തിരുവനന്തപുരം> പ്രളയാനന്തര കേരള പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണവകുപ്പ് നടപ്പാക്കുന്ന കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടം ഫ്ലാറ്റ് നിർമാണം ഉടൻ ആരംഭിക്കും. ഇതിനായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കലക്ടർമാരുമായി വീഡിയോ കോൺഫറൻസ് നടത്തി. ഫ്ലാറ്റ് നിർമാണത്തിന്റെ മേൽനോട്ടത്തിന‌് ജില്ലാടിസ്ഥാനത്തിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ ആഗസ‌്തിൽ നിർമാണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നടത്തും. ജൂലൈ 31നകം ഫ്ലാറ്റ് നിർമാണത്തിനനുയോജ്യമായ ഭൂമിയുടെ ലിസ്റ്റ് ജില്ലകളിൽനിന്ന് ലഭ്യമാക്കണം. പ്രധാനപ്പെട്ട സ്ഥലങ്ങളിൽത്തന്നെ ഭൂമി കണ്ടെത്തണം.
ഫ്ലാറ്റ് നിർമാണത്തിൽ പരിചയമുള്ള വൻകിട നിർമാതാക്കളുടെ ഉപദേശവും സാങ്കേതികസഹായവും നിർമാണോപകരണങ്ങളുടെ സേവനവും സ്വീകരിക്കും. എൻജിനിയറിങ് കോളേജുകളുടെ സഹായവും പ്രയോജനപ്പെടുത്തും.
കെയർഹോം പദ്ധതിയിൽ രണ്ടാംഘട്ടം 2000 ഫ്‌ളാറ്റ‌് നിർമിക്കും. ലൈഫ് മിഷനുമായി സഹകരിച്ചാണ് പദ്ധതി. ആദ്യഘട്ടം 2040 വീടാണ‌് നിർമിക്കാൻ ലക്ഷ്യമിട്ടത്. ഇതിൽ 1500ലധികം വീട‌് നിർമിച്ചുകുടുംബങ്ങൾക്ക‌് കൈമാറി. ആഗസ്ത‌് 15നുമുമ്പ് മുഴുവൻ വീടും കൈമാറും. ഫ്ലാറ്റ് നിർമാണം ആരംഭിക്കുന്നതിനു മുന്നോടിയായി കലക്ടർമാർ സഹകാരികളുടെ യോഗം വിളിക്കും.
സംസ്ഥാന ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്ലാറ്റ് ലഭിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കും. നിലവിൽ ജില്ലകളിൽ ലഭ്യമായ സ്ഥലങ്ങളുടെ വിശദാംശം മന്ത്രി ചർച്ച ചെയ്തു. സഹകരണ സെക്രട്ടറി മിനി ആന്റണി, ലൈഫ് മിഷൻ സിഇഒ യു വി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2G7GrSi
via IFTTT
No comments:
Post a Comment