതക വിതരണത്തിന് ഏജൻസിയെ പിഎൻജിആർബി (പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ്) നിശ്ചയിച്ചു. അതിനാൽ ഓരോ ജില്ലയിലെയും സിറ്റി ഗ്യാസ് വിതരണത്തിനുള്ള പ്രവൃത്തിയും പ്രധാന പൈപ്പ് സ്ഥാപിക്കലോടൊപ്പം ചെയ്യാനാകും.
പ്രളയകാലത്ത് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യന്ത്രസാമഗ്രികളും മറ്റും വെള്ളത്തിലായി നശിച്ചതിനാൽ പദ്ധതിയുടെ പുരോഗതിയെ സാരമായി ബാധിച്ചു. മറ്റ് ജില്ലകളിൽ ജോലികൾ അന്തിമഘട്ടത്തിലാണ്.
from Kerala || Deshabhimani Online News https://ift.tt/2PAiMwB
via IFTTT
No comments:
Post a Comment