കൊച്ചി> മരടില് പൊളിക്കാനുള്ള ഫ്ളാറ്റുകളില് സ്ഫാടക വസ്തു നിറയ്ക്കാന് തുടങ്ങി.സ്ഫോടനത്തിലൂടെ തകര്ക്കുന്ന ഫ്ളാറ്റുകളില് ആദ്യത്തെതായ 19 നിലകളുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില് ശനിയാഴ്ച രാവിലെ ആറു മുതല് സ്ഫോടകവസ്തുക്കള് നിറച്ചു തുടങ്ങി.
എച്ച്ടുഒ ഫ്ലാറ്റിൽ 11ന് പകൽ 11നാണ് സ്ഫോടനം. 11 സെക്കൻഡിനുള്ളിൽ 10,000 ടണ്ണിലേറെ ഭാരമുള്ള കെട്ടിടം പൂർണമായും നിലംപതിക്കും. 36 ഡിഗ്രി ചരിഞ്ഞ് മുൻവശത്തേക്കാണ് ഫ്ലാറ്റ് വീഴ്ത്തുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. മുംബൈയിൽനിന്നുള്ള എഡിഫൈസ് എൻജിനിയറിങ് കമ്പനി ആഫ്രിക്കയിൽനിന്നുള്ള ജറ്റ് ഡിമോളിഷനുമായി ചേർന്നാണ് എച്ച്ടുഒ പൊളിക്കുന്നത്. 19 നിലയുള്ള ഫ്ലാറ്റിന് 50 മീറ്ററിലധികം ഉയരമുണ്ട്. 90 അപ്പാർട്ടുമെന്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഏറ്റവും താഴത്തെ നില, 1, 4,10,15 എന്നീ നിലകളിലാണ് സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നത്. ഇതിനായി ഈ നിലകളിലാകെ 1471 ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പാലത്തിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോഴുള്ള പ്രകമ്പനത്തേക്കാൾ കുറവായിരിക്കും സ്ഫോടനസമയത്തെ പ്രകമ്പനം.
സമയക്രമത്തിൽ മാറ്റമില്ല
മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റമില്ല. വെള്ളിയാഴ്ച ചേർന്ന സാങ്കേതിക സമിതി യോഗത്തിലാണ് തീരുമാനം. പൊളിക്കുന്നതിന് കരാറെടുത്ത കമ്പനികൾ സമയക്രമം മാറ്റാൻ തയ്യാറാകാത്തതാണ് കാരണമെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. കോടതിയിൽ സമർപ്പിച്ച സമയക്രമം പാലിക്കാനും ബാധ്യതയുണ്ട്.
സ്ഫോടനം നടക്കുന്ന സമയം പരിസരത്തുനിന്ന് 290 കുടുംബങ്ങളെ ഒഴിപ്പിക്കും. സ്ഫോടനം കഴിഞ്ഞ് നാലുമണിക്കൂറിനുശേഷം ഇവർക്ക് തിരിച്ചെത്താം. തേവര കുണ്ടന്നൂർ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. ദേശീയപാതയിൽ ഗതാഗതനിരോധനമുണ്ടാകില്ല. ഒഴിപ്പിക്കൽ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ശനിയാഴ്ച വൈകിട്ട് കലക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എടുക്കും.
സമയക്രമം മാറ്റണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ സമര സമിതി അതൃപ്തി പ്രകടിപ്പിച്ചു. ജനവാസം കൂടിയ മേഖലയിൽ സ്ഥിതിചെയ്യുന്ന ആൽഫാ സെറീൻ ഫ്ലാറ്റ് അവസാനംമാത്രമേ പൊളിക്കാവൂ എന്ന് മന്ത്രി എ സി മൊയ്തീനെ നേരിൽ കണ്ട് പരിസരവാസികൾ ആവശ്യം ഉന്നയിച്ചിരുന്നു.
അവസാന തീരുമാന പ്രകാരം 11ന് പകൽ 11ന് ഹോളിഫെയ്ത്ത് എച്ച്2ഒയിലും 11.30ന് ആൽഫാ സെറീനിലും നിയന്ത്രിത സ്ഫോടനം നടത്തും. 12ന് പകൽ 11.30ന് ജയ്ൻ കോറൽ കോവിലും 2.30ന് ഗോൾഡൻ കായലോരത്തിലും സ്ഫോടനം നടക്കും.
from Kerala || Deshabhimani Online News https://ift.tt/2SQjxWL
via IFTTT
No comments:
Post a Comment