മയ്യിൽ > നെല്ലിക്കപ്പാലം കാലടിയിൽ മുസ്ലിം പള്ളി കല്ലെറിഞ്ഞു പൊളിച്ച കേസിൽ ലീഗ് നേതാക്കൾ പിടിയിൽ. കാലടി സ്വദേശിയും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ അലസൻ ഖാദർ എന്ന അബ്ദുൾ ഖാദർ (28), മൊയ്തു നിസാമി (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവർഷം മുമ്പാണ് പള്ളിക്കുനേരെ ഇവർ അക്രമം നടത്തിയത്. അതിനുശേഷം സിപിഐ എം പ്രവർത്തകരുടെ തലയിൽ കെട്ടിവച്ചു മുതലെടുക്കാനുള്ള വ്യാപകമായ ശ്രമവും മതസ്പർധ വളർത്താനുമുളള നീക്കവുമുണ്ടായി. ഇവരുടെ അറസ്റ്റോടെ പള്ളിഅക്രമത്തിന് പിന്നിലുണ്ടായിരുന്നവരുടെ യഥാർഥമുഖമാണ് പുറത്തുവന്നത്.
2016 മെയ് ഒന്നിന് അബ്ദുൾ റഹ്മാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി കാലടിയിൽ നടത്തിയ പൊതുയോഗം നടക്കുന്നതിനിടെയാണ് സംഭവം. മുഖ്യധാര പത്രാധിപൻ സഹീദ് റൂമി പ്രസംഗിക്കുന്നതിനിടെ മുസ്ലിംലീഗുകാർക്ക് സ്വാധീനമുള്ള ഈ പ്രദേശത്ത് നടന്ന പരിപാടി അലോങ്കോലപ്പെടുത്താൻ കല്ലെറിയുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. സംഭവത്തിൽ സൊസൈറ്റി പ്രവർത്തകരായ മൂന്ന് പേർക്കും രണ്ട് സിപിഐ എം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
തുടർന്ന് രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ് കാലടിയിലെ ജുമാമസ്‌ജിദിന് നേരെ കല്ലേറുണ്ടായത്. പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന് പിന്നിൽ സിപിഐ എം പ്രവർത്തകരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും ഇപ്പോൾ പിടിയിലായ മൊയ്തു നിസാമിയുൾപ്പെടെയുള്ള പള്ളിക്കമ്മിറ്റി ഭാരവാഹികൾ മയ്യിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടാൻ സാധിക്കാത്തതിനാൽ കേസ് കണ്ണൂർ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മരവിപ്പിച്ചു വയ്ക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സിപിഐ എം പ്രവർത്തകർക്ക് പങ്കില്ലെന്നും അന്നേ വിശ്വാസികൾ പറഞ്ഞിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണമായിരുന്നതിനാൽ സംഭവം സിപിഐ എമ്മിന്റെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു നീക്കം.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അബ്ദുൾ റഹ്മാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും മറ്റും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിക്കാൻ കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദൻ ഉത്തരവിട്ടത്.
from Kerala || Deshabhimani Online News https://ift.tt/2xHLODl
via IFTTT
No comments:
Post a Comment