കൊച്ചി
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ 19ന് അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചു.
ഇ﹣മെയിൽ വഴിയും ജലന്ധർ പൊലീസ് വഴിയുമാണ് നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ.
കേസിന്റെ അന്വേഷണ പുരോഗതിയും തുടർനടപടികളും ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ചേർന്ന യോഗം വിശദമായി ചർച്ചചെയ്തു. കോട്ടയം എസ്പി ഹരിശങ്കർ, ഡിവൈഎസ്പി കെ സുഭാഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിജയ് സാക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും സാക്ഷികളുടെയും മൊഴികളിലുള്ള വൈരുധ്യം പരിശോധിച്ചുവരികയാണ്. മൊഴികളിലെ വൈരുധ്യം പ്രതിക്ക് ഗുണകരമാകാതിരിക്കാനാണ് അന്വേഷണം നീണ്ടത്. മൊഴികളിൽ വ്യക്തത വരാതെയുള്ള അറസ്റ്റ് കുറ്റാരോപിതന് സഹായകമാവും. പരാതിക്കാരിക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഐജി പറഞ്ഞു.
2014‐16 കാലഘട്ടത്തിൽ ഫ്രാങ്കോ മുളയ്ക്കൽ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. ഇതേത്തുടർന്ന് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. കന്യാസ്ത്രീ, ബിഷപ്, കർദിനാൾ തുടങ്ങിയവരുടെ മൊഴിയെടുത്തു. കന്യാസ്ത്രീ മഠത്തിലെ സന്ദർശകരജിസ്റ്റർ, വൈദ്യപരിശോധനാ റിപ്പോർട്ട് തുടങ്ങിയ കാര്യങ്ങൾ പൊലീസ് ശേഖരിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ കന്യാസ്ത്രീകൾ സമരം തുടരുകയാണ്.
from Kerala || Deshabhimani Online News https://ift.tt/2NbeePU
via IFTTT
No comments:
Post a Comment