തിരുവനന്തപുരം> സ‌്ത്രീകളുടെ അവകാശ സംരക്ഷണ പ്രശ‌്നത്തിൽ എൽഡിഎഫ‌് സർക്കാരിന‌് വ്യക്തമായ നിലപാടുണ്ടെന്നും അതിൽനിന്ന‌് പിറകോട്ടുപോകുന്ന പ്രശ‌്നമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുരുഷ സമാനമായ അവകാശം സ‌്ത്രീക്കുമുണ്ട‌്. ഈ അവകാശം ഹനിക്കാൻ ആരേയും അനുവദിക്കില്ല. നാടിന്റെ പൊതുവായ അന്തരീക്ഷം ഹനിക്കാനും നവോത്ഥാന പാരമ്പര്യം അട്ടിമറിക്കാനും ഇളകിയാടിവരുന്ന വർഗീയ ശക്തികളെ ശക്തമായി പ്രതിരോധിക്കാൻ മുന്നിൽനിൽക്കുന്നത‌് ധാർഷ‌്ട്യമാണെങ്കിൽ അതിനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സർക്കാർ വിശാസികൾക്കെതിരാണെന്ന‌് വരുത്തിതീർക്കാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചു. ഇതിനായി പലതരത്തിൽ വഴിവിട്ട പ്രചാരണ രീതി സ്വീകരിച്ചു. എക്കാലവും തങ്ങൾക്കൊപ്പം നിൽക്കുന്ന ജനവിഭാഗം തെറ്റിദ്ധരണയുടെ ഭാഗമായി തെരഞ്ഞെടുപ്പിൽ എതിർനിലപാട‌് എടുത്തിട്ടുണ്ടോയെന്ന‌് താഴെ തട്ടിലടക്കം പരിശോധിച്ച‌് ആവശ്യമായ നടപടി സ്വീകരിക്കും. കേരളം തീവ്രവാദ ഭീഷണി നേരിടുന്ന സമയത്ത‌് ജമാ അത്തെ ഇസ്ലാമി, എസ‌്ഡിപിഐ എന്നിവയെ കൂടെകൂട്ടിയ യുഡിഎഫ‌് നിലപാട‌് ശരിയായോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല സ‌്ത്രീ പ്രവേശനത്തിൽ സർക്കാർ ധൃതി കാണിച്ചുവെന്ന‌് ചിലർ പറയുന്നു. എന്നാൽ സർക്കാർ ഒരു തിടുക്കവും കാട്ടിയിട്ടില്ല. സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ആര‌് മുഖ്യമന്ത്രിയായാലും നടപ്പാക്കാൻ ബാധ്യസ്ഥനാണ‌്. ഈ വിഷയം തങ്ങൾ കൈകാര്യം ചെയ്തത‌് പാളിപ്പോയെന്നും ചിലർ പറയുന്നു. എവിടെയാണ‌് പാളിയത‌്? സുപ്രിംകോടതി വിധിയുടെ പശ്ചാതലത്തിൽ ശബരിമലയിൽ സ‌്ത്രീകളെ എത്തിക്കാൻ സർക്കാർ എന്തെങ്കിലും നടപടി എടുത്തോ? വിധിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ ശബരിമല ദർശനത്തിന‌് വരുന്ന സ‌്ത്രീകളെ സംസ്ഥാന സർക്കാരിന‌് തടയാനാകുമോ? അങ്ങനെ തടഞ്ഞാൽ കോടതി വിധി നിരാകരിക്കലും കോടതിയലക്ഷ്യവുമാകും.
വിധിയുടെ അടിസ്ഥാനത്തിൽ ദർശനത്തിനെത്തിയ ചില സ‌്ത്രീകളെ ആക്രമിക്കാൻ സംഘപരിവാർ നേതൃത്വത്തിൽ ക്രിമിനൽ സംഘം തയ്യാറായപ്പോൾ സർക്കാർ സംരക്ഷണം നൽകി. കോടതി വിധിയുടെ സ‌്പിരിറ്റ‌് നടപ്പാക്കലാണത‌്. സർക്കാരിന്റെ ബാധ്യതയാണത‌്. സുപ്രിംകോടതിയിൽനിന്നും മറിച്ചൊരു വിധിയുണ്ടായാൽ സർക്കാർ അതിനൊപ്പം നിൽക്കും. എന്നാൽ സ‌്ത്രീകളുടെ അവകാശ സംരക്ഷണ കാര്യത്തിൽ സർക്കാർ അവർക്കൊപ്പം നിൽക്കുകയും ചെയ്യും. ഇതിനായി നവോത്ഥാന സന്ദേശ പ്രവർത്തനങ്ങൾ തുടരുകയും നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും.
സർക്കാർ വിശ്വാസത്തിനെതിരാണെന്ന‌് പറഞ്ഞ‌് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ തെരഞ്ഞെടുപ്പിൽ ശ്രമം നടന്നു. ഇതിനായി ചില സന്യാസ വേഷധാരികൾ വരെ രംഗത്തിറങ്ങി. സ്വാമി ചിതാനന്ദപുരി രണ്ടിടത്തൊഴികെ ബാക്കി സീറ്റുകളിൽ കോൺഗ്രസിന‌് വോട്ടുചെയ്യാൻ പറഞ്ഞത‌് ഇതിന‌് തെളിവാണ‌്. എന്നാൽ സർക്കാർ വിശ്വാസത്തിനോ വിശ്വാസികൾക്കോ എതിരല്ല. ഏതൊരാൾക്കും അവരുടെ വിശ്വാസമനുസരിച്ച‌് ജീവിക്കാം. അവർക്കു സംരക്ഷണം നൽകൽ സർക്കാരിന്റെ നയമാണ‌്.
മോഡി വീണ്ടും അധികാരത്തിലെത്തുമെന്ന‌് പറഞ്ഞ‌് ന്യൂനപക്ഷങ്ങൾക്കിടയിൽ യുഡിഎഫ‌് പ്രത്യേക വികാരം ഇളക്കിവിട്ടു. ഇതുവഴി ഞങ്ങൾക്കൊപ്പം നിന്ന ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. മോഡിയെ തടയാൻ കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കാൻ ന്യൂനപക്ഷങ്ങൾ യുഡിഎഫിന‌് വോട്ടു ചെയ‌്തു. എന്നാൽ തങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന‌് ആ പാവങ്ങൾ തിരിച്ചറിഞ്ഞു. അത‌് എത്ര വലിയ തിരിച്ചറിവാണെന്ന‌് യുഡിഎഫിന‌് താമസിയാതെ ബോധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2McBcGh
via IFTTT
No comments:
Post a Comment