സ്വന്തം ലേഖകൻ
കേരളത്തിൽ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളിൽ റെഡ് അലെർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ഇബിയുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടികൾ സ്വീകരിക്കും.
തമിഴ്നാടിന്റെ അധീനതയിലുള്ള ഡാമുകളിലെ ജലനിരപ്പ് ഏകദേശം പൂർണമായതിനാൽ ഷോളയാർ ഡാമിന്റെ ഒരു ഷട്ടറും പെരിങ്ങൽകുത്ത് ഡാമിന്റെ രണ്ട‌് ഗേറ്റും തുറന്ന് ചെറിയതോതിൽ വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്. ഇടമലയാർ ഡാമിന്റെ ജലനിരപ്പ് ഇപ്പോൾ 160 മീറ്റർ താഴെയാണെങ്കിലും ഡാമിന്റെ ഗേറ്റുകൾ തുറന്നുവയ്ക്കും. വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും യെല്ലോ അലർട്ട് ആയതിനാൽ ബാണാസുരസാഗർ ഡാമിൽനിന്നും കുറ്റ്യാടി ഡാമിൽനിന്നും ആവശ്യമെങ്കിൽ വെള്ളം കുറേശ്ശ പുറത്തേയ്ക്ക് ഒഴുക്കും. ശബരിമലയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്പ, കക്കി ഡാമുകളിൽനിന്ന‌് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുക.
ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധിനിരപ്പിൽനിന്ന‌് 15 അടി കുറവാണ‌്. എന്നാൽപോലും ആവശ്യമെങ്കിൽ വെള്ളം ഒഴുക്കിവിടും. അതിനുമുമ്പ‌് ജില്ലാ ഭരണാധികാരികളെയും ദുരന്തനിവാരണ അതോറിറ്റിയെയും അറിയിച്ച് മുൻകൂർ അനുമതി വാങ്ങണമെന്ന‌് ഉദ്യോഗസ്ഥർക്ക‌് കെഎസ‌്ഇബി നിർദേശം നൽകി.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൺട്രോൾ റൂമുകൾ പ്രവർത്തിക്കാനും മാട്ടുപ്പെട്ടി, പൊൻമുടി, കുണ്ടള ഡാമുകളിൽനിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ആവശ്യമെങ്കിൽ ഉയർത്താനും തീരുമാനിച്ചു. കൃത്യമായ നിരീക്ഷണത്തിനും ഏകോപനത്തിനുമായി കെഎസ‌്ഇബി ഡാം സേഫ്റ്റി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി.
എല്ലാ ഡാം സൈറ്റുകളിലും ഉപഗ്രഹ ഫോൺ
കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകൾ ലഭ്യമാക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹ ഫോൺ, കക്കി ആനത്തോട് ഡാം എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് താൽക്കാലികമായി നൽകും.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ‌് തീരുമാനം. ചീഫ‌് സെക്രട്ടറി ടോം ജോസ‌് അധ്യക്ഷനായി. ന്യൂനമർദം, ചുഴലിക്കാറ്റ‌് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികളും യോഗം വിലയിരുത്തി. ജലവിഭവ വകുപ്പും കെഎസ്ഇബിയും ഡാമുകളിലെക്ക് എത്തുന്ന വെള്ളവും നിലവിലെ സ്ഥിതിയും ഡാമിലെ ദീർഘകാല ജലഅളവുകളും മഴയുടെ പ്രവചനവും പരിഗണിച്ച് ഒരു നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കും. ഡാമുകൾ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് എൻജിനിയർമാർ നിരന്തരം കലക്ടർമാരുമായി സമ്പർക്കം പുലർത്തണമെന്നും കലക്ടർമാരുടെ അനുമതി മുൻകൂട്ടി വാങ്ങിയശേഷംമാത്രമേ ഷട്ടറുകൾ തുറക്കാൻ പാടുള്ളു എന്നും യോഗം നിർദേശിച്ചു.
തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ് എന്നതിനാൽ, ഇവ മുൻകൂട്ടി തുറന്നുവിടാൻ ആവശ്യമായ നിർദേശം നൽകണമെന്ന് കേന്ദ്ര ജല കമീഷനോട് ആവശ്യപ്പെടും.
പീച്ചി, ചിമ്മിനി, ഷോളയാർ ഷട്ടറുകൾ ഉയർത്തി
തൃശൂർ
ശനി, ഞായർ ദിവസങ്ങളിൽ കനത്തമഴ സാധ്യതയുള്ളതിനാൽ ജില്ലയിലെ പ്രധാന ഡാമുകളുടെ ഷട്ടറുക നേരിയതോതിൽ ഉയർത്തി. പീച്ചിയിൽ നാല് ഇഞ്ച്, ചിമ്മിനിയിൽ പത്ത് സെ.മീ., ഷോളയാർ അരയടി എന്നിങ്ങനെയും പെരിങ്ങൽക്കുത്തിലെ സ്ല്യൂയിസുകളുമാണ് തുറന്നത്. 25 മീറ്റർ സംഭരണ ശേഷിയുള്ള പീച്ചി ഡാമിൽ, നിലവിലെ ജലനിരപ്പ് 78.61 ആണ്. വ്യാഴാഴ്ച പകൽ രണ്ടിന് നാലു ഷട്ടറുകളും ഒരു ഇഞ്ച് വീതം തുറന്നു. ചിമ്മിനിയിൽ വ്യാഴാഴ്ച നാലു ഷട്ടറുകളും 10 സെന്റീ മീറ്റർ ഉയർത്തി. രണ്ട് തവണയായാണ് ഉയർത്തിയത്. 76.40 അടി ജലസംഭരണ ശേഷിയുള്ള ഡാമിൽ നിലവിൽ 75.38 അടി വെള്ളമുണ്ട്. ഷോളയാർ ഡാമിന്റെ ഷട്ടറുകളിൽ ഒന്ന് അരയടി തുറന്നു.
2658.80 അടി വെള്ളം ഡാമിലുണ്ട്. ശനിയാഴ്ച വൈകിട്ടോടെ കനത്തമഴ ലഭിച്ചില്ലെങ്കിൽ ഷട്ടർ താഴ്ത്തുമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് സെക്കൻഡിൽ 2.02 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് വരുന്നുണ്ട്. അതിരപ്പിള്ളിയിലും വാഴച്ചാലിലും ടൂറിസ‌്റ്റുകൾക്ക‌് നിയന്ത്രണം ഏർപ്പെടുത്തി.
from Kerala || Deshabhimani Online News https://ift.tt/2P9yzlG
via IFTTT
No comments:
Post a Comment