ചേർപ്പ്
പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റാനുള്ള മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ആഹ്വാനം ഏറ്റെടുക്കാൻ മാരക രോഗത്തോട് മല്ലടിക്കുന്ന ഷീലയ്ക്ക് രണ്ടാമതൊന്നാലോചിയ്ക്കേണ്ടി വന്നില്ല. രണ്ട് വൃക്കയും തകരാറിലാണ‌്. ഒമ്പത് വർഷമായി ആഴ്ചയിൽ രണ്ട് തവണ വീതം ഡയാലിസിസ‌് നടത്തിയാണ‌് ജീവൻ നിലനിർത്തുന്നത‌്. അമ്മാടം പാരീസിലെ പെല്ലിശേരി സന്തോഷിന്റെ ഭാര്യയാണ് എൻജിഒ അസോസിയേഷൻ പ്രവർത്തക കൂടിയായ ഷീല. ഒരു മാസത്തെ ശമ്പളമായ 40,050 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ജീവനക്കാർക്ക് മാതൃകയും നാടിന് അഭിമാനവുമായി.
16 വർഷമായി വിവിധ ട്രഷറികളിലായി ജോലി ചെയ്തുവരുന്ന ഷീല ഇപ്പോൾ ചേർപ്പ് സബ‌് ട്രഷറിയിലെ സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റാണ്. സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ഗുരുതരമായ രോഗാവസ്ഥയിൽ ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാനാവില്ലെന്നതിനാൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഒരു മാസം മുമ്പ‌് വീടിനകത്ത് തെന്നിവീണ് നട്ടെല്ലിനും കാലിനും പരിക്ക് പറ്റി എഴുന്നേറ്റ് നടക്കാനാവാതെ കിടപ്പിലാണ് ഷീല. വലിയ സാമ്പത്തിക ബാധ്യതയുള്ള സമയമായതിനാൽ സാലറി ചാലഞ്ചിൽ പങ്കാളിയാകേണ്ടെന്ന് സഹപ്രവർത്തകർ നിർബന്ധിച്ചെങ്കിലും ഒഴിഞ്ഞു നിൽക്കാൻ ഷീല സമ്മതിച്ചില്ല.
മഹാപ്രളയത്തിന്റെ ഭാഗമായി തനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല. അതു കൊണ്ട് തന്നെ മറ്റുള്ളവരെ സഹായിക്കാൻ താൻ ബാധ്യസ്ഥയാണെന്നാണ് ഷീലയുടെ പക്ഷം. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തടസ്സമാകുന്നില്ല. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും പ്രാദേശിക കോൺഗ്രസ‌് പ്രവർത്തകനുമായ ഭർത്താവ് സന്തോഷിനും, ബിരുദ വിദ്യാർഥിയായ ഏകമകൾ ബ്ലസിയ്ക്കും ഷീലയുടെ മാതൃകാപരമായ തീരുമാനത്തോട് പൂർണയോജിപ്പാണുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2zBzKFb
via IFTTT
No comments:
Post a Comment