പ്രളയബാധിതമേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ഉപജീവന വികസന പാക്കേജ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പട്ടികജാതി ‐വർഗം ഉൾപ്പെടെ ഏറ്റവും ദുർബലവിഭാഗങ്ങൾക്ക് ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന‌് ആസൂത്രണബോർഡിന്റെ സഹായത്തോടെ നിർദേശങ്ങൾ രൂപപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 10 ദിവസത്തിനകം പാക്കേജ് തയ്യാറാക്കി സമർപ്പിക്കും. ഒക്ടോബർ അവസാനത്തോടെ ജീവനോപാധി കോൺഫറൻസ് നടത്താം.
മുൻഗണനാ കാർഡുടമകൾ, തൊഴിലുറപ്പ് പദ്ധതിയിൽ കാർഡുള്ളവർ, അഗതികൾ, വിധവകൾ, ഭിന്നശേഷിക്കാർ, അംഗപരിമിതർ എന്നിവർക്ക് മുൻഗണന നൽകും. ഇത്തരക്കാർക്ക് എല്ലാ ആഴ്ചയും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കണം.
പുനരധിവാസവും പുനർനിർമാണവും രണ്ടായി കണ്ടുകൊണ്ടുള്ള സമീപനമായിരിക്കും സ്വീകരിക്കുക. കുട്ടനാട്, ഇടുക്കി, വയനാട് എന്നീ സ്ഥലങ്ങളുടെ വികസനം പുനർനിർമാണ ഭാഗമായി കാണണം. കേരളം പുനർനിർമിക്കുന്നതിനാവശ്യമായ സാധനങ്ങൾ കമ്പനികളിൽനിന്ന് നേരിട്ട് വിലകുറച്ച് ലഭിക്കുമോയെന്ന് പരിശോധിക്കണം. നഷ്ടപ്പെട്ട ആസ്തികളുടെ പുനർനിർമാണത്തിന് പ്രാധാന്യം നൽകണം. പ്രീ ഫാബ്രിക്കേഷൻ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ നിർമാണമേഖലയിൽ സ്വീകരിക്കും.
മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2xB8qFO
via IFTTT
No comments:
Post a Comment