കൊച്ചി
കേരളത്തിലെ ചുമട്ടുതൊഴിലാളികളാകെ നോക്കുകൂലി വാങ്ങുന്നവരും മോശപ്പെട്ടവരുമാണെന്ന നിലയിലുള്ള ഹൈക്കോടതി പരാമർശം ഖേദകരമാണെന്ന് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു).
കേരളത്തിലെവിടെയും നോക്കുകൂലി സമ്പ്രദായമില്ല. ഒറ്റപ്പെട്ട സംഭവം എവിടെയെങ്കിലും ഉണ്ടായാൽ പൊലീസോ മറ്റ് അധികാരികളോ നടപടിയെടുക്കണം. അതിന് സിഐടിയു എതിരല്ലെന്നും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കെ മണിശങ്കർ വ്യക്തമാക്കി.
ചുമട്ടുതൊഴിലാളികൾ നടത്തിയ സന്നദ്ധപ്രവർത്തനങ്ങളെ പരക്കെ അംഗീകരിച്ചതും പ്രശംസിച്ചതുമാണ്. കോവിഡ് പ്രതിരോധ ഉപകരണങ്ങളും ഓക്സിജൻ സിലിണ്ടറുകളും തൊഴിലാളികൾ കൂലി വാങ്ങാതെയാണ് സംസ്ഥാനത്താകെ കയറ്റിറക്ക് നടത്തിയത്. കോവിഡ് ഒന്നാംതല ചികിത്സാകേന്ദ്രങ്ങളിൽ സന്നദ്ധപ്രവർത്തകരായി മാതൃകാപ്രവർത്തനങ്ങളാണ് ഇന്നും നടത്തുന്നത്. സേവനതൽപ്പരരായ ചുമട്ടുതൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ഇടപെടൽകൊണ്ട് ഒരു വ്യവസായവും കേരളത്തിൽ നിന്നുപോയിട്ടില്ല. സംസ്ഥാനത്തെ നിരവധി വ്യവസായശാലകൾ പൂട്ടിയത് കേന്ദ്രസർക്കാർ നയങ്ങളോ മാനേജ്മെന്റുകളുടെ പിടിപ്പുകേടോകൊണ്ടാണ്.
സർക്കാർ തീരുമാനിച്ച മിനിമംകൂലിപോലും നൽകാതെ കോടതികളിൽനിന്ന് സ്റ്റേ വാങ്ങുന്ന മുതലാളിമാർക്കെതിരെ ഇത്തരം കടുത്തഭാഷ കോടതി ഉപയോഗിച്ചിട്ടില്ല.
കയറ്റിറക്ക് തൊഴിലാളികളിൽ ഭൂരിപക്ഷവും കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിലെ അംഗങ്ങളാണ്. തൊഴിലുടമ ക്ഷേമനിധിബോർഡാണ്. തൊഴിലാളികളെക്കുറിച്ച് പരാതികൾ പരിശോധിക്കാനും പരിഹരിക്കാനും ബോർഡിന് സംവിധാനമുണ്ട്. പിഴവ് ബോധ്യപ്പെട്ടാൽ കുറ്റക്കാരെ സസ്പെൻഡ് ചെയ്യുകയും പിരിച്ചുവിടുകയുമാണ് ബോർഡ് ചെയ്യുന്നത്.
വലിയവേളിയിൽ പുരോഹിതരുടെ നേതൃത്വത്തിൽ സ്ത്രീകളെയും കുട്ടികളെയും ഇളക്കിവിട്ട് നടത്തിയ സമരം ദൗർഭാഗ്യകരമാണ്. അതിന്റെ പേരിൽ അംഗീകൃത തൊഴിലാളികളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.
നോക്കുകൂലി ചോദിക്കുന്നതും വാങ്ങുന്നതും കൊടുക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അത്തരം സമ്പ്രദായങ്ങളെ എതിർക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
from Kerala || Deshabhimani Online News https://ift.tt/3BXWwnW
via IFTTT
No comments:
Post a Comment