കൊച്ചി > ബലാത്സംഗം ചെയ്‌തുവെന്ന കന്യാസ്‌ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കലിനെ മൂന്നു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന്റെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോട്ടയം എസ് പി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342,376(2) (k).376(2) (n),377 506(1) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിയെന്നു വിമര്‍ശിക്കുന്നവര്‍ ബോധപൂര്‍വം മറക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
അതില്‍ ഏറ്റവും പ്രധാനം ഒരു പരാതിയില്‍ ഒരാളെ അറസ്റ്റ് രേഖപ്പെടുത്തണെമെങ്കില്‍ പൊലീസിന് മതിയായ തെളിവ് വേണം. മതിയായ തെളിവോ കൃത്യമായ സാക്ഷിമൊഴികളോ ഇല്ലാതെ തിടുക്കത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ കോടതിയില്‍ ആ കേസ് പരാജയപ്പെടുകയും കുറ്റവാളി രക്ഷപ്പെടുകയും ചെയ്യും. ഫ്രാങ്കോയ്ക്ക് എതിരെയുള്ള പരാതിയില്‍ കൃത്യമായ തെളിവ് ശേഖരണത്തിനും കൃത്യമായി വൈരുദ്ധ്യങ്ങള്‍ ഇല്ലാതെ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുവാനുമാണ് പോലീസ് ശ്രമിച്ചത്.
അതിന്റെ ഫലമായാണ് ഫ്രാങ്കോയുടെ അറസ്റ്റില്‍ അനിവാര്യമായ കാലതാമസം ഉണ്ടായത്. ഇനി ഈ അനിവാര്യമായ കാലതാമസത്തിന്റെ കാരണം കൂടി നാം മനസ്സിലാക്കണം.
2014 മുതല്‍ 2016 വരെയാണ് കന്യാസ്ത്രീ ഫ്രാങ്കോയ്ക്ക് എതിരെ പരാതിയില്‍ ഉന്നയിച്ച ബലാത്സംഗം നടന്നുവെന്ന് പറയുന്ന സമയം. അതായത് നാലു വര്‍ഷം മുന്‍പാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടായിരിക്കുന്നത്. ആ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കുന്നത് 2018 ജൂണ്‍ 27 നാണ്. അതായത് ഏതാണ്ട് സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് പോലീസില്‍ പരാതി നല്‍കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ജൂണ്‍ 28 നു കേസ് രജിസ്റ്റര്‍ ചെയ്‌ത് (ക്രൈം നം.746/2018) തൊട്ടടുത്ത ദിവസം വൈക്കം ഡി വൈ എസ് പി ക്ക് അന്വേഷണം കൈമാറി. തുടര്‍ന്നാണ് പോലീസ് ഫ്രാങ്കോയ്ക്ക് എതിരെ അന്വേഷണം ആരംഭിക്കുന്നത്. ആ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘം ജലന്ധറില്‍ പോകുന്നത്. ഐജി വിജയ് സാക്കറെ, കോട്ടയം എസ് പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം കൃത്യമായി മുന്നോട്ട് നീങ്ങി. അറസ്റ്റിന് തിടുക്കം പ്രകടിപ്പിച്ചവരും വിമര്‍ശിച്ചവരും പ്രതി അറസ്റ്റിലാവുന്നതിലാണോ, അതോ ശിക്ഷിക്കപ്പെടുന്നതിലാണോ ഹര്‍ജിക്കാര്‍ക്ക് താല്‍പ്പര്യമെന്ന ഹൈക്കോടതി പരാമര്‍ശം വിസ്‌മരിക്കരുത്.
പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണം തടസ്സപ്പെടുമെന്നും, പഴയകേസ് ആയതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണ്ടി വരുമെന്നും പൊലീസിന് അല്‍പം പ്രശംസ നല്‍കരുതോ എന്നും കോടതി ചോദിച്ചതും ഈ ഘട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്. ഹൈക്കോടതി വിധിയുടെ രണ്ടാമത്തെ പേജില്‍ ആദ്യപാരഗ്രാഫില്‍ ഇങ്ങനെ പറയുന്നു( വിധിയുടെ മൂന്നാമത്തെ പാരഗ്രാഫ്) ' 3. Since the incidents reffered to in the case have occured between 2014 and 2016, the report shows that the police is making all endeavour to iron out the contradictions in the statements recieved from the witness sa also from the accused. '
അവസാനവാചകത്തില്‍ അവസാനം പറയുന്നത് ശ്രദ്ധിക്കൂ. സാക്ഷികളുടേയും കുറ്റാരോപിതന്റേയും മൊഴികളിലെ വൈരുധ്യം. അതായത് നേരത്തെ സത്യവാങ്മൂലം നല്‍കുമ്പോള്‍ കുറ്റാരോപിതനെ ചോദ്യം ചെയ്തിരുന്നില്ല. ചോദ്യം ചെയ്ത ശേഷം മൊഴികള്‍ പരിശോധിച്ചപ്പോള്‍ ചില വൈരുദ്ധ്യങ്ങള്‍ കണ്ടു. അത് പരിഹരിക്കുക എന്നത് അന്വേഷണസംഘത്തിന് അനിവാര്യമാണ്. എന്താണ് വൈരുദ്ധ്യം എന്ന് കോടതിക്ക് ബോധ്യപ്പെട്ടു കാണും, അതാണ് കോടതി അന്ന് അങ്ങനെ പറഞ്ഞത്.
കേരളം, കര്‍ണ്ണാടകം, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് അടക്കം 5 സംസ്ഥാനങ്ങളും കോട്ടയം, എറണാകുളം, തൃശൂര്‍,ആലപ്പുഴ,ഇടുക്കി, പാലക്കാട്, കണ്ണൂര്‍ എന്നിങ്ങനെ സംസ്ഥാനത്തെ 7 ജില്ലകളും അന്വേഷണ പരിധിയിലുണ്ടായിരുന്നു. ഇത്തരം വൈരുദ്ധ്യങ്ങളില്‍ കൃത്യത വരുത്തിയില്ലെങ്കില്‍ കുറ്റപത്രം നിയമത്തിനു മുന്നില്‍ നിലനില്‍ക്കില്ല. അങ്ങനെ ചെയ്‌താല്‍ വൈരുദ്ധ്യങ്ങളുടെ ആനുകൂല്യം കുറ്റാരോപിതന് ലഭിക്കാനിടയാകും. ഇത് നീതി നിഷേധത്തിന് കാരണമാകും.
അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന 81 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്തുവാന്‍ ഇവരില്‍ പലര്‍ക്കും നോട്ടീസ് നല്‍കി വിളിച്ചു വരുത്തി വീണ്ടും മൊഴികള്‍ രേഖപ്പെടുത്തി. കന്യാസ്ത്രീയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തി. നാല് മെറ്റിരിയല്‍ ഒബ്ജക്റ്റുകളും 34 ഡോക്യുമെന്റുകളും കണ്ടെടുത്തു. തുടര്‍ന്ന് ഈ മാസം 19നു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഫ്രാങ്കോ മുളയ്ക്കലിന് പോലീസ് നോട്ടീസ് നല്‍കി.
ഇത്തരത്തില്‍ പൊലീസ് അന്വേഷണം കൃത്യമായും വേഗത്തിലും തന്നെയാണ് മുന്നോട്ട് പോയത്. എങ്കിലും നാല് വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ ആയിരുന്നതിനാല്‍ മൊഴികള്‍ കൂട്ടിയിണക്കുന്നതിനും, ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനും അനിവാര്യമായ കാലതാമസം ഉണ്ടായി.
പരാതിക്കാരിയുടെ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക തെളിവുകളുടെ അഭാവത്തില്‍ സാക്ഷിമൊഴികള്‍ മാത്രമാണുണ്ടായിരുന്നത്. ഈ തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച് പൊരുത്തക്കേടുകളില്ലാതെ കോടതിയില്‍ എത്തിക്കാന്‍ സ്വാഭാവികമായ കാലതാമസം ഉണ്ടായി. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ എല്ലാം ഏറെ നാളുകള്‍ക്ക് മുന്‍പ് നടന്നതാണ്. അതുകൊണ്ട് തന്നെ വസ്തുതാപരമായ തെളിവുകള്‍(meterial evidence ) ശേഖരിക്കുവാന്‍ പൊലീസിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്.
വൈദ്യ പരിശോധനയടക്കുള്ള മറ്റു നടപടിക്രമങ്ങള്‍ പരാതി നല്കാന്‍ വൈകിയതിനാല്‍ പൊലീസിന് പ്രായോഗികമായി നടത്താന്‍ കഴിയുമായിരുന്നില്ല. ഇരയുടെ മൊഴിയും സാക്ഷി മൊഴികളും മാത്രമാണ് പോലീസിന്റെ മുന്‍പില്‍ ആകെയുള്ള തെളിവുകള്‍. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസിന് മുന്നോട്ടു പോകണമെങ്കില്‍ അതില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങളാണ് അന്വേഷണ സംഘം നടത്തി വന്നത്.
ലഭിച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കണ്ണികള്‍ കൂട്ടി ചേര്‍ക്കാന്‍ പൊലീസിന് കൂടുതല്‍ അന്വേഷണം ആവശ്യമായിരുന്നു. മതിയായ തെളിവുകള്‍ ഇല്ലാതെ നല്‍കുന്ന ഒരു കുറ്റാന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ നിലനില്‍ക്കില്ല. ബിഷപ്പിനെതിരെയുള്ള ആരോപണങ്ങളില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ കൂട്ടി യോജിപ്പിച്ചു വേണം പൊലീസിന് മുന്നോട്ട് പോകുവാന്‍. അല്ലെങ്കില്‍ കോടതിയില്‍ അത് ചോദ്യം ചെയ്യപ്പെടും. മാധ്യമ ചര്‍ച്ചകളുടെയോ , പ്രതിഷേധ സമമര്‍ദ്ദങ്ങളുടെയോ, സോഷ്യല്‍ മീഡിയ അഭിപ്രായങ്ങളുടെയോ അടിസ്ഥാനത്തില്‍ പൊലീസിന് പ്രവര്‍ത്തിക്കാനാകില്ല. സിആര്‍പിസി അനുശാസിക്കും വിധം മാത്രമേ തെളിവ് ശേഖരണവും അറസ്റ്റും മറ്റു നടപടിക്രമങ്ങളും പൊലീസിന് പാലിക്കാനാകു.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് അന്വേഷണ സംഘം ഒരിടത്തും പറഞ്ഞിട്ടില്ല.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി തെളിവ് ശേഖരിച്ചതിന് ശേഷം അറസ്റ്റ് ഉണ്ടാകും എന്നാണ് അന്വേഷണ മേധാവികള്‍ പറഞ്ഞിട്ടുള്ളത്. മറ്റൊരു പ്രധാന കാര്യം, ഈ കേസ്സില്‍ സംഭവത്തെ കുറിച്ച് അറിവുള്ള സാക്ഷികള്‍ പലരും സ്ഥലത്തിലായിരുന്നു, അവരെ കണ്ടെത്തി നോട്ടീസ് നല്‍കി കൂടുതല്‍ വ്യക്തമായ മൊഴികള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ഏറെ ബുദ്ധിമുട്ടി.
ബിഷപ്പ് കുറ്റക്കാരനാണെങ്കില്‍ ,ഇരയ്ക്ക് നൂറു ശതമാനം നീതി ഉറപ്പാണ്. അതിനു ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, ആ കാര്യത്തില്‍ കന്യസ്ത്രീക്കോ അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കോ പ്രതിഷേധക്കാര്‍ക്കോ എന്തിനേറെ മാധ്യമങ്ങള്‍ക്കോ ,പൊതു സമൂഹത്തിനോ ഒരു ആശങ്കയുടെയും ആവശ്യമില്ല. അതുപോലെ ബിഷപ്പ് രാജ്യം വിട്ടു പോകും എന്നൊരു ആശങ്ക ചിലരൊക്കെ പങ്കുവെച്ചിരുന്നു. ആ കാര്യത്തിലും ഉറപ്പിച്ചു പറഞ്ഞിരുന്നു ബിഷപ്പ് രാജ്യം വിട്ടു പോകാതിരിക്കുവാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന്.
സമരം ചെയ്‌ത കന്യാസ്ത്രീകളോട് ഈ സര്‍ക്കാരിന് അനുഭാവ നിലപാടാണുള്ളത്. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും ഇരയ്ക്കൊപ്പമായിരുന്നു. എന്നാല്‍ പോലീസ് നടപടികളില്‍ സര്‍ക്കാര്‍ ഇടപെടുകയോ പോലിസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്‌തിട്ടില്ല. കന്യാസ്ത്രീയുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് ഗവണ്‍മെന്റ് നില്‍ക്കുന്നത്. ഏറ്റവും ശരിയായ നിലപാട് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഒരു കുറ്റവാളിയെയും ഗവര്‍ണ്‍മെന്‍് സംരക്ഷിക്കില്ല. ഇരകളോടൊപ്പമാണ് ഗവണ്‍മെന്റ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകള്‍ക്ക് നേരെ നടന്ന പീഡന കേസുകളിലും അതിക്രമ കേസുകളിലും ശക്തമായ നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളതാണ്. പോലീസിനും നിയമ സംവിധാനങ്ങള്‍ക്കും മുന്‍പില്‍ നല്‍കിയ പരാതികളില്‍ എല്ലാം മുഖം നോക്കാതെ നടപടി സ്വീകരിച്ചിട്ടുണ്ട് .അത് ജനങ്ങള്‍ അംഗീകരിച്ചിട്ടും ഉണ്ട്. എന്നാല്‍ കന്യസ്ത്രീകളുടെ സമരത്തെ സര്‍ക്കാരിനെതിരെയുള്ള വികാരമാക്കി മാറ്റാന്‍ ചിലരെങ്കിലും ശ്രമിച്ചു.
പരാതിക്കാരിക്കും, സാക്ഷികള്‍ക്കും കുറവിലങ്ങാട്ടെ മഠത്തിനും പോലീസ് സംരക്ഷണം ഉറപ്പു വരുത്തി. മഠവും പൊലീസ് സ്റ്റേഷനും തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചു. കോണ്‍വെന്റിലെ ഫോണ്‍ റിസീവര്‍ 30 സെക്കന്റ് നേരം ഉയര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമാറ്റിക് ആയി കുറവിലങ്ങാട് സ്റ്റേഷനിലെ ഫോണ്‍റിംഗ് ചെയ്യുന്ന സംവിധാനം അടക്കം ഏര്‍പ്പെടുത്തി.
ദിലീപ് കേസിലും ഏതാണ്ട് ഇതു പോലെ ആയിരുന്നു ചര്‍ച്ചകളും കോലാഹലങ്ങളും. ഒടുവില്‍ ദിലീപ് അറസ്റ്റിലായി. അന്നും പലരും സമൂഹമാധ്യമങ്ങളിലും അല്ലാതെയും സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിക്കുന്ന നിലപാടായിരുന്നു ആദ്യം സ്വീകരിച്ചിരുന്നത്. പിന്നീട് അവര്‍ക്ക് തിരുത്തേണ്ടി വന്നു. സര്‍ക്കാരിനും പോലീസിനും കയ്യടിക്കേണ്ടി വന്നു. ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2znFe6m
via IFTTT
No comments:
Post a Comment