ന്യൂഡൽഹി
കേരള പുനർനിർമാണത്തിനുള്ള മൂലധനചെലവുകൾക്ക് പണം കണ്ടെത്താൻ അഖിലേന്ത്യാടിസ്ഥാനത്തിൽ ജിഎസ്ടിയിൽ സെസ് ചുമത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി ധനമന്ത്രി ടി എം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില ഉൽപ്പന്നങ്ങൾക്കുമാത്രമായി നിശ്ചിത കാലയളവിലേക്ക് ചെറിയ നിരക്കിൽ സെസ് ഈടാക്കാനാണ് ആലോചന. കേരളത്തിന‌് വായ്പാപരിധി ഉയർത്തിനൽകുന്ന കാര്യത്തിലും കേന്ദ്രധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി ക്രിയാത്മകനിലപാട് സ്വീകരിച്ചതായി തോമസ് ഐസക് പറഞ്ഞു.
ജിഎസ്ടിയിൽ 10 ശതമാനം സെസ് ചുമത്താൻ അനുവദിക്കണമെന്ന് കേന്ദ്രധനമന്ത്രി, സാമ്പത്തികകാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ധനവ്യയ സെക്രട്ടറി എന്നിവരുമായുള്ള ചർച്ചയിൽ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജിഎസ്ടി സോഫ്റ്റ്‌വെയറിൽ ഇതിനുവേണ്ടി മാറ്റം വരുത്തുന്നത് നൂലാമാലകൾ സൃഷ്ടിച്ചേക്കാം. സെസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ കേസും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ പ്രകൃതിക്ഷോഭ പുനരധിവാസ പ്രവർത്തനങ്ങൾക്കായി സെസ് ഈടാക്കാൻ ഓർഡിനൻസ് ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ 28ന‌് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചർച്ചചെയ്യും. കേരളം 10 ശതമാനം സെസ് വഴി സമാഹരിക്കാൻ ലക്ഷ്യമിട്ട തുകയ്ക്ക് തുല്യമായ പണം കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിൽനിന്നും ഈടാക്കിനൽകും. 2,000 കോടിയോളം രൂപ ഇതുവഴി ലഭിക്കുമെന്ന് കണക്കാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പ്രകൃതിദുരന്തം ഉണ്ടാകുമ്പോഴും ഈ രീതിയിൽ ഫണ്ട് സമാഹരിക്കാൻ കഴിയും. പുകയിലപോലുള്ള ഉൽപ്പന്നങ്ങൾക്ക് സെസ് ചുമത്തിയാൽ മതി.
വായ്പാപരിധി പരമാവധി മൂന്ന് ശതമാനമായി നിലനിർത്തണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടിയെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വായ്പാബാധ്യത തന്നെ മൂന്ന് ശതമാനത്തിൽ കൂടുതലാണ്. ആറു ശതമാനംവരെ ഉയർന്നിട്ടുമുണ്ട്. സംസ്ഥാനങ്ങൾമാത്രം ഈ പരിധി പാലിക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല.
കേരളം എടുക്കുന്ന വായ്പയുടെ തുക മൂന്ന് വർഷമായി തിരിച്ച് ഓരോ വർഷത്തെയും കണക്കിൽ ഉൾപ്പെടുത്തുന്ന രീതിയിൽ ക്രമീകരിക്കാൻ ഒടുവിൽ ധാരണയായി. കേരളം ഇതിന്റെ ചാർട്ട് തയ്യാറാക്കി നൽകും. ഈ നിർദേശത്തിന്റെ പ്രായോഗികവശങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പുനൽകി. 15,000 മുതൽ 20,000 കോടിവരെ രൂപയ്ക്കുള്ള മൂലധനചെലവിനാണ് വിദേശ ഏജൻസികളിൽനിന്ന് വായ്പ എടുക്കാൻ നടപടി പുരോഗമിക്കുന്നത്. വിദേശവായ്പകൾക്ക് പലിശ കുറവാണ്. തിരിച്ചടവിന‌് 30 വർഷംവരെ ലഭിക്കും.
വായ്പത്തുക റവന്യു ചെലവുകൾക്ക് ഉപയോഗിക്കില്ലെന്ന് കേന്ദ്രത്തിന‌് ഉറപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രം നൽകുന്ന നഷ്ടപരിഹാരത്തുക ഈ ഫണ്ടുകൾക്ക് പുറമെയായിരിക്കും. നഷ്ടപരിഹാര ഫണ്ട് നൽകുന്നത് ആഭ്യന്തരമന്ത്രാലയമാണ്. വിദേശസഹായം സംബന്ധിച്ച് തീരുമാനിക്കേണ്ടത് വിദേശ മന്ത്രാലയമാണെന്നും തോമസ് ഐസക് പ്രതികരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2xuZgdP
via IFTTT
No comments:
Post a Comment