തിരുവനന്തപുരം > ബ്രൂവറികളും ഡിസ്റ്റിലറിയും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട‌് 1999 ലെ സർക്കാർ ഉത്തരവ‌് സംബന്ധിച്ച‌് പ്രതിപക്ഷനേതാവിന്റെ ആവർത്തിച്ചുള്ള പ്രചാരണം പുകമറ സൃഷ്ടിക്കാൻ. കേരളത്തിൽ പുതിയ ബ്രൂവറികളും ഡിസ‌്റ്റിലറികളും ആവശ്യമില്ലെന്നും ഇനി ലൈസൻസ‌് നൽകേണ്ടതില്ലെന്നുമുള്ള 1999 ലെ ഉത്തരവ‌് ഈ സർക്കാർ ലംഘിച്ചുവെന്നുമാണ‌് ചെന്നിത്തല നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത‌്. എന്നാലിത‌് വസ‌്തുതകൾക്ക‌് നിരക്കാത്തതാണെന്ന‌് അന്നത്തെ സർക്കാർ രേഖകൾതന്നെ വ്യക്തമാക്കുന്നു.
അന്ന‌് സർക്കാരിനുമുന്നിൽ വന്ന അപേക്ഷകൾ പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് 1999 സെപ‌്തംബർ 24ലെ മന്ത്രിസഭായോഗം ഉത്തരവിറക്കിയത‌്. അത‌് അന്നു ലഭിച്ച 110 അപേക്ഷയ‌്ക്കുമാത്രം ബാധകമായതാണെന്ന‌് അന്നത്തെ നടപടിക്രമങ്ങൾ വ്യക്തമാക്കുന്നു. അപേക്ഷകൾ സൂക്ഷ‌്മ പരിശോധന നടത്താൻ നാലംഗ കമ്മിറ്റിയെ നിയോഗിച്ച‌് 1998 നവംബർ 25നാണ‌് നികുതിവകുപ്പ‌് പ്രിൻസിപ്പൽ സെക്രട്ടറി വിനോദ‌് റായ‌് ഉത്തരവിട്ടത‌്. നികുതിവകുപ്പ‌് പ്രിൻസിപ്പൽ സെക്രട്ടറി, എക‌്സൈസ‌് കമീഷണർ, ടൂറിസം സെക്രട്ടറി, ബിവറേജസ‌് കോർപറേഷൻ എംഡി എന്നിവരടങ്ങുന്നതായിരുന്നു കമ്മിറ്റി.
ഡിസ‌്റ്റിലറികൾ ആരംഭിക്കുന്നതിന‌് ലഭിച്ച അപേക്ഷകൾ ഷോർട‌് ലിസ‌്റ്റ‌് ചെയ്യാനായിരുന്നു കമ്മിറ്റി.
99 സെപ‌്തംബർ 24ന‌് നടന്ന മന്ത്രിസഭായോഗത്തിൽ അജണ്ടയ‌്ക്കുപുറത്തുള്ള രണ്ടാമത്തെ ഇനമായാണ‌് വിഷയം വന്നത‌്. എല്ലാ അപേക്ഷകളും നിരസിക്കാമെന്നും മന്നം ഷുഗർ മിൽസിന്റെ അപേക്ഷ പരിഗണിക്കാമെന്നും നിലവിലെ ഡിസ‌്റ്റിലറികളുടെ ശേഷി അവർ ആവശ്യപ്പെടുന്ന പക്ഷം ചട്ടങ്ങൾ കർശനമായി പാലിച്ച‌് വർധിപ്പിച്ചു നൽകാമെന്നുമായിരുന്നു തീരുമാനം. ഈ തീരുമാനമാണ‌് 1999 സെപ‌്തംബർ 29ന‌് സർക്കാർ ഉത്തരവായി പുറത്തിറങ്ങിയത‌്.
അന്നത്തെ അപേക്ഷകൾ നിരസിക്കാൻ മാത്രമാണ‌് ആ ഉത്തരവ‌് പറയുന്നത‌് എന്നത‌് വ്യക്തം. ഡിസ‌്റ്റിലറികൾക്കും ബ്രൂവറികൾക്കും മേലിൽ ലൈസൻസ‌് നൽകരുതെന്ന പരാമർശം ഈ ഉത്തരവിൽ ഒരിടത്തുമില്ല.
from Kerala || Deshabhimani Online News https://ift.tt/2NSqrto
via IFTTT
No comments:
Post a Comment