കൊച്ചി
ഓഫീസർമാരുടെ ധൂർത്തും അധികാര ദുർവിനിയോഗവും അവസാനിപ്പിക്കണമെന്ന‌് റെയിൽവേ ബോർഡ‌് ചെയർമാൻ. ഇതു സംബന്ധിച്ച‌് എല്ലാ ഓഫീസർമാർക്കും പ്രത്യേക നിർദേശം നൽകി.
റെയിൽവേയുടെ മെക്കാനിക്കൽ, ഇലക‌്ട്രിക്കൽ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും തലവൻമാരും പ്രത്യേകിച്ച‌് പ്രിൻസിപ്പൽ ചീഫ‌് ഓപ്പറേഷൻസ‌് മാനേജർമാരും ഔദ്യോഗിക യാത്രകൾക്ക‌് ഒരു എൻജിനും കോച്ചും അടങ്ങിയ ചെറിയ ട്രെയിനുകൾ സ്വകാര്യ വാഹനം പോലെ ഉപയോഗിക്കുന്നത‌് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട‌്. ഇത‌് അനുവദിക്കാനാവില്ലെന്ന‌് ചെയർമാൻ വ്യക‌്തമാക്കി. ആവശ്യമെങ്കിൽ സാധാരണ ട്രെയിനിനോട‌് അനുബന്ധിച്ച‌് ഒരു അധിക കോച്ച‌് കൂടി ഘടിപ്പിച്ചാൽ മതിയാകും. അല്ലാതെയുള്ള നടപടി ദേശീയ വിഭവം ദുരുപയോഗം ചെയ്യലാണ‌്.
പ്രത്യേക പരിശോധനയെന്ന പേരിൽ ഡ്യൂട്ടി രാത്രി 11.50നും 11.55നും ഡ്യൂട്ടി ആരംഭിക്കുന്നതായി രേഖപ്പെടുത്തി, ജോലി രണ്ടു ദിവസം നീണ്ടതായി കാണിച്ച‌് മുപ്പതു ശതമാനത്തിലധികം യാത്രാബത്ത ഈടാക്കുന്ന ഓഫീസർമാരുമുണ്ട‌്. ഇതും അനുവദിക്കാനാവില്ല. ട്രെയിൻ പാളം തെറ്റുന്ന സംഭവങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെറും 10 മിനിറ്റ‌് നേരം സന്ദർശനം നടത്തുന്ന ഓഫീസർമാരും 200 ശതമാനം യാത്രാബത്ത അവകാശപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട‌്. പാളം തെറ്റലിനെ വരുമാനമുണ്ടാക്കുന്ന ഉപാധിയായി കാണുന്ന ഇത്തരം നടപടി വച്ചുപൊറുപ്പിക്കാനാവില്ലെന്നും റെയിൽവേ ബോർഡ‌് ചെയർമാൻ വ്യക‌്തമാക്കി.
സ്വകാര്യവൽക്കരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ‌് കേന്ദ്ര സർക്കാർ റെയിൽവേയുടെ പ്രധാന ചുമതലകളിൽ ഓഫീസർമാരെ നിയമിച്ചു തുടങ്ങിയത‌്. ഇവരുടെ അഴിമതിയും ധൂർത്തും തൊഴിലാളി പീഡനവും റെയിൽവേ ജീവനക്കാരുടെ സംഘടനകൾ നിരവധി തവണ ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട‌്. ഇതേ തുടർന്ന‌് ഗത്യന്തരമില്ലാതെയാണ‌് റെയിൽവേ നടപടി.
from Kerala || Deshabhimani Online News https://ift.tt/2DATih9
via IFTTT
No comments:
Post a Comment