തളരരുത്‌ വീണ്ടെടുക്കാം: സങ്കടക്കടലിൽ ആശ്വാസത്തുരുത്തായി മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 13, 2019

തളരരുത്‌ വീണ്ടെടുക്കാം: സങ്കടക്കടലിൽ ആശ്വാസത്തുരുത്തായി മുഖ്യമന്ത്രി

കവളപ്പാറ/ മേപ്പാടി> ഉരുൾപൊട്ടൽ ദുരന്തം വിതച്ച കവളപ്പാറയിലും മേപ്പാടി പുത്തുമലയിലും സാന്ത്വനവും ആത്മവിശ്വാസവും പകർന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരും കിടപ്പാടവും ഒലിച്ചുപോയവരുടെ സങ്കടക്കടലിൽ ആശ്വാസത്തുരുത്തായി മുഖ്യമന്ത്രി നിന്നു. സങ്കടങ്ങൾ കേട്ട്‌ ഒരുനിമിഷം നിശ്ശബ്‌ദനായി. പിന്നെ കൈപിടിച്ച്‌ ആശ്വസിപ്പിച്ചു. ‘തളരരുത്‌ എല്ലാവരും ഒപ്പമുണ്ട്. നമുക്ക്‌  അതിജീവിക്കാം’.

കോഴിക്കോട്‌ നിന്നും ഹെലിക്കോപ്‌റ്ററിൽ  ചൊവ്വാഴ്‌ച പകൽ പത്തരയോടെയാണ്‌ മുഖ്യമന്ത്രി ബത്തേരി സെന്റ്‌ മേരീസ്‌ കോളേജിലിറങ്ങിയത്‌. പുത്തുമലയിൽ ഉരുൾപൊട്ടി എല്ലാം നഷ്ടമായവരെ കാണാൻ  മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ ആദ്യമെത്തി.  ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളുടെ അടുക്കലെത്തി അവരെ കേട്ടു. വാക്കുകൾ നെഞ്ചിൽ കുടുങ്ങിപ്പോയവരുടെ സങ്കടങ്ങൾ സി കെ ശശീന്ദ്രൻ എംഎൽഎ വിവരിച്ചു. ഓരോരുത്തരെയും  മുഖ്യമന്ത്രി സാന്ത്വനിപ്പിച്ചു. തിരിച്ചുപോകാനായി കാറിൽ കയറിയപ്പോൾ സംസാരിക്കാൻ അവസരം കിട്ടാത്തവരുണ്ടെന്നറിഞ്ഞ്‌ അവരെ കാറിനരികിലേക്ക്‌ വിളിപ്പിച്ചു. പരിഹാരങ്ങൾക്ക്‌ സർക്കാർ മുന്നിലുണ്ടാകുമെന്ന്‌  ഉറപ്പുനൽകി.  കൽപറ്റയിൽ അവലോകന യോഗത്തിലും പങ്കെടുത്തു.

നിലമ്പൂർ കവളപ്പാറ ദുരന്തഭൂമിയിലെ നാട്ടുകാർ കഴിയുന്ന സെന്റ്‌ മേരീസ്‌ പള്ളിയിലെ പാരീഷ്‌ ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ പകൽ രണ്ടോടെയാണ് മുഖ്യമന്ത്രി എത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച അദ്ദേഹം ഒത്തൊരുമയോടെ ദുരിതം മറികടക്കണമെന്ന് ആഹ്വാനം ചെയ്തു. കൈകൂപ്പി ദുരിതബാധിതരുടെ പരാതികൾ കേട്ടു.  മരുമകളെയും പേരക്കുട്ടിയെയും നഷ്ടമായ കവളപ്പാറ  മുഹമ്മദിന്റെ വികാരാധീനമായ വാക്കുകൾ കേട്ടുനിന്നവരുടെ മനസ്സുലയ്‌ക്കുന്നതായി. തോളിൽ തട്ടി സർക്കാർ കൂടെയുണ്ടെന്ന്‌ മുഖ്യമന്ത്രി ആത്മബലം പകർന്നു.   അര മണിക്കൂറോളം ക്യാമ്പിൽ ചെലവിട്ടു.  ദുരന്തമുണ്ടായ കവളപ്പാറ, പാതാർ, മുണ്ടേരി അടക്കം വിവിധ പ്രദേശങ്ങൾ  ഹെലികോപ്റ്ററിൽ കണ്ട് വിലയിരുത്തിയ ശേഷമാണ് ക്യാമ്പിലെത്തിയത്. പോത്തുകൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലും പങ്കെടുത്തു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ, എംഎൽഎമാർ, കലക്ടർമാർ, തദ്ദേശ ജനപ്രതിനിധികൾ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/2Tsw3tU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages