തിരുവനന്തപുരം> പൗരത്വ ബില്ലിനെതിരെ ഭരണഘടനാ മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യന് ജനത നടത്തുന്ന പ്രക്ഷോഭത്തെ ചോരയില് മുക്കിക്കൊല്ലാനുള്ള എന്ഡിഎ സര്ക്കാരിന്റെ നീക്കത്തില് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനക്കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്ന്ന സംസ്ഥാനക്കമ്മിറ്റി യോഗത്തില് പ്രസിഡണ്ട് ഷാജി എന്.കരുണ് അധ്യക്ഷത വഹിച്ചു.
ഇന്റര്നെറ്റ് നിരോധിച്ചും പത്രപ്രവര്ത്തകരെ തടങ്ങലില് വെച്ചും ജനങ്ങളെ വെടിവെച്ചുകൊന്നും ഈ ജനകീയപ്രക്ഷോഭത്തെ അവസാനിപ്പിക്കാമെന്ന് നരേന്ദ്രമോഡി കരുതരുത്. ഇന്ത്യയെ ഒരു രാഷ്ട്രമായി നിലനിറുത്തുന്നതിന് ആധാരമായിരിക്കുന്നത് ഭരണഘടനാ മൂല്യങ്ങളാണ്. ആ മൂല്യങ്ങളെ സൃഷ്ടിച്ച ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ആവേശമാണ് ഇന്ത്യന് തെരുവുകളില് ഇന്ന് അലയടിക്കുന്നത്.
എതെങ്കിലും ഒരു മതവിഭാഗമോ പ്രത്യേക രാഷ്ട്രീയപാര്ടിയോ പ്രത്യയശാസ്ത്രമോ അല്ല ഈ പ്രക്ഷോഭം നടത്തുന്നത്. രാജ്യത്തിന്റെ മതേതര ജനകീയതയാണ്. യാതൊരുവിധ അടിച്ചമര്ത്തലിനും ഈ പ്രക്ഷോഭത്തെ കീഴ്പ്പെടുത്താനാവില്ല.ഈ ഘട്ടത്തില് നിശ്ശബ്ദത പാലിച്ചു വിശ്രമിക്കുന്ന സാഹിത്യ കലാപ്രതിഭകളുണ്ടെങ്കില് അവര് നാളെ ചരിത്രത്താല് കുറ്റവിചാരണ ചെയ്യപ്പെടുമെന്ന് പ്രമേയം വ്യക്തമാക്കുന്നു.
കേരളത്തിലെ മുഴുവന് എഴുത്തു/കലാപ്രതിഭകളയും മറ്റ് സാംസ്കാരിക പ്രവര്ത്തകരേയും അണിനിരത്തി ജനങ്ങളുടെ ഈ പ്രക്ഷോഭത്തില് സജീവമായ പങ്കുവഹിക്കാന് സംഘം തീരുമാനിച്ചു.2019 ജനുവരി 14, 15, 16 തീയതികളില് പൊന്നാനിയില് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന് യോഗം തീരുമാനിച്ചു. സമ്മേളനം അടൂര് ഗോപാലകൃഷ്ണന് ഉല്ഘാടനം ചെയ്യും.
സഫ്ദര് ഹഷ്മി രക്തസാക്ഷിദിനമായ ജനുവരി 1 ന് യൂണിറ്റുകള് പതാകദിനം ആചരിക്കും. ജനുവരി 9 മുതല് പൊന്നാനിയില് തുടര്ച്ചയായി സെമിനാറുകള്, പുസ്തകപ്രദര്ശനം, കലാവതരണങ്ങള് എന്നിവ നടക്കും.ജനറല് സെക്രട്ടറി അശോകന് ചരുവില് പ്രവര്ത്തന റിച്ചാര്ട്ട് അവതരിപ്പിച്ചു. സംസ്ഥാന സമ്മേളനത്തില് അവതരിപ്പിക്കാനുള്ള നയരേഖ കമ്മിറ്റി ചര്ച്ച ചെയ്തു.
from Kerala || Deshabhimani Online News https://ift.tt/2tF1xUB
via IFTTT
No comments:
Post a Comment