നിലമ്പൂർ > കുഞ്ഞാലിക്ക് പെണ്ണുകാണാൻപോയ നാടകീയ രംഗങ്ങൾ ഓർത്തെടുക്കുകയാണ് നിലമ്പൂർ ആയിഷ. ‘‘ഞങ്ങൾ നാലുപേരാണ് പെണ്ണ് തെരയാൻ കോഴിക്കോട്ട‌് നാടകാചാര്യൻ കെ ടി മുഹമ്മദിന്റെ വീട്ടിൽ ചെന്നത്’’. കെ ടിയെ കൂട്ടി പോകുകയായിരുന്നു ലക്ഷ്യം. വീട്ടിൽ കയറി ഇരുന്നപ്പോൾ ആദ്യം കണ്ടത് കുടിക്കാൻ വെള്ളവുമായി വരുന്ന പതിനെട്ടുകാരി സൈനബയെ. സൈനബയെ കണ്ടതോടെ കുഞ്ഞാലിക്ക് വേണ്ടി വേറെ എവിടെയെങ്കിലും പോയി പെണ്ണ് ചോദിക്കാനുള്ള ആശയം ഉപേക്ഷിച്ചു. പകരം ഞങ്ങൾ കെ ടിയോട് ചോദിച്ചു. സഹോദരിയെ കുഞ്ഞാലിക്ക് വിവാഹംചെയ്‌തുകൊടുക്കുമോ..?
ആയിഷയുടെ ചോദ്യകേട്ട കെ ടി മുഹമ്മദ് പറഞ്ഞു ‐ നമ്മുടെ സഖാവ് കുഞ്ഞാലിക്ക് വേണ്ടിയാണോ നിങ്ങൾ സൈനബയെ ചോദിച്ചത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒറ്റവാചകത്തിൽ സൈനബയോട് കെ ടിയുടെ ഡയലോഗ്. ‘‘നിനക്ക് സ. കുഞ്ഞാലിയെ കെട്ടാമോയെന്ന്'. സൈനബ ചെറുപുഞ്ചിരിയോടെ സമ്മതംമൂളി. സഹോദരൻ കെ ടി സെയ്ദിനും കുഞ്ഞാലിയോട് വലിയ അടുപ്പമായിരുന്നു.
1961 മെയ് 11ന് കെ ടി സൈനബയും കെ കുഞ്ഞാലിയും കാളികാവിൽ വിവാഹിതരായി. വിവാഹത്തിന് നേതൃത്വം കൊടുത്ത നാലുപേരിൽ ഒരാളായിരുന്നു നിലമ്പൂർ ആയിഷ. മാനു മുഹമ്മദ്, അഹമ്മദ‌്കുട്ടി, നിലമ്പൂർ ബാലൻ ഇങ്ങനെ ഞങ്ങൾ നാല‌് കലാപ്രവർത്തകർ ചേര്‍ന്നാണ് സൈനബയെ കുഞ്ഞാലിയുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്ന് വിതുമ്പലോടെ ആയിഷ ഓർമിച്ചു. സൈനബയുമായി വലിയ ആത്മബന്ധമായിരുന്നു ആയിഷക്ക‌്. കുഞ്ഞാലിയുടെ സമരതീക്ഷ്ണവും സംഘർഷഭരിതവുമായ ജീവിതത്തെക്കുറിച്ച് സങ്കടം പറഞ്ഞിരുന്നു. എന്നാൽ 1965ൽ കുഞ്ഞാലി രാജ്യരക്ഷാ നിയമമനുസരിച്ച് കണ്ണൂർ ജയിലിൽ കിടക്കുമ്പോൾ ആയിഷയോട് സൈനബ പറഞ്ഞു ‘‘എന്റെ സഖാവിനെ ഓർത്ത് ഞാൻ ഇപ്പോൾ അഭിമാനംകൊള്ളുന്നു. കുഞ്ഞാലിയുടെ പത്‌നിയായതിൽ ഏറെ തൃപ്തയാണ്'’.
കുഞ്ഞാലിയുടെ കുടുംബവുമായി 57 വർഷത്തെ സൗഹൃദം നിലമ്പൂർ ആയിഷക്കുണ്ടായിരുന്നു. കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിനുശേഷവും കൂടപ്പിറപ്പായികരുതി സൈനബ തന്നെ കാണാനും നാടകവിശേഷങ്ങൾ ചോദിക്കാനും വരുമായിരുന്നെന്നും അവർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Opp7KH
via IFTTT
No comments:
Post a Comment