ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ച‌് രൂപീകരിക്കുന്ന കേരള ബാങ്കിന‌് ചുരുങ്ങിയത‌് ആയിരം കോടി രൂപയുടെ ആസ‌്തിയുണ്ടാകും. കെട്ടിടത്തിന്റെയും മറ്റ‌് ബാങ്കിംഗ‌് സംവിധാനങ്ങളുടെയും മൂല്യമാണിത‌്. പേര‌് അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട‌്. കേരള കോ–ഒാപ്പറേറ്റീവ‌് ബാങ്ക‌് എന്നാണ‌് നിർദേശം. സംസ്ഥാനത്താകെ ശാഖാപ്രാതിനിധ്യമുള്ള ബാങ്കായി ഇത‌് മാറും.
നിലവിൽ ജില്ലാ സഹകരണബാങ്കുകൾക്ക‌് 783 ശാഖകളുണ്ട‌്. സംസ്ഥാന സഹകരണബാങ്കിന‌് 20 ഉം. 1670 കാർഷിക വായ‌്പാ സഹകരണസംഘങ്ങളും ഇവയ‌്ക്കുകീഴിൽ 2929 ശാഖകളുമുണ്ട‌്. ഇവയെല്ലാം കേരള ബാങ്കിന്റെ സേവനങ്ങൾ ലഭ്യമാക്കും. കുറഞ്ഞത‌് 53000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ‌് പ്രതീക്ഷ.
നിലവിൽ ജില്ലാബാങ്കുകളിൽ 55000 കോടി രൂപയുടെ നിക്ഷേപവും 30000 കോടിയുടെ വായ‌്പയുമാണ‌് നിലവിലുള്ളത‌്. പ്രാഥമികസംഘങ്ങളിൽ 83152 കോടി രൂപയുടെ നിക്ഷേപവും 56705 കോടി രൂപയുടെ വായ‌്പയുമുണ്ട‌്. ഏതാണ്ട‌് 26000 കോടിയിലധികം രൂപയുടെ നിക്ഷേപം വിനിയോഗിക്കപ്പെടാത്തതായുണ്ട‌്.
ഈ തുക വികസനാവശ്യങ്ങൾക്ക‌് വിനിയോഗിക്കാൻ കേരള ബാങ്ക‌് രൂപീകരണം സഹായകമാകും. വിദേശ ഇന്ത്യക്കാരിൽനിന്ന‌് നിക്ഷേപം സ്വീകരിക്കാനുള്ള അനുവാദവും തേടും. കേരള ബാങ്ക് രൂപീകരണത്തോടെ പ്രാഥമിക ബാങ്കുകളെ കൂടുതൽ ശക്തമാക്കാനാകും. നിക്ഷേപം, വായ‌്പ തുടങ്ങിയവ പ്രാഥമിക ബാങ്കുകൾ സ്വന്തംനിലയിൽ നൽകും.
ആധുനികസേവനങ്ങളും കേരള ബാങ്കിലൂടെ പ്രാഥമിക ബാങ്കുകൾ ഉപയോക്താക്കളിലെത്തിക്കും. സാങ്കേതികവൈദഗ‌്ധ്യമുള്ള ജീവനക്കാരും പ്രൊഫഷണൽ സമീപനവും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ സേവനങ്ങളും നവീനങ്ങളായ ബാങ്കിങ‌് ഉല്പന്നങ്ങളും സവിശേഷതയാകും. ത്രിതലസംവിധാനത്തിലെ ഒരു തട്ട‌് ഒഴിവാക്കപ്പെടുന്നതോടെ സേവനങ്ങൾക്കുള്ള ചെലവും വായ‌്പാകൈമാറ്റത്തിലെ കാലതാമസവും കുറയും. കോർ ബാങ്കിങ‌്, സെൻട്രൽ പേമെന്റ‌് സംവിധാനങ്ങളിലെ എല്ലാ സേവനങ്ങളും പ്രാഥമികസംഘങ്ങളിലെ ഇടപാടുകാർക്കും ഉറപ്പാക്കാനാകും.
പ്രാഥമികസംഘങ്ങളുടെ വ്യക്തിത്വം ഉറപ്പാക്കിയാണ‌് കേരള ബാങ്ക‌് രൂപീകരണം. പ്രാഥമിക ബാങ്കുകളായിരിക്കും ഉടമകൾ. ഇതിലൂടെ മൂലധനത്തിന്റെ ഗണ്യമായ ഭാഗം പ്രാഥമികസംഘങ്ങൾക്ക‌് ഉറപ്പാക്കും. ഡയറക്ടർ ബോർഡിലും മതിയായ പ്രാതിനിധ്യമുണ്ടാകും.
നയ, ഘടന രൂപീകരണങ്ങളിൽ മതിയായ അധികാരം ഉറപ്പാക്കും. വിവിധോദ്ദേശ്യസംഘങ്ങൾ, വനിതാസംഘങ്ങൾ, ജീവനക്കാരുടെ സംഘങ്ങൾ തുടങ്ങിയവയ‌്ക്ക‌് അതത‌് മേഖലയിലെ അപ്പെക്‌സ‌് സംഘം വഴിയോ അല്ലെങ്കിൽ നാമമാത്ര അംഗത്വം വഴിയോ കേരള ബാങ്കിന്റെ സേവനം ലഭ്യമാക്കുന്നതും പരിഗണിക്കും.
from Kerala || Deshabhimani Online News https://ift.tt/2xYy3Ra
via IFTTT
No comments:
Post a Comment