തിരുവനന്തപുരം
കെഎസ്ആർടിസി ജീവനക്കാർ ഒക്‌ടോബർ രണ്ട‌് മുതൽ നടത്താൻ തീരുമാനിച്ച പണിമുടക്ക് തടയുന്ന ഹൈക്കോടതി വിധി നിർഭാഗ്യകരമാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. തൊഴിലാളികളുടെ കൂട്ടായ വിലപേശൽ അവകാശത്തെ നിഷേധിക്കുന്നതാണ് ഈ വിധി. നവ ഉദാരവൽക്കരണ നയങ്ങൾക്കനുസൃതമായി നീതിന്യായപീഠങ്ങൾ വിധി പുറപ്പെടുവിക്കുന്നത് പ്രതിഷേധാർഹമാണ്.
അംഗീകൃത ട്രേഡ് യൂണിയനുകൾ നിയമാനുസൃതം നോട്ടീസ് നൽകിയാണ് പണിമുടക്ക് നടത്തുന്നത്. എന്തിനാണ് തൊഴിലാളികൾ പണിമുടക്കുന്നതെന്ന് ട്രേഡ് യൂണിയനുകളോട് കോടതി ചോദിച്ചില്ല. ഹർജി സമർപ്പിച്ച വ്യക്തിയുടെ വാദം മാത്രം കേട്ട് വിധി പ്രസ്താവിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു.
തൊഴിൽതർക്കം രമ്യമായി പരിഹരിക്കാൻ ഇരുകൂട്ടരോടും കോടതിക്ക് അഭ്യർഥിക്കാമായിരുന്നു. തൊഴിലാളി സംഘടനകൾ ആരോപിക്കുംവിധത്തിലുള്ള നടപടികൾ കെഎസ്ആർടിസി മാനേജ്‌മെന്റ് അനുവർത്തിക്കുന്നുണ്ടെങ്കിൽ അത് തിരുത്താൻ പറയാമായിരുന്നു. അവശ്യ സർവീസ് സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകൾക്കും രാജ്യത്തെ നിയമങ്ങൾ ബാധകമാണെന്ന് അവരെ ഓർമിപ്പിക്കാൻ ഹൈക്കോടതി ശ്രമിച്ചില്ല.
ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേൾക്കാതെ, കെഎസ്ആർടിസി തൊഴിലാളികളോട് പണിമുടക്കരുത് എന്ന് കല്പിക്കുന്ന കോടതി നിലപാട് പുനഃപരിശോധിക്കണമെന്നും അഭ്യർഥിച്ചു.
from Kerala || Deshabhimani Online News https://ift.tt/2DK1nzQ
via IFTTT
No comments:
Post a Comment