കൊച്ചി> കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ ചോദ്യം ചെയ്യുന്നത‌് വെള്ളിയാഴ‌്ചയും തുടരും. വ്യാഴാഴ‌്ചയും എട്ടുമണിക്കൂറിലധികം ചോദ്യം ചെയ‌്തശേഷം വൈകിട്ട‌് ഏഴേകാലോടെ വിട്ടയച്ചു. വെള്ളിയാഴ‌്ച പകല്‍ 10.30ന‌് ചോദ്യം ചെയ്യൽ വീണ്ടും ആരംഭിക്കും. അന്വേഷണസംഘം മൂന്നു ടീമുകളായി തിരിഞ്ഞ‌് മൊഴി വിലയിരുത്തും. വെള്ളിയാഴ‌്ച ചോദ്യം ചെയ്യൽ പൂർത്തിയാക്കിയശേഷം അറസ‌്റ്റ‌് സംബന്ധിച്ച‌് തീരുമാനം ഉണ്ടാകും. ഇതുസംബന്ധിച്ച‌് പൊലീസ‌് നിയമോപദേശവും തേടി.
രണ്ടുദിവസത്തെ 15 മണിക്കൂർ ചോദ്യം ചെയ്യലിൽ ഫ്രാങ്കോ മുളയ്ക്കലിന് പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താൻ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിച്ചു. എന്നാൽ, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദർശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയിൽ എത്തിയില്ലെന്ന് വ്യക്തമാക്കുന്ന ടവർ ലൊക്കേഷൻ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചു. പല ചോദ്യങ്ങൾക്കും മുമ്പിൽ കൃത്യമായ മറുപടിയില്ലാതെ ബിഷപ് നിസ്സഹായനായി. സ്വകാര്യചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ബിഷപ്പ‌് അന്വേഷണസംഘത്തിന‌് കൈമാറി. ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ‌്തതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതും ബിഷപ്പിനെ കുഴപ്പിച്ചു.
ആദ്യദിവസത്തെ ചോദ്യങ്ങളും മറുപടിയും റേഞ്ച് ഐജി വിജയ് സാഖറേ, കോട്ടയം എസ‌്‌പി ഹരിശങ്കർ, വൈക്കം ഡിവൈഎസ‌്‌പി സുഭാഷ് എന്നിവർ യോഗം ചേർന്ന് വിശകലനം ചെയ‌്തിരുന്നു. ഇതിലുള്ള വൈരുധ്യങ്ങളിൽ വ്യക്തത വരുത്താനാണ‌് വ്യാഴാഴ‌്ച അന്വേഷണസംഘം ശ്രമിച്ചത‌്. തെളിവുകൾ നിരത്തി ക്രോസ‌്‌വിസ്താര രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടന്നത്. വ്യാഴാഴ‌്ച ഏഴരയായിട്ടും ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിക്കാതിരുന്നതിനാലാണ് വെള്ളിയാഴ‌്ചത്തേക്ക‌് നീട്ടിയത്.
ബിഷപ്പ‌് ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ 10 ശതമാനം കാര്യങ്ങളിൽക്കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നും അക്കാര്യങ്ങൾ പുറത്തായാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇപ്പോൾ പറയാൻ കഴിയില്ലെന്നും എസ‌്പി പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ അറസ്റ്റുകാര്യത്തില്‍ തീരുമാനമെടുക്കും. ചോദ്യം ചെയ്യലിൽ ബിഷപ്പ‌് സഹകരിക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചെന്നും എസ‌്പി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2DfNo4I
via IFTTT
No comments:
Post a Comment