അതിർത്തി മണ്ണിട്ട് മൂടിയാലും അയൽസംസ്ഥാനത്ത് കൃഷി മുടങ്ങിയാലും അയൽപക്കത്തേക്ക് കണ്ണുംനട്ട് നിൽക്കുന്ന പതിവ് മലയാളിക്ക് ഇനിയും തുടരാനാവില്ല. നമുക്കാവശ്യമുള്ള പച്ചക്കറിയും പഴവർഗങ്ങളും ചെറുധാന്യങ്ങളും നമ്മുടെ മണ്ണിൽതന്നെ വിളയണം. ഒരു തരി മണ്ണും തരിശിടാൻ അനുവദിക്കാതെ മണ്ണിലിറങ്ങി പണിതാൽ, കൂട്ടായ്മയുടെ പന്തലുയർന്നാൽ വിജയം നമുക്കൊപ്പമാകും. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച സവിശേഷ സാഹചര്യംകൂടി കണക്കിലെടുത്ത് കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനായുള്ള ബൃഹദ്പദ്ധതിയാണ് വിവിധ വകുപ്പുകളുമായി ചേർന്ന് കൃഷി വകുപ്പ് നടപ്പാക്കുന്നതെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ ‘ദേശാഭിമാനി’ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2016ലെ കൊടും വരൾച്ചയും അതിനുശേഷമുണ്ടായ രണ്ട് പ്രളയവും ഓഖി ചുഴലിക്കാറ്റും കാർഷിക മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. 40000 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലമുണ്ടായത്. കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ഡൗണും കാർഷിക മേഖലയിൽ കനത്ത ആഘാതം സൃഷ്ടിച്ചു. മാർച്ച്, ഏപ്രിൽ മാസം മാത്രം തോട്ടവിള ഉൾപ്പടെ കാർഷിക മേഖലയിലെ മൊത്തം നഷ്ടം 1570.75 കോടിയാണ്. ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്തുനിന്നുള്ള പച്ചക്കറി കയറ്റുമതി 40 ശതമാനം കുറഞ്ഞു. ലോക്ഡൗണിനെത്തുടർന്ന് വിതണ ശൃംഖല തടസ്സപ്പെട്ടത് കർഷകർക്ക് തിരിച്ചടിയായെങ്കിലും സർക്കാരിന്റെ സജീവ ഇടപെടൽമൂലം വലിയ നഷ്ടത്തിൽനിന്ന് കർഷകരെ രക്ഷിച്ചു. ഹോർട്ടികോർപ്പും വിഎഫ്പിസികെയും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് വിപണിയിലെത്തിക്കാൻ സഹായിച്ചു. മാർച്ച് ഏപ്രിൽ മാസത്തിൽ ഹോർട്ടികോർപ്പ് 1200 ടൺ പഴവും പച്ചക്കറിയും കർഷകരിൽനിന്ന് ശേഖരിച്ച് പ്രധാന നഗരങ്ങളിലെത്തിച്ച് വിറ്റഴിച്ചു. 1782 ടൺ പച്ചക്കറി വിഎഫ്പിസികെ വഴി വിപണിയിലെത്തി. മുതലമടയിൽനിന്ന് മാമ്പഴവും മൂവാറ്റുപുഴയിൽനിന്ന് പൈനാപ്പിളും വിവിധ ജില്ലയിൽനിന്നും ഏത്തപ്പഴവുമെല്ലാം കർഷരിൽനിന്ന് ശേഖരിച്ച് റസിഡൻസ് അസോസിയേഷനുകൾ മുഖേനയും ഓൺലൈൻ വിപണിയിലൂടെയും വിറ്റഴിച്ചു.
തരിശിടിങ്ങളിൽ തളിരിടും
ഉപഭോക്തൃ സംസ്ഥാനമായ കേരളം മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടാവാനിടയുള്ള ഭക്ഷ്യക്ഷാമംകൂടി കണക്കിലെടുത്ത് തയ്യാറാക്കിയതാണ് സുഭിക്ഷ കേരളം പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യക്കൃഷി മേഖലയിൽ 3860 കോടി രൂപയുടെ സമഗ്രപദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിൽ 1449 കോടി രൂപ കൃഷിക്കായാണ് നീക്കിവെച്ചിരിക്കുന്നത്. തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, കൂടുതൽ തൊഴിൽ അവസരം സൃഷ്ടിച്ച് യുവാക്കളെയും പ്രവാസികളെയും കൃഷിയിലേക്ക് മടക്കിക്കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തോട്ടഭൂമിയും പാടങ്ങളുമുൾപ്പെടെ 1,09,000 ഹെക്ടർ തരിശുഭൂമിയുണ്ടെന്നാണ് കണക്ക്. ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും തരിശുനിലങ്ങളിൽ ശാസ്ത്രീയമായി കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 25,000 ഹെക്ടർ തരിശുനിലത്തിലാണ് കൃഷിയിറക്കുക. അതിൽ നെല്ല് 5000 ഹെക്ടർ, പച്ചക്കറി 7000 ഹെക്ടർ, വാഴ 7000 ഹെക്ടർ, കിഴങ്ങ് 5000 ഹെക്ടർ, പയർവർഗ്ഗങ്ങൾ 500 ഹെക്ടർ, ചെറുധാന്യങ്ങൾ 500 ഹെക്ടർ എന്നിങ്ങനെ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങി. തരിശുഭൂമി അല്ലാതെയുള്ള 1,40,000 ഹെക്ടർ സ്ഥലത്ത് ഇടവിള കൃഷിയും നടത്തും. കൃഷിയിറക്കാൻ മുന്നോട്ടുവരുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും എല്ലാ പിന്തുണയും കൃഷി വകുപ്പ് നൽകും. റാഗി, തിന, ചാമ തുടങ്ങിയ ചെറുധാന്യങ്ങളും ചെറുകിഴങ്ങ്, നനകിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും പ്രാധാന്യത്തോടെ കൃഷി ചെയ്യും. ജങ്ക് ഫുഡ് സംസ്കാരത്തിന് ബദലായി മലയാളിയുടെ പരമ്പരാഗത ഭക്ഷണശീലം മുന്നോട്ടുവയ്ക്കാനാണിത്.
വിതരണത്തിന് 75 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ
വീടുകൾ കേന്ദ്രീകരിച്ചുള്ള കൃഷി രീതി പ്രോത്സാഹിപ്പിക്കാൻ 75 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്യും. അഞ്ച് ലക്ഷം തൈകളും കിഴങ്ങുവർഗ വിളകളുടെ 16 ലക്ഷം നടീൽവസ്തുക്കളും ഒന്നര ലക്ഷം ഗ്രോബാഗും വിതരണം ചെയ്യും. കൃഷി ഭവൻ, ആശാ വർക്കർമാർ, തദ്ദേശ സ്ഥാപന വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ മുഖേനയും വിത്തും തൈകളും വീട്ടിലെത്തിക്കും. കൃഷിഭവനുകളിൽ ഗ്രോ ബാഗ് ഉണ്ടെങ്കിൽ അതു വീട്ടിലെത്തിക്കാനും സൗകര്യമൊരുക്കും. സംയോജിത കൃഷിക്കായി 14000 സംയോജിത കൃഷി യൂണിറ്റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഹരിതാഭയും പരിസ്ഥിതിയും സംരക്ഷിക്കാൻ 1.14 കോടി ഫലവൃക്ഷത്തൈകളും കൃഷിവകുപ്പ് വിതരണം ചെയ്യും.
വിപണന ശൃംഖല ശക്തിപ്പെടുത്തും
കോവിഡ് 19 സൃഷ്ടിച്ച പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്ത് കാർഷികോത്പന്നങ്ങളുടെ വിപണനസംവിധാനം ശക്തിപ്പെടുത്തും. കൃഷി വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള വിപണന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും. 1000 ഗ്രാമച്ചന്തകൾ പുതുതായി ആരംഭിക്കും. ഈ ചന്തകളിൽനിന്ന് കർഷകരുടെ ഉത്പന്നങ്ങൾ ന്യായവിലയിൽ നേരിട്ട് ശേഖരിച്ച് ഉപഭോക്താക്കൾക്ക് നൽകും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ സജീവ പിന്തുണ സർക്കാർ ഉറപ്പുവുരുത്തും.
കാർഷികോത്പന്നങ്ങളുടെ സൂക്ഷിപ്പ് കാലാവധി കൂട്ടാനും മൂല്യവർധിത ഉത്പന്നങ്ങളാക്കാനും സർക്കാർ പ്രത്യേക ഊന്നൽ നൽകും. യന്ത്രവത്കൃത കൃഷിരീതി വ്യാപിപ്പിക്കും. എല്ലാ നിയോജകമണ്ഡലത്തിലും പായ്ക്ക്ഹൗസുകളും ശീതകാല പച്ചക്കറി വിപണനത്തിനായി ശീതീകരിച്ച വാഹനങ്ങളും സജ്ജമാക്കും. കർഷകർക്ക് ആവശ്യമായ വായ്പ മിതമായ നിരക്കിൽ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നും സഹകരണ ബാങ്കുകളിൽനിന്നും ലഭ്യമാക്കും. നബാർഡിന്റെ സഹായവും ലഭിക്കും.
വിപുലമാക്കും ഓൺലൈൻ വിപണനം
ലോക്ഡൗൺ പോലുള്ള സാഹചര്യങ്ങളിൽ പച്ചക്കറിയും പഴവർഗങ്ങളും ഉപഭോക്താക്കൾക്ക് യഥാസമയം എത്തിക്കാൻ ഓൺലൈൻ വിപണന ശൃംഖല ശക്തിപ്പെടുത്തും. ഈ ലോക്ഡൗൺ കാലത്ത് പഴങ്ങളും പച്ചക്കറികളും മൊബൈൽ ആപ് വഴി പ്രധാന നഗരങ്ങളിൽ വിറ്റഴിച്ചിരുന്നു. സ്വിഗി, സൊമാറ്റോ, എം എം നീഡ്സ് തുടങ്ങിയ ആപുകൾ മുഖാന്തരമാണ് പഴവും പച്ചക്കറിയും ആവശ്യക്കാരിലെത്തിച്ചത്. സർക്കാർ സ്വന്തം നിലയിൽ ഓൺവൈലൻ വിപണനസംവിധാനം ഒരുക്കുന്നതും പരിഗണനയിലുണ്ട്.
ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ആറ് ലക്ഷം മെട്രിക് ടൺ ആയിരുന്നു പച്ചക്കറി ഉത്പാദനം. നാല് വർഷംകൊണ്ട് സർക്കാർ ഉത്പാദനം 12. 12 ലക്ഷം മെട്രിക് ടണ്ണായി ഉയർത്തി. 20 ലക്ഷം ടൺ പച്ചക്കറിയാണ് നമുക്ക് ആവശ്യമുള്ളത്. പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ജീവനി പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കോവിഡ് 19 മഹാമാരിയുടെ പ്രവേശം. ജീവനി പദ്ധതി ശക്തിപ്പെടുത്തി പച്ചക്കറി കൃഷി വിപുലമാക്കി സ്വയംപര്യാപ്തത കൈവരിക്കുകതന്നെയാണ് സർക്കാർ ലക്ഷ്യം.
വേണ്ടത് ആശ്വാസനടപടികൾ
പ്രഖ്യാപനങ്ങൾക്കപ്പുറം കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്ന നേരിട്ടുള്ള അടിയന്തര നടപടികളാണ് കേന്ദ്ര സർക്കാരിൽനിന്ന് ഉണ്ടാവേണ്ടത്. കോവിഡിന്റെ മറവിൽ ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് കൃഷി ഭൂമി തുറന്നുകൊടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വസ്തുജാമ്യം കൂടാതെ നൽകാവുന്ന വായ്പാപരിധി നിലവിലെ 1.6 ലക്ഷം രൂപയിൽനിന്ന് 3.5 ലക്ഷമാക്കണം. ചെുകിട നാമമാത്ര കർഷകർക്ക് സഹായകരമാകുംവിധം കിസാൻ ക്രഡിറ്റ് കാർഡ് മുഖേനയുള്ള വായ്പാപരിധി കുറഞ്ഞത് 25000 ആക്കണം. റബർ കർഷകർക്ക് വിലത്തകർച്ച നേരിടുന്നതിനും പച്ചക്കറി–-ഫലവർഗങ്ങൾക്ക് വിപണി ഇടപെടലിനും സാമ്പത്തിക സഹായവും നൽകണം.
from Kerala || Deshabhimani Online News https://ift.tt/2AvRZyF
via IFTTT
No comments:
Post a Comment