പത്തനാപുരം > ഒരു വനിതയെന്ന നിലയിൽ എന്നെ ആക്രമിച്ചിട്ട് ആക്രമണകാരികൾക്ക് അനുകൂലമായി കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞ പ്രസ്താവന അപഹാസ്യമാണെന്ന് സംസ്ഥാന വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. അപക്വവും അനാരോഗ്യവുമായ പ്രസ്താവന നടത്തിയ ഹസ്സൻ കേരളത്തിലെ സ്ത്രീ സമൂഹത്തോട് മാപ്പു പറയണം. പ്രസ്താവന കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ എം എം ഹസ്സന് ചേർന്നതാണോയെന്ന് കോൺഗ്രസിലെ തന്നെ വനിതാ പ്രവർത്തകർ ആലോചിക്കണമെന്നും അവർ ‘ദേശാഭിമാനി’യോട് പറഞ്ഞു.
സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയാണ് ഇവിടെ ഉണ്ടായത്. ഒരിക്കലും ഒരു ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാർടിക്ക് യോജിച്ചല്ല ഇത്. കോൺഗ്രസ് സ്ത്രീകൾക്കു വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നത് ഇവരുടെ കപടതയാണെന്ന് കേരള സമൂഹം മനസ്സിലാക്കും.
വനിതാ ഡിസിസി പ്രസിഡന്റിന്റെ ജില്ലയിലാണ് ഹർത്താലിന്റെ പേരിൽ ഒരു വനിതയ്ക്ക് കോൺഗ്രസ് പ്രവർത്തകരിൽനിന്ന് ആക്രമണം ഉണ്ടായത്. സംഭവമുണ്ടായിട്ട് നിജസ്ഥിതി മനസ്സിലാക്കാതെ ആക്രമണകാരികൾക്ക് കൂട്ടുനിൽക്കുകയാണ് ഇവർ.
കോൺഗ്രസ് വിട്ട് സിപിഐ എമ്മിൽ ചേർന്നതിൽ അസഹിഷ്ണുക്കളായ കോൺഗ്രസ് നേതൃത്വം ബോധപൂർവം ഉണ്ടാക്കിയ ആക്രമണമാണിത്. ഹർത്താലിന്റെ മറവിൽ രാഷ്ട്രീയ വൈരാഗ്യംവച്ച് ആക്രമിക്കാനുള്ള ഗൂഢപദ്ധതിയാണ് ഇട്ടത്. ആക്രമണ സമയത്ത് കോൺഗ്രസ് പ്രവർത്തകർ എനിക്കു നേരെ ഓടിയെത്തി പറഞ്ഞ വാക്കുകൾ ഇത് ബലപ്പെടുത്തുന്നു. കേരളത്തിലെ വനിതകൾക്ക് സുരക്ഷിതത്വവും സംരക്ഷണവും നീതിയും ലഭ്യമാക്കുന്നതാണ് വനിതാ കമീഷൻ. അങ്ങനെയുള്ള തനിക്കു നേരെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയത്. അങ്ങനെയെങ്കിൽ സാധാരണ സ്ത്രീകളോട് ഇവർ എങ്ങനെയായിരിക്കും പെരുമാറുക. ഇവർക്ക് സ്ത്രീസുരക്ഷയെപ്പറ്റി ഒരു വാക്കും പറയാൻ അവകാശമില്ല.
ഞായറാഴ്ച കോഴിക്കോട്ടെ ഒരു പരിപാടിക്കു ശേഷം തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് വീട്ടിൽ എത്തിയത്. വനിതാ കമീഷൻ അംഗം എന്ന നിലയിൽ മൗണ്ട് താബോർ കോൺവെന്റിലെ സിസ്റ്റർ സൂസന്നയുടെ മരണവിവരം അറിഞ്ഞ് ഹർത്താൽ ദിനത്തിൽ ഔദ്യോഗികമായി പോകുകയായിരുന്നു. കൊല്ലത്തുനിന്ന് തലവൂർ വരെ ഒരു തടസ്സവും സൃഷ്ടിച്ചില്ല. തലവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ മുൻവശത്ത് ഞങ്ങളുടെ വാഹനം തടഞ്ഞു. എന്റെ വാഹനത്തിനു മുന്നിൽ രണ്ടു വാഹനം ഉണ്ടായെങ്കിലും ആ വാഹനങ്ങൾ തടഞ്ഞില്ല. ഡ്രൈവർ വാഹനം നിർത്തിയതും വാഹനത്തിനു ചുറ്റും കൂടിയ കോൺഗ്രസ് പ്രവർത്തകർ വാഹനത്തിൽ കൊടികെട്ടിയ കമ്പുകൊണ്ട് അടിച്ചു. ഗ്ലാസ് പൊട്ടാതിരിക്കാൻ ഞാൻ ഡോറിന്റെ ഗ്ലാസ് താഴ്ത്തിയതോടെ എന്റെ തലമുടിക്ക് ചുറ്റിപ്പിടിച്ച് തലയിൽ അടിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ഡ്രൈവറെയും മർദിച്ചു. കോൺഗ്രസ് വിട്ട് സിപിഐ എമ്മിൽ പോയതല്ലേ, നിന്റെ സംരക്ഷകരെ വിളിക്ക് എന്നു പറഞ്ഞ് ഒരു സ്ത്രീയോട് പറയാൻ പറ്റാത്ത അസഭ്യം പറഞ്ഞു. 15 മിനിറ്റോളം എന്നെ തടഞ്ഞു നിർത്തി. വിവരം അറിഞ്ഞ സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശന്റെ നിർദേശത്തെ തുടർന്ന് അവിടെയെത്തിയ പാർടി പ്രവർത്തകരും പൊലീസും ചേർന്നാണ് അക്രമകാരികളിൽനിന്ന് എന്നെ രക്ഷപ്പെടുത്തിയത്. കാറിന്റെ ഗ്ലാസ് തുറന്ന് പ്രായം ചെന്ന കോൺഗ്രസ് പ്രവർത്തകനോട് ഞാൻ വനിതാ കമീഷൻ അംഗമാണ് എന്ന് പറഞ്ഞപ്പോൾ ഇവരെ ഉപദ്രവിക്കരുത് എന്നു പറഞ്ഞ അദ്ദേഹത്തെ അക്രമികൾ വലിച്ച് തറയിലിട്ടു. കോൺഗ്രസ് വിട്ടുപോകുന്നവർക്ക് ഇതാണ് അനുഭവം എന്ന് അവർ താക്കീത് തന്നതായി ഷാഹിദ പറഞ്ഞു.
എഐസിസി അംഗം ആയിരിക്കെയും കോൺഗ്രസ് പ്രവർത്തകരിൽനിന്ന് എനിക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജഗദീഷ് എതിർ സ്ഥാനാർഥി കെ ബി ഗണേശ്കുമാറിനെതിരെ വ്യക്തിഹത്യ ചെയ്യുന്ന പ്രസ്താവന നടത്തിയപ്പോൾ അത് ശരിയല്ല എന്നു പറഞ്ഞു. തെരഞ്ഞെടുപ്പിലെ ചർച്ച ആരോഗ്യകരമായിരിക്കണമെന്ന് അന്ന് ഞാൻ പറഞ്ഞപ്പോൾ ഗാന്ധിഭവനിലെ പരിപാടി കഴിഞ്ഞ് കൊല്ലത്തേക്കു പോയ എന്നെ മഞ്ചള്ളൂരിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു. പിന്നീട് സിപിഐ എമ്മിൽ ചേർന്നതോടെ പാർടി നൽകിയ സുരക്ഷയെത്തുടർന്ന് എന്നെ ആക്രമിക്കാൻ കഴിയാത്ത കോൺഗ്രസുകാർ ഹർത്താലിന്റെ മറവിൽ ബോധപൂർവം ആക്രമിക്കുകയായിരുന്നു.
വനിതാ കമീഷൻ യോഗം വരുന്ന ദിവസം ചേരുമെന്നും കമീഷന്റെ യോഗത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം അവതരിപ്പിക്കുമെന്നും തുടർനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നടപടി എടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് അവർ നന്ദി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2x5T7nh
via IFTTT
No comments:
Post a Comment