കോഴിക്കോട‌്> വിമാനത്തിൽ പറക്കുമ്പോൾ അമ്മയുടെ ഓർമകളായിരുന്നു റിതുലിന‌്. അമ്മ ആകാശത്താണെന്നായിരുന്നു മക്കളെ സജീഷും വീട്ടുകാരും പറഞ്ഞ‌് പഠിപ്പിച്ചത‌്. നിപാ വൈറസ‌് ബാധിച്ച‌് സിസ‌്റ്റർ ലിനി മരിച്ചെങ്കിലും മക്കളുടെ മനസ്സിൽ അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട‌്. കഴിഞ്ഞമാസം 27നാണ‌് ലിനിയുടെ മകൻ റിതുൽ (കുഞ്ഞു) ഗൾഫിൽ കാലുകുത്തിയത‌്. ഭർത്താവ‌് സജീഷ‌്. കുഞ്ഞൂനെ ഗൾഫിൽ കൊണ്ടുപോകണമെന്ന‌് മരിക്കുന്നതിന‌് തൊട്ടുമുമ്പ‌് ലിനി എഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നു.
ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു മരണം വിളിക്കുന്നതിന‌് തൊട്ടുമുമ്പ‌് ലിനിയെഴുതിയ വാക്കുകൾ.
‘സജീഷേട്ടാ... ഞാൻ മരണത്തിലേക്കുള്ള വഴിയിലാണ‌്. നിങ്ങളെ കാണാൻ പറ്റുമോ എന്നു തോന്നുന്നില്ല. സോറി; മക്കളെ നന്നായി നോക്കണം. പാവം കുഞ്ഞു അവനെ ഒന്ന‌് ഗൾഫിൽ കൊണ്ടുപോകണം. ഒരുപാട‌് ഇഷ്ടത്തോടെ’...
മെഡിക്കൽ കോളേജ‌് ആശുപത്രിയിലെ രോഗശയ്യയിൽ കിടന്ന‌് ലിനി എഴുതിയ വാക്കുകളാണിത‌്.
നിപാ രോഗിയെ പരിചരിച്ചതുകാരണം വൈറസ‌് ബാധയേറ്റ‌് 2018 മെയ‌് 21ന‌് ആയിരുന്നു സിസ‌്റ്റർ ലിനിയുടെ ജീവത്യാഗം. ഒരുവർഷത്തിനുശേഷം റിതുലിനെ ഖത്തറിലേക്ക‌് കൊണ്ടുപോയാണ‌് ലിനിയുടെ ആഗ്രഹം സജീഷ‌് യാഥാർഥ്യമാക്കിയത‌്.
ഖത്തറിലെ മലയാളി നേഴ‌്സസ‌് അസോസിയേഷനായിരുന്നു ഇവർക്കുള്ള യാത്ര ഒരുക്കിയത‌്. ആഷിഖ‌് അബു സംവിധാനംചെയ‌്ത ‘വൈറസ‌്’ സിനിമയുടെ ലോഞ്ചിങ്ങിലും ഖത്തറിൽ അച്ഛനും മകനും പങ്കെടുത്തു.
രണ്ട‌് ദിവസം ഖത്തറിൽ ചെലവഴിച്ചാണ‌് റിതുൽ മടങ്ങിയത‌്. നേഴ‌്സുമാർ അവന‌് കളിപ്പാട്ടങ്ങളും മിഠായികളും സമ്മാനിച്ചു. അനുജൻ സിദ്ധാർഥിന‌് അവൻ കളിപ്പാട്ടങ്ങൾ കരുതിവച്ചു. ചെമ്പനോട റെയ‌്മണ്ട‌് സ‌്കൂൾ തുറക്കുമ്പോൾ ഒന്നാം ക്ലാസ‌് വിദ്യാർഥിയായി റിതുൽ എത്തും. പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിൽ ജോലിചെയ്യുന്നതിനിടെയാണ‌് നിപാ ബാധിച്ച‌് കഴിഞ്ഞവർഷം മെയ‌് 21ന‌് ലിനി മരിക്കുന്നത‌്. ബഹ‌്റൈനിൽ കമ്പനിയിൽ അക്കൗണ്ടന്റായി ജോലിചെയ‌്തിരുന്ന സജീഷ‌് രോഗവിവരമറിഞ്ഞ‌് നാട്ടിലെത്തിയെങ്കിലും ലിനിയെ കാണാൻ കഴിഞ്ഞില്ല. അതീവ സുരക്ഷയിൽ മൃതദേഹം സംസ‌്കരിക്കുകയായിരുന്നു.
ലിനിയുടെ രണ്ട‌് മക്കൾക്ക‌് 10 ലക്ഷം രൂപ വീതവും അമ്മ രാധക്ക‌് അഞ്ച‌് ലക്ഷവും സർക്കാർ നൽകി. സജീഷിന‌് കൂത്താളി പിഎച്ച‌്സിയിൽ ജോലിയും നൽകി.
പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിന‌് ലിനിയുടെ പേര‌് നൽകും. ചെമ്പനോടയിലെ കുറത്തിത്തറയിലെ അങ്കണവാടിയും ലിനിയുടെ പേരിൽ അറിയപ്പെടും.
from Kerala || Deshabhimani Online News http://bit.ly/2VLTToG
via IFTTT
No comments:
Post a Comment