പുതിയ ബിയർ നിർമാണ കമ്പനി ചട്ടങ്ങൾ പാലിച്ച‌് മാത്രം ; എല്ലാ ജില്ലയിലും ഡി അഡിക‌്ഷൻ സെന്റർ: മന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

പുതിയ ബിയർ നിർമാണ കമ്പനി ചട്ടങ്ങൾ പാലിച്ച‌് മാത്രം ; എല്ലാ ജില്ലയിലും ഡി അഡിക‌്ഷൻ സെന്റർ: മന്ത്രി


സംസ്ഥാനത്ത‌് പുതിയ ബ്രൂവറികൾക്കും ബ്ലൻഡിങ്‌ യൂണിറ്റുകൾക്കും അനുമതി നൽകിയത‌് പൂർണമായും ചട്ടങ്ങൾ പാലിച്ചാണെന്ന‌് എക‌്സൈസ‌് മന്ത്രി ടി പി രാമകൃഷ‌്ണൻ. 1967ലെ ബ്രൂവറി ചട്ടമനുസരിച്ചാണ‌് അനുമതി. അപേക്ഷകളിൽ എക‌്സൈസ‌് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടേയുള്ളൂ. ലൈസൻസ‌് നൽകുന്നതിനുള്ള പരിശോധനയും മറ്റ‌് നടപടിക്രമങ്ങളും പുരോഗമിക്കുകയാണ‌്‌. ഭൂജലവകുപ്പിന്റെയുൾപ്പെടെ വിവിധ വകുപ്പുകളുടെ പരിശോധന പൂർത്തിയായശേഷമേ ലൈസൻസ‌് നൽകുകയുള്ളൂവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർക്കും പരിശോധിക്കാം

മൂന്ന് ബ്രൂവറികളും (ബിയർ ഉൽപ്പാദനകേന്ദ്രം) ഒരു ബ്ലെൻഡിങ് കോമ്പൗണ്ടിങ് ആൻഡ‌് ബോട‌്‌ലിങ‌് പ്ലാന്റും അംഗീകരിച്ചതിൽ ഒരു രഹസ്യസ്വഭാവവുമില്ല. ഉത്തരവുകൾ ആർക്കും പരിശോധിക്കാം. ഉത്തരവ‌് ഇറങ്ങുന്നയുടൻ സർക്കാർ വെബ‌്സൈറ്റിലും നവമാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തുന്നുണ്ട‌്. സുതാര്യമായാണ് അപേക്ഷകളിൽ തീരുമാനമെടുത്തത്. 1999 സെപ‌്തംബർ 29ലെ  ഉത്തരവിലൂടെയാണ് പുതുതായി ഡിസ്റ്റിലറികൾക്കും ബോട്ട‌്‌ലിങ‌്  യൂണിറ്റുകൾക്കും നിയന്ത്രണം കൊണ്ടുവന്നത്. അത‌് അന്ന‌് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലുള്ളതാണ‌്.  അന്ന‌് സ‌്ക്രൂട്ടിനിക്ക‌് വിധേയമാക്കിയ 110 അപേക്ഷയിലുള്ള ഉത്തരവാണത‌്. ഭാവിയിലുള്ള അപേക്ഷകളിൽ ഈ ഉത്തരവ‌് ബാധകമാക്കിയിട്ടില്ല. മാത്രമല്ല, ഈ ഉത്തരവിൽ ബ്രൂവറികളെക്കുറിച്ച് പരാമർശമില്ല. വിശദമായ പഠനത്തിനും പരിശോധനകൾക്കുംശേഷമാണ്  എൽഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചത്.
നികുതി, തൊഴിൽ നഷ്ടം തടയുന്നതും പരിഗണിച്ചു

സംസ്ഥാനത്ത‌് വിൽക്കുന്ന മദ്യത്തിൽ മായമോ വിഷാംശമോ ഇല്ല എന്ന‌് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട‌്. സംസ്ഥാനത്ത‌്  വിദേശമദ്യത്തിന്റെ എട്ടുശതമാനവും ബിയറിന്റെ 40 ശതമാനവും ഇതര സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരികയാണ്. ഇത് സംസ്ഥാനത്തിന് വൻ സാമ്പത്തികബാധ്യത വരുത്തുന്നു. നികുതിവരുമാനത്തിലെ നഷ്ടവും തൊഴിൽനഷ്ടവും സർക്കാർ പരിഗണിച്ചു. സംസ്ഥാനത്തിനകത്തുതന്നെ വിദേശമദ്യവും ബിയറും ഉൽപ്പാദിപ്പിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്നത് ഒഴിവാക്കാനും നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കാനും സാധിക്കും. ഡ്യൂട്ടിയിനത്തിൽ അധികവരുമാനവുമുണ്ടാകും. ഈ വസ്തുതകൾ ചൂണ്ടിക്കാട്ടി എക്സൈസ് കമീഷണർ സമർപ്പിച്ച ശുപാർശ പരിഗണിച്ചശേഷമാണ് ബ്രൂവറികൾക്കും ബോട‌്‌‌ലിങ് യൂണിറ്റിനും അനുമതി നൽകാൻ തീരുമാനിച്ചത്.

ആരോപണം അടിസ്ഥാനരഹിതം
പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ് ചെന്നിത്തല. യുഡിഎഫിലെ തമ്മിലടിയുടെയും അഴിമതിയുടെയും പ്രതിഫലനമായാണ് ബാർലൈസൻസ‌് റദ്ദാക്കിയതും അധികം വൈകാതെ ബിയർ വൈൻ പാർലറുകളാക്കി ഉത്തരവിറക്കുകയും ചെയ്തത്. ഈ കാപട്യത്തിന് സംസ്ഥാനം വലിയ വില നൽകേണ്ടിവന്നു. സംസ്ഥാന താൽപ്പര്യങ്ങൾക്കു പകരം വ്യക്തിതാൽപ്പര്യങ്ങൾക്ക് ഊന്നൽ നൽകിയത് വലിയ പ്രത്യാഘാതങ്ങളാണ് അക്കാലത്തുണ്ടാക്കിയത്.

പരസ്യം ചെയ‌്ത‌് അപേക്ഷ ക്ഷണിച്ചില്ല എന്നാണ‌് പ്രതിപക്ഷ നേതാവ‌് ആരോപിക്കുന്നത‌്. മാധ്യമങ്ങളിൽ പരസ്യംചെയ്ത് അപേക്ഷ ക്ഷണിച്ചല്ല ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങുന്നത‌്. സംസ്ഥാനത്ത് തൊഴിലവസരം വർധിപ്പിക്കാനും വരുമാന വർധനയ‌്ക്കും ഉതകുന്ന തീരുമാനം വന്ന ഘട്ടത്തിൽ അഴിമതിയാരോപണവുമായി ഇറങ്ങിത്തിരിച്ചത് അന്യസംസ്ഥാന മദ്യലോബികളെ സഹായിക്കാൻവേണ്ടി മാത്രമാണ്– മന്ത്രി പറഞ്ഞു. എക‌്സൈസ‌് കമീഷണർ ഋഷിരാജ‌് സിങ്ങും മന്ത്രിക്കൊപ്പമുണ്ടായി.

ഡീ അഡിക‌്ഷൻ സെന്ററുകൾ
എല്ലാ ജില്ലകളിലും ഒക്ടോബറിൽ ഡീ അഡിക‌്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ആരോഗ്യവകുപ്പുമായി ചേർന്നാണ് സെന്ററുകൾ തുടങ്ങുക. ലഹരി ഉപഭോഗം മൂലമുണ്ടാകുന്ന രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമാണിത‌്. ഇതിനുള്ള  ആശുപത്രികളെ തെരഞ്ഞെടുത്തു കഴിഞ്ഞതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം വലിയ തോതിലുള്ള ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്കാണ് എക്സൈസ് വകുപ്പ് നേതൃത്വംനൽകുന്നത്. അഡീ. ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, എക്സൈസ് കമീഷണർ ഋഷിരാജ് സിങ‌് എന്നിവരും പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2DBPuft
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages