കൊച്ചി
എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് സ്‌കീമിലെ തൊഴിലാളിവിരുദ്ധ ഭേദഗതികൾ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി. പെൻഷൻ നിശ്ചയിക്കാൻ 60 മാസത്തെ ശരാശരി ശമ്പളം കണക്കിലെടുക്കണമെന്ന വ്യവസ്ഥ അടക്കമുള്ള ഭേദഗതികളാണ് ജസ്റ്റിസുമാരായ കെ സുരേന്ദ്രമോഹൻ, എ എം ബാബു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റദ്ദാക്കിയത്.
കേന്ദ്രസർക്കാരിന്റെ 2014ലെ ഭേദഗതിയും തുടർന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമീഷണർ പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദാക്കി. പെൻഷൻ നിർണയത്തിന് സർവീസിലെ അവസാന 12 മാസത്തെ ശരാശരി എന്ന മുൻവ്യവസ്ഥ പുനഃസ്ഥാപിച്ചു. പിഎഫിലേക്ക‌് ജീവനക്കാർ 1.16 ശതമാനം അധികവിഹിതം നൽകണമെന്ന വ്യവസ്ഥയും റദ്ദാക്കി.
ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകുന്നവർക്ക് കാലപരിധിയില്ലാതെ സ്‌കീം തെരഞ്ഞെടുക്കാം. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള വിലക്കും കോടതി നീക്കി. തൊഴിലാളിസംഘടനകളും ട്രേഡ് യൂണിയൻ പ്രവർത്തകരുമടക്കം ഫയൽചെയ്ത 500 ഓളം ഹർജികൾ തീർപ്പാക്കിയാണ് കോടതിവിധി. 1995ൽ പെൻഷൻ പദ്ധതി പാർലമെന്റ് നിയമമാക്കിയപ്പോൾ ജീവനക്കാർക്ക് ഉയർന്ന ഓപ്ഷൻ തെരഞ്ഞെടുക്കാൻ കാലപരിധി നിശ്ചയിച്ചിരുന്നില്ല. എന്നാൽ, ഓപ്ഷൻ അവകാശം കേന്ദ്രസർക്കാർ നീക്കുകയായിരുന്നു. സർക്കാർ ഉത്തരവിന് പാർലമെന്റിന്റെ അംഗീകാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാനവാദം.
ഉയർന്ന പെൻഷൻ തെരഞ്ഞെടുത്ത ജീവനക്കാർ 2014 സെപ്തംബർ ഒന്നുമുതൽ തങ്ങളുടെ യഥാർഥ വാർഷികശമ്പളത്തിന്റെ 15,000 രൂപയ‌്ക്കുമുകളിലുള്ള തുകയുടെ 1.16 ശതമാനം വകമാറ്റി പെൻഷൻ ഫണ്ടിലേക്ക് നീക്കാനുള്ള നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന ഹർജിഭാഗം വാദവും കോടതി അംഗീകരിച്ചു. ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകരായ കെ ഗോപാലകൃഷ്ണക്കുറുപ്പ്, തമ്പാൻ തോമസ് എന്നിവരടക്കം അമ്പതോളം അഭിഭാഷകർ ഹാജരായി.
from Kerala || Deshabhimani Online News https://ift.tt/2NDIH4P
via IFTTT
No comments:
Post a Comment