ഹാ, മനം നിറഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ഹാ, മനം നിറഞ്ഞു


തൃശൂർ
ജനാഭിലാഷത്തിന്റെ സാക്ഷാൽക്കാരമായി പൂരം പൊട്ടിവിടർന്നു.  ഇത് സാംസ്കാരിക ഭൂമികയുടെ പകരം വയ്ക്കാൽനാവാത്ത വർണ–നാദ മേളനം. ഇന്നോളം ആർക്കും അനുഭവിച്ചു മതിയാകാത്ത ദൃശ്യപ്പെരുമയുടെ വിശ്വവിസ്മയം. കത്തിജ്വലിച്ച  മേടസൂര്യനെ ആവേശപ്പെരുമയിൽ നിഷ്പ്രഭമാക്കിയ ജനവികാരം. വാദ്യമേളങ്ങളും വർണവിസ്മടയങ്ങളും കരിയും കരിമരുന്നും ആളും ആരവവും  അനുപമസംഗമമൊരുക്കിയ തൃശൂർ പൂരത്തിന്റെ  222–ാം  പതിപ്പ് പൂരപ്രേമികൾ ഹൃദയത്തിലേറ്റി.

പ്രഭാതത്തിൽ ഘടകപൂരങ്ങൾ കൊട്ടിത്തിമിർത്ത പൂരനഗരി മധ്യാഹ്നത്തിൽ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വാദ്യ, മേളക്കൊഴുപ്പിൽ വളർന്നു. പഞ്ചവാദ്യത്തിന്റെ പഞ്ചാമൃതധാരയും പാണ്ടിയുടെ രൗദ്രഭാവങ്ങളും പിന്നിട്ട് വർണഛത്രങ്ങൾ വാനിൽ വർണമഴ പെയ്ത പ്രശോഭിത സന്ധ്യ ജനസാഗരത്തിന്റെ മനസ്ര കീഴടക്കി. 30 മണിക്കൂർ നീളുന്ന വിശ്വോത്തര ജനോത്സവത്തിന്റെ ആദ്യപകലിൽ തന്നെ പൂരവസുന്ധര സമൃദ്ധമായി പൂക്കൾ വിടർത്തി. രാത്രിയിൽ തീവെട്ടിക്കു മുന്നിൽ പൂരങ്ങളുടെ തനിയാവർത്തനത്തിനും ഇരുവിഭാഗത്തിന്റെയും പഞ്ചവാദ്യത്തിനും ആൾത്തിരക്കൊഴിയാത്ത പൂരനഗരി ഉറങ്ങിയില്ല.  ചൊവ്വാഴ്ച പുലർച്ചെ തേക്കിൻകാട്ടിനെ ചുട്ടെരിക്കുന്ന ആകാശപ്പൂരത്തിന്റെ അൽഭുതക്കാഴ്ചകൾക്കായി അവർ കാത്തിരുന്നു. 

 

തിങ്കളാഴ്ച രാവിലെ പൂരത്തട്ടകത്തെ ആയിരങ്ങളാൽ നിറച്ചത്  ഘടകദേശ ഏഴുന്നള്ളിപ്പുകൾ.  ഉച്ചക്കു മുമ്പേ  "ദേശ ദൈവങ്ങൾ' മേളക്കൊഴുപ്പോടെ  വടക്കുന്നാഥനെ വണങ്ങി  മടങ്ങി. രാവിലെ തിരുവമ്പാടിയിൽ നിന്ന് നടുവിൽ മഠത്തിലേക്കുള്ള പുറപ്പാടിന് ശങ്കരൻകുളങ്ങര മണികണ്ഠൻ കോലമേന്തി. പ്രശസ്തമായ തിരുവമ്പാടിയുടെ മഠത്തിൽ വരവും   പഞ്ചവാദ്യവും നടുവിൽ മഠത്തിലെ പന്തലിൽ രാവിലെ 11.30ന് സമാരംഭമായി.  തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ  തിടമ്പേറ്റി. വാദ്യ പ്രമാണി കോങ്ങാട് മധു തിമിലയിൽ ശ്രുതിയിട്ടതോടെ  ജനാരവം. പതികാലത്തിലെ സൗന്ദര്യകലാശങ്ങൾ കെട്ടഴിച്ചപ്പോൾ ആയിരങ്ങൾ  കൈത്താളമെറിഞ്ഞു.

തിമിലയുടെയും   മദ്ദളത്തിന്റെയും താളവട്ടങ്ങളും കൂട്ടിക്കെട്ടുമായി  രണ്ടാംകാലം പന്തലിൽ  പൂർത്തിയാക്കുമ്പോൾ ജനം മതിമറന്നാടി.  തുടർന്ന് രണ്ടാം ഇടക്കാലത്തിൽ മുന്നേറ്റം. സ്വരാജ് റൗണ്ടിൽ  മൂന്നാംകാലത്തിലേക്ക് വാദ്യം മുറുകിയപ്പോൾ  ഏഴാനകളായി. നടുവിലാലിൽ ഒരു ഇടക്കാലവും ദേവസ്വം ഓഫീസിനുമുന്നിൽ മുറുകിയ ഇടക്കാലവും തീർത്ത് തൃപുടയുടെ സൗന്ദര്യാവിഷ്കാരം.   നായ്ക്കനാൽ പന്തലിൽ തനിയാവർത്തനത്തിന്റെ വിസ്മയങ്ങളുമായി വാദ്യം തീരുകലാശിച്ചപ്പോൾ തന്റെ മൂന്നാം പ്രമാണവും സാർഥകമായതിന്റെ ആഹ്ലാദപ്പെരുമയിൽ കോങ്ങാടിന് ആനന്ദാശ്രു.

നായ്ക്കനാൽ പന്തലിൽ ആനകൾ പതിനഞ്ചായതോടെ  പഞ്ചവാദ്യം പാണ്ടിമേളത്തിന് വഴിമാറി.  മേള പ്രമാണി  കിഴക്കൂട്ട് അനിയൻ മാരാർ പാണ്ടിയുടെ വിസ്മയങ്ങൾ പുറത്തെടുത്ത് മുന്നേറി. ശ്രീമൂലസ്ഥാനത്ത് മേളപ്പെരുമഴ തീർത്ത്  കലാശം കൊട്ടിത്തിമിർത്തപ്പോൾ മാരാരുടെ  ഒമ്പതാമത് പ്രമാണം അത്യുജ്വലമായെന്ന് ആരാധകർ.
ഉച്ചയ്ക്ക്  പാറമേക്കാവിന്റെ എഴുന്നള്ളിപ്പിൽ  15 കൊമ്പന്മാരുടെ നായകസ്ഥാനത്ത്  ഗുരുവായൂർ നന്ദൻ.   ജനപ്രിയ മേളത്തിന്റെ തമ്പുരാൻ പെരുവനം കുട്ടൻമാരാരുടെ പറക്കുന്ന ചെണ്ടക്കോലിന്റെ മാസ്മരികത ആസ്വദിക്കാൻ പതിനായിരങ്ങൾ. ചെമ്പടയിൽ തുടക്കമിട്ട കുട്ടൻ മാരാർ പാണ്ടിയുടെ സൗന്ദര്യകലാശങ്ങൾ കെട്ടഴിക്കാൻ തുടങ്ങി. എന്നാൽ പൊടുന്നനെയുണ്ടായ ദേഹാസ്വാസ്ഥ്യം കുട്ടൻമാരാരെ തളർത്തി.  മന്ത്രി വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉടനെ ആശുപത്രിയിലെത്തിച്ചു. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയ മാരാർ വീണ്ടും നായകത്വം ഏറ്റെടുത്തു. തുടർന്ന് ഇലഞ്ഞിത്തറക്കൽ 250ൽ പരം കൂട്ടാളികളുമായി പെരുവനത്തിന്റെ മേളാഭ്യാസം. തുറന്നുപിടിച്ച കാലവും അടിച്ചുകലാശവും    മുട്ടിന്മേലേറ്റവും തകൃതത്തകൃതയുമായി വിശ്വോത്തര സിംഫണിയുടെ കൊടുമുടിയേറ്റം. ആയിരങ്ങളുടെ ഉയർന്ന കരങ്ങൾ പെരുവനം ഇലഞ്ഞിത്തറയിൽ 21–ാമത്ത പ്രാമാണികത്വത്തിന്റെ  റെക്കോഡ് സ്ഥാപിച്ചതിനുള്ള അഭിനന്ദന പ്രവാഹമായി.

ജനസാഗരത്തിലൂടെ  ആനകളുടെ ആറാട്ടായി തെക്കോട്ടിറക്കം. കൂടിക്കാഴ്ചയും കുടമാറ്റവും ആസ്വദിക്കാനെത്തിയ ജനപ്പെരുപ്പത്തിൽ തെക്കേനട വീർപ്പുമുട്ടി. "ഡിവൈൻ ഡർബാറിലെ'  വർണക്കുടകളുടെ മത്സരത്തിൽ മാറിമറിഞ്ഞത് 55 സെറ്റ് കുടകൾ.    രാത്രി പാറമേക്കാവ്  പഞ്ചവാദ്യത്തിന് മൂന്നാം തവണയും പരക്കാട് തങ്കപ്പൻ പ്രാമാണികനായി.  ചൊവ്വാഴ്ച ഉച്ചയ്ക്ക്  വെടിക്കെട്ടോടെ പൂരം‐2019 ഉപചാരം ചൊല്ലും.



from Kerala || Deshabhimani ​Online ​News http://bit.ly/2Jl2FDM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages