ന്യൂഡൽഹി > മെക്കാ മസ‌്ജിദ‌് സ‌്ഫോടനക്കേസിൽ ആർഎസ‌്എസ‌് നേതാവ‌് സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ‌്ജി ബിജെപിയിലേക്ക‌്. ഹൈദരാബാദിലെ നാമ്പള്ളി കോടതിയിലെ അഡീഷണൽ മെട്രോപൊളിറ്റൻ സെഷൻസ‌് ജഡ‌്ജിയായിരുന്ന കെ രവീന്ദർ റെഡ്ഡിയാണ‌് ബിജെപിയിൽ ചേരുന്നത‌്. 'ദേശസ‌്നേഹികളുടെ പാർടിയായ' ബിജെപിയിൽ ചേർന്ന‌് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന‌് രവീന്ദർ റെഡ്ഡി ദേശീയ അധ്യക്ഷൻ അമിത‌് ഷാ ഉൾപ്പെടെയുള്ള നേതാക്കളോട‌് പറഞ്ഞതായി വാർത്തകൾ പുറത്തുവന്നു. വ്യാഴാഴ‌്ച അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ‌് അറിയിച്ചത‌്. തെലങ്കാനയിലെ ബിജെപി ആസ്ഥാനത്ത‌് രവീന്ദർ റെഡ്ഡിക്ക‌് സ്വാഗതമോതുന്ന ബാനറുകളും പ്രത്യക്ഷപ്പെട്ടു.
2007ലാണ‌് മെക്കാ മസ‌്ജിദിൽ സ‌്ഫോടനമുണ്ടായത‌്. അസീമാനന്ദ ഉൾപ്പെടെ അഞ്ച‌് പ്രതികളെ എൻഐഎ കോടതി ജഡ‌്ജികൂടിയായ രവീന്ദർ റെഡ്ഡി കുറ്റവിമുക്തനാക്കി. കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന‌് സാധിച്ചിട്ടില്ലെന്നായിരുന്നു റെഡ്ഡിയുടെ നിരീക്ഷണം. ആർഎസ‌്എസിൽ അംഗമായതുകൊണ്ടുമാത്രം ഒരാളും വർഗീയവാദിയോ സാമൂഹ്യവിരുദ്ധനോ ആകുന്നില്ലെന്നും വിധിയിൽ അഭിപ്രായപ്പെട്ടിരുന്നു. ഉത്തരവ‌് പുറപ്പെടുവിച്ച‌് മണിക്കൂറുകൾക്കുള്ളിൽ റെഡ്ഡി രാജിവച്ചത‌് വിവാദമായിരുന്നു. ബിജെപിക്ക‌് അനുകൂലമായ ഉത്തരവ‌് പുറപ്പെടുവിച്ച ജഡ‌്ജി വാഗ‌്ദാനം ചെയ്യപ്പെട്ട പാരിതോഷികം പറ്റാനാണ‌് പാർടിയിൽ ചേരുന്നതെന്ന ആക്ഷേപമുയർന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത‌് ഷാ 19ന‌് ഹൈദരാബാദ‌് സന്ദർശിച്ചപ്പോൾ രവീന്ദർ റെഡ്ഡിയുമായി ചർച്ച നടത്തിയിരുന്നു. വിവാദങ്ങൾ അനാവശ്യമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ‌് കെ ലക്ഷ‌്മൺ പ്രതികരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2PTUMEr
via IFTTT
No comments:
Post a Comment